Thursday, January 14, 2010


മാധ്യമങ്ങള്‍ നാടുവാണീടും കാലം..!
മനുഷ്യരെല്ലാരും.....!!


ആധുനികയുഗം മാധ്യമങ്ങളുടെ പടയോട്ടത്തിന്റെ കാലഘട്ടമാണ്‌. പൗരാണിക രാജാക്കന്‍മാര്‍ക്കും യുദ്ധ പ്രഭുക്കള്‍ക്കും മാത്രം സാധിച്ചിരുന്ന കൃത്യങ്ങളാണ്‌ ഇന്ന്‌ മാധ്യമ ചക്രവര്‍ത്തിമാര്‍ തങ്ങളുടെ മഷികൊണ്ട്‌ നേടുന്നത്‌. അല്ലെങ്കിലും ഇവരെ സമ്മതിക്കണം. പണ്ട്‌ കൊല്ലിനും കൊലക്കും അധികാരമുണ്ടായിരുന്ന വര്‍ക്ക്‌ സാധിക്കാത്ത കാര്യം പോലും മാധ്യമങ്ങള്‍ പുഷ്‌പം പോലെ സാധിച്ചെടുക്കുന്നില്ലെ? നാടിന്റെ വികസനത്തിന്‌ മുതല്‍ക്കൂട്ടാവുന്ന, ഐന്‍സ്റ്റീന്‍ തിയറിയേക്കാള്‍ മഹത്തരമായ ലൗ ജിഹാദെന്ന വേദവാക്യം നാടിന്‌ സംഭാവന ചെയ്‌തില്ലെ? അഞ്ച്‌ കാശിന്‌ വകയില്ലാതെ അലഞ്ഞ്‌ തിരിയുന്ന എത്രയെത്ര ആളുകളെ കൊടും തീവ്രവാദിയും ഭീകരവാദിയുമാക്കി സമാധാനത്തിന്റെ കാവല്‍പടക്ക്‌ ഏറ്റമുട്ടലില്‍ കാഞ്ചി വലിക്കാന്‍ ഒരുക്കി നില്‍ത്തി കൊടുത്തു? ഇതില്‍പരം എന്തുമഹത്തരമായ സേവനമാണ്‌ മാധ്യമങ്ങള്‍ ചെയ്യേണ്ടത്‌.
നാടിന്റെ വികസന വിപ്ലവം നടത്തേണ്ടത്‌ രാഷ്‌ട്രീയക്കാരല്ലെ? സമൂഹത്തിന്‌ ധാര്‍മ്മികത പഠിപ്പിക്കേണ്ടത്‌ മത സാംസ്‌കാരിക സംഘടനകളല്ലെ? പുതുതലമുറയെ സര്‍ഗ്ഗാത്മകമായി വളര്‍ത്തി പൗരബോധമുള്ളവരാക്കി തീര്‍ക്കേണ്ടത്‌ അധ്യാപകരല്ലെ? കൊള്ളയും കൊള്ളിവെയ്‌പും കാലുഷ്യവും കലാപവുമില്ലാതെ നാടുകാക്കേണ്ടത്‌ ഭരണവും നീതിപീഠവുമല്ലെ? ജനതയുടെ ആരോഗ്യ സംരക്ഷണത്തിന്‌ ആരോഗ്യ വകുപ്പും ഭൂമിയുടെ ആരോഗ്യത്തിന്‌ പാരിസ്ഥിതി സംഘടനയുമുണ്ടല്ലോ..!? ഇവരൊക്കെ സുവിശേഷ സേവനം നടത്തുന്നതിനിടയില്‍ ജനാധിപത്യത്തിന്റെ അഞ്ചാം തൂണിന്‌ ഇടമെവിടെ ?
അല്ലപിന്നെ നാട്ടിലെ മാധ്യമങ്ങള്‍ അജണ്ടയില്ലാത്തവരാവാനോ? അതിനല്ലല്ലേ ഭീകരവാദം കണ്ടുപിടിച്ചത്‌. വറ ചെട്ടിയിലിട്ട്‌ പൊരിക്കാന്‍ ഒരു സമുദായത്തെയും കിട്ടിയിട്ടുണ്ടല്ലോ. ന്യൂനപക്ഷമായതുകൊണ്ട്‌ ആരും ചോദിക്കാനുമുണ്ടാകില്ല. ഭീകരരും തീവ്രവാദികളുമാക്കി രസിക്കാം. കോടതി വെറുതെവിട്ടാലും വേണ്ടില്ല. നമുക്ക്‌ സര്‍ക്കുലേഷന്‍ വര്‍ധിക്കണം. പിടിച്ചുനില്‍ക്കാന്‍ അപരന്റെ രക്തം കൊണ്ടായാലും അച്ചുനിരത്തിയേ മതിയാവൂ.
ഇടക്കൊരു സംശയം ചോദിക്കട്ടെ, നാട്ടില്‍ മാധ്യമ നീതി എന്നൊന്നുണ്ടോ? ബാബരി മസ്‌ജിദിന്റെ താഴികക്കുടങ്ങള്‍ പകല്‍ വെളിച്ചത്തില്‍ അടിച്ചുപൊളിച്ച അറുപത്തിയെട്ട്‌ മാന്യന്‍മാര്‍ (കോടതി ഭാഷയില്‍ കപട മതേതര വാദികള്‍) ഉണ്ടും ഉറങ്ങിയും വാഴുന്ന നാട്ടില്‍, ഗുജറാത്തിലെ മുസ്‌ലിംകളെ പച്ചക്കു ചുട്ട സനാധന സംരക്ഷകനായ ആദര്‍ശ ധീരന്‍ നാട്‌ ഭരിക്കുമ്പോള്‍, മുസ്‌ലിമിന്‌ തലയോടെ ജീവിക്കണമെങ്കില്‍ താമരയുടെ ഇതളിന്റെ മൂര്‍ച്ച കുറയണമെന്ന്‌ ഓര്‍മ്മപ്പെടുത്തുന്ന യുവ ഗാന്ധിമാര്‍ വിലസുന്ന നാട്ടില്‍, മുസല്‍മാന്‌ ജനിച്ച നാടിന്റെ പ്രധാന മന്ത്രിയാകണമെങ്കില്‍ സ്വന്തം ആരാധന ഗേഹം തീരെഴുതിക്കൊടുക്കണമെന്ന്‌ നിബന്ധന വെക്കുന്ന സിംഹങ്ങളുള്ള രാഷ്‌ട്രത്തില്‍ പേരുനോക്കി ഭീകരതക്ക്‌ ഡിഗ്രി കണക്കാക്കുന്നതിനാണോ മാധ്യമനീതി എന്ന്‌ പറയുന്നത്‌? മാധ്യമങ്ങളുടെ അപഷര്‍പക കഥകള്‍ക്കനുസൃതമായി വിധി കല്‍പ്പിക്കുന്നതിനാവും സാമൂഹ്യ നീതി എന്ന്‌ പറയുന്നത്‌.
മനുഷിക നിലനില്‍പ്പിന്റെ പ്രശ്‌നങ്ങളായ അരിക്കും പയറിനും വിലകൂടിയാലും വാര്‍ത്തയാകാന്‍ അനുവദിക്കാതെ ഭീകര നിര്‍മ്മാണ ഫാക്‌ടറികളായി മാത്രം നിലകൊള്ളുന്ന മാധ്യമ സേവനം വീരപാരാക്രമികളായ പൗരാണിക വില്ലാളി വെല്ലുവിളിക്കും തീര്‍ച്ച.
അധിനിവേശത്തിനെത്തിതെതിരെ തൂലിക പടവാളാക്കിയ സൈനുദ്ദീന്‍ മഖ്‌ദൂമിന്റെയും പോര്‍ച്ചുഗീസുകാരന്റെ ചങ്ക്‌ കലക്കിയ കുഞ്ഞാലി മരക്കാരുടെയും വെള്ളപട്ടാളത്തിനെതിരെ അന്ത്യംവരെ പൊരുതിയ ടിപ്പുസുല്‍ത്താന്റെയും രാഷ്‌ട്ര സ്വാതന്ത്ര്യത്തിനായി വെടിയുണ്ടക്കെതിരെ വിരിമാറ്‌ കാട്ടിയ ആലി മുസ്‌ ലിയാരുടെയും വാരിയംകുന്നത്ത്‌ കുഞ്ഞഹമദാജിയുടെയും പിന്‍മുറക്കാന്‍ പിറന്ന നാട്ടില്‍ രാജ്യക്കൂറ്‌ തെളിയാക്കാന്‍ വിധിക്കപ്പെട്ടത്‌ അധിനിവേശത്തിന്റെ അപ്പോസ്‌തലന്‍മാര്‍ക്ക്‌ അടിമവേല ചെയ്‌ത അഭിനവ കങ്കാണിമാര്‍ക്ക്‌ മുമ്പിലാണെന്നാലോചിക്കുമ്പോള്‍ ലജ്ജ തോന്നും. സ്വരാജ്യ സ്‌നേഹം മതത്തിന്റെ ഭാഗമാണെന്ന്‌ വിശ്വസിക്കുന്ന മുസ്‌ലിം നായികക്ക്‌ നാല്‍പത്‌ വട്ടം നിരപരാധിത്വം തെളിയിച്ചാലും അപരാധിയെന്ന്‌ വിളിച്ചാക്ഷേപിക്കുന്നവരോട്‌ ആഗോള തലത്തില്‍ തന്നെ തല്ലുകൊള്ളാന്‍ വിധിക്കപ്പെട്ട ഒരു സമൂദായാംഗമെന്ന നിലയില്‍ തങ്ങളുടെ അസ്ഥിത്വം തെളിയിക്കാന്‍ ഇനി എന്ത്‌ കുര്‍ബാനയാണ്‌ നടത്തേണ്ടതെന്നാണ്‌ വിനീതമായ ചോദ്യം.
സ്വന്തം സമുദായക്കാര്‍ സ്‌ഫോടനങ്ങള്‍ക്ക്‌ പിടിക്കപ്പെടുമ്പോള്‍ ഭീകരതക്ക്‌ മതമില്ലാതാകുന്ന കാവിപ്പാര്‍ട്ടിക്ക്‌ വിവരം കെട്ട ഏതോ മുസ്‌ലിം നാമധാരികളുടെ അപലപനീയ കൃത്യങ്ങളെ സമുദായത്തിന്റെ പിരടിക്ക്‌ വെച്ചുകെട്ടാന്‍ വലിയ ഉത്സാഹമാണ്‌. അത്‌ അവരുടെ അജണ്ടയുടെ ഭാഗമാണു താനും. എന്നാല്‍ ഇന്ന്‌ മതേതരത്വത്തില്‍ പേരിലറിയപ്പെടുന്ന പല പാര്‍ട്ടികളും മുസ്‌ലിംകളെ തീവ്രവാദത്തിന്റെ പേരില്‍ അപഹസിക്കുന്നത്‌ അപലപനീയമാണ്‌. ഇതില്‍ മുസ്‌ലിം സമൂഹം ആശങ്കാകുലരുമാണ്‌.
വര്‍ഗ്ഗീയ ചേരിതിരിവ്‌ സൃഷ്‌ടിച്ച്‌ മുതലെടുപ്പ്‌ നടത്താന്‍ ശ്രമിക്കുന്ന കാവി മനസ്സിന്‌ കുഴലൂത്ത്‌ നടത്തി മതേതര സമൂഹത്തെ കൂടി മുസ്‌ലിം വിരുദ്ധരാക്കുന്നത്‌ മതേതര ഗാന്ധിയന്‍മാര്‍ക്ക്‌ നന്നല്ല. മതേതര മനസ്സ്‌ വര്‍ഗ്ഗീയ വല്‍ക്കരിക്കപ്പെട്ടതിന്റെ പരിണിതി നാം ഗുജറാത്തില്‍ കണ്ടതാണ്‌. ഗാന്ധിയുടെ നാട്ടിന്റെ ചെങ്കോല്‍ വര്‍ഗ്ഗീയതയുടെ കയ്യിലേല്‍പ്പിച്ചതില്‍ മതേതര പാര്‍ട്ടികള്‍ക്കും നിഷേധിക്കാനാകാത്ത പങ്കുണ്ട്‌. ചെറിയ ലാഭത്തിന്‌ വേണ്ടി വര്‍ഗ്ഗീയയെ താലോലിക്കുന്നവര്‍ മതേതര കേരളത്തില്‍ നല്ലഭാവി ആലോചിച്ചെങ്കിലും ആ ശ്രമത്തില്‍ നിന്ന്‌ പിന്‍മാറാന്‍ തയ്യാറാകണം. അപക്വമായി നേതാക്കള്‍ നടത്തുന്ന പ്രസ്ഥാവനകളും പ്രസംഗങ്ങളും കാലങ്ങളായി വര്‍ഗ്ഗീയ രാഷ്‌ട്രീയം ശ്രമിച്ചിട്ടും നടക്കാത്ത ചേരിതിരിവാണ്‌ നേടിക്കൊടുക്കുന്നത്‌.
അധിനിവേശം അവസരംകാത്ത്‌ വായ്‌ പിളര്‍ന്നിരിക്കുമ്പോള്‍ ഭരണധാപന്‍മാര്‍ ജനഹിതം മറന്ന്‌ സുഖലോലുപതയില്‍ രമിക്കുമ്പോള്‍ പട്ടിണിയും ദാരിദ്രവും നിരക്ഷരതയും നാട്ടില്‍ കൊടികുത്തിവായുമ്പോള്‍ ലഹരിയുടെയും മാഫിയകളുടെയും വഴിയില്‍ പുതുതലമുറ വഴിമാറി സഞ്ചരിക്കുമ്പോള്‍ തിരുത്ത്‌ കുറിക്കേണ്ട മാധ്യമങ്ങള്‍ സമൂഹത്തെ ചിന്തിക്കാന്‍ പൊലും അനുവദിക്കാതെ തങ്ങളുടെ അജണ്ടകള്‍ അടിച്ചേല്‍പ്പിക്കുന്നതിന്‌ വേണ്ടി ശ്രമിക്കുമ്പോള്‍, മൂല്യബോധമില്ലാത്ത ഒരു സാമൂഹിക സൃഷ്‌ടിക്കേ ഈ ശ്രമം ഉപകരിക്കൂ. വികസനവും വിലക്കയറ്റവും അജണ്ടയാകാതെ സ്‌ഫോടനങ്ങളും അപകടങ്ങളും ആഘോഷിക്കപ്പെടുമ്പോള്‍ സാമുഹ്യ ബോധ മണ്‌ഡലത്തില്‍ അരാചകത്വമാണ്‌ സൃഷ്‌ടിക്കപ്പെടുന്നത്‌.
അന്യോഷണം നടക്കാതെ നീതിപീഠങ്ങള്‍ വിധി കല്‍പ്പിക്കാതെ തന്റെ ഭാഗം അവതരിപ്പിക്കാന്‍ പോലും സമ്മതിക്കാതെ ഒരു നിരപരാധിയെ സമൂഹമധ്യത്തില്‍ അവഹേളിക്കുന്ന തരത്തിലുള്ള ധാരാളം അനുഭവങ്ങള്‍ ഇന്ന്‌ മാധ്യമങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നു. അപമാനിക്കപ്പെടുന്നവരുടെ മാനസിക സ്ഥിതി പരിഗണിക്കാനും മധ്യമ ഇടപെടലുകള്‍ നന്മക്ക്‌ വേണ്ടിയുള്ളതാകാനും ശ്രമിക്കണം.