Thursday, December 23, 2010

ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം :  
തിരുത്തപ്പെടേണ്ട അനീതി

വെള്ളക്കോളര്‍ ഉദ്യോഗം ഒരു അംഗീകാരമായി കാണുന്നവരാണ് കേരളീയ സമൂഹം. കഴിവും പ്രാപ്തിയുമുള്ളവര്‍ മാത്രമേ ഏതാണ്ടൊക്കെ  ഈ മേഖലകളില്‍ എത്തിപ്പെടൂ എന്നതാണ് പൊതുവിശ്വാസം. എന്നാല്‍, അതിന് അപവാദങ്ങളും ഇല്ലാതില്ല. എന്നാല്‍ കൈക്കൂലി കൊടുത്തും കാലുപിടിച്ചും പിന്‍വാതിലിലൂടെ എത്തുന്നവരും കുറവല്ല. പി.എസ്.സി നടത്തിയ നിയമന തട്ടിപ്പുകളുടെ നാറ്റക്കഥകള്‍ സാംസ്‌കാരിക കേരളം മുമ്പ് ഉറക്കമിളച്ച് കണ്ടതാണ്. ഇപ്പോള്‍ പി.എസ്.സിയുടെ നൂലാമാലകള്‍ക്കൊന്നും നില്‍ക്കാതെ നേരെ ചൊവ്വേ ഉദ്യോഗതലങ്ങളില്‍ കയറിയിരിക്കാമെന്നും കൊല്ലത്തും വയനാട്ടിലും ചിലര്‍ തെളിയിച്ചുകഴിഞ്ഞു. രാഷ്ട്രീയക്കാരുമായി അവിശുദ്ധ സഖ്യം ചേര്‍ന്ന് നാടിന്റെ സമ്പത്തൂറ്റുന്ന അട്ടകളായി ഇത്തരക്കാര്‍ പരിണമിക്കുന്നു.
ഇന്ന്, അധിവേഗം കമ്പ്യൂട്ടറുകളും ശീതികരണികളും കയ്യടക്കിക്കൊണ്ടിരിക്കുന്ന സര്‍ക്കാര്‍ മന്ദിരങ്ങളില്‍ ഒച്ചിനെ തോല്‍പ്പിക്കുന്ന വേഗത്തിലാണ് ഇപ്പോഴും ഫയലുകള്‍ നീങ്ങാറുള്ളത്. മ്യൂസിയങ്ങളെ വെല്ലുന്ന രീതിയല്‍ ഫയലുകള്‍ വിശ്രമിക്കുന്നു. ഉടനടി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് പോകുമോ എന്നുപോലും സംശയിച്ചുപോകും. ഫയലിനു മുകളില്‍ ഉറക്കം തൂങ്ങുന്ന ബ്യൂറോക്രാറ്റുകള്‍ പണത്തിന്റെ തിളക്കം കാണുമ്പോള്‍ ഇളകാന്‍ തുടങ്ങും. നടപടികള്‍ പിന്നീട് ത്വരിതഗതിയില്‍ (പണത്തിന്റെ കനത്തിനനുസരിച്ച്) നടക്കും. സെക്രട്ടേറിയറ്റില്‍ ഉദ്യോഗസ്ഥര്‍ കൃത്യസമയത്ത് ജോലിയില്‍ പ്രവേശിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ പഞ്ചിംഗ് ഏര്‍പ്പെടുത്തുകയുണ്ടായി. എന്നാല്‍ പല വിരുതന്‍മാരും ഹാജര്‍ നേടിയതിന് ശേഷം പിതിവുപടി കറക്കം തുടരുകയാണത്രെ. ഫയലുകളുടെ കാര്യം തഥൈവ. നാടിന്റെ ശാപം..!
വളരെ പെട്ടെന്ന് അനുവദിക്കാവുന്ന ഒരു സര്‍ട്ടിഫിക്കറ്റിനുവരെ അധികം സര്‍ക്കാര്‍ ഓഫീസുകളിലും സാധാരണ പൗരന്റെ അന്യേഷണങ്ങള്‍ക്ക് മറുപടി ലഭിക്കാക്കുന്ന റെഡിമെയ്ഡ് മറുപടിയുണ്ട്. നാളെ വരൂ. കൂടുതല്‍ അന്യേഷിക്കുന്നവര്‍ക്ക് ഓഫീസറില്ല എന്ന അറിവുകൂടി ലഭിക്കും. നാളെയില്‍ വിശ്വസിച്ച് ആഴ്ചകളോളും കുടയും തൂക്കി സര്‍ക്കാന്‍ ഓഫീസിന്റെ പടി കയറിയിറങ്ങുന്ന പാവങ്ങളെ സംഘടത്തോടെയെ വീക്ഷിക്കാനാവൂ. പണമുള്ളവനും രാഷ്ട്രീയ സ്വാധീനമുള്ളവനും വീട്ടില്‍വന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പോലും വിശാല മനസ്സുള്ള ഉദ്യോഗസ്ഥ ലോബി വിലസുന്ന നാടാണിത്. മുമ്പ് വയനാട്ടില്‍ സര്‍വ്വീസിലിരുന്ന ഒരു വിദ്വാന്‍ സ്ഥലംമാറ്റം നേടി പിരിഞ്ഞു പോയതിനുശേഷവും വയനാട്ടിലെ ഓഫീസിന്റെ സീലും രേഖകളും ഉപയോഗിച്ച് ആശ്യപ്പെട്ടവര്‍ക്ക് മുഴുവന്‍ ഇഷ്ടം പോലെ ബാര്‍ലൈസന്‍സ് നല്‍കിയത് കയ്യോടെ പിടികൂടിയിരുന്നു. പൗരന്റെ പ്രഥമാവകാശങ്ങളെ പോലും ഇത്തരത്തില്‍ കൈക്കുലിക്കുവേണ്ടി തടയിടപ്പെടാറുണ്ട്. തിരിച്ചറിയല്‍ രേഖയായ പാസ്‌പോര്‍ട്ടു ലഭിക്കാന്‍ പോലീസ് വേരിഫിക്കേഷന്‍ ആവശ്യമാണ്. ചിലസമയങ്ങളില്‍ കൈക്കൂലി ലഭിക്കാതെ പോലീസുകാരന്‍ ആളെ വേരിഫിക്കേഷന്‍ ആകാറില്ല. 
സാധാരണക്കാരോടുള്ള പല ഉദ്യോഗസ്ഥരുടെയും പെരുമാറ്റത്തില്‍ ഒരുതരം ദാര്‍ഷ്ട്യം നിറഞ്ഞുനില്‍ക്കുന്നത് കാണാം. അവജ്ഞയോടെയാണ് അവര്‍ ജനങ്ങളെ സമീപിക്കാറ്. രാജാവിന്റെ ആജ്ഞാ മനോഭാവമാണിവര്‍ക്ക്. ആവശ്യത്തിനുവന്നവന്‍ തങ്ങള്‍ക്കുമുമ്പില്‍ അടിമയുടെ രീതില്‍ ഓച്ഛാനിച്ച് നില്‍ക്കണമെന്ന് നിര്‍ബന്ധമാണ്. ഗതികേട്.. അല്ലാതെന്ത്.. പലര്‍ക്കും കാര്യംകാണാം കഴുതക്കാലും പിടിക്കേണ്ടി വരുന്നു. റെയില്‍വെ സ്റ്റേഷനില്‍ ടിക്കറ്റെടുക്കാന്‍ ചെന്നാലും കാണാം ഇത്തരത്തിലുള്ള ഭരണങ്ങള്‍. ഒരു രൂപയോ രണ്ടുരൂപയോ ചില്ലറയില്ലാത്തതിനാല്‍ ദീര്‍ഘദൂരയാത്രക്കുപോലും ടിക്കറ്റ് കൊടുക്കാതെ ബുദ്ധിമുട്ടിക്കുന്ന ടിക്കറ്റ് കളക്ടര്‍മാരുണ്ട്. ചോദിക്കുന്ന ചോദ്യങ്ങള്‍ക്കൊന്നും ജനങ്ങള്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ ഇവര്‍ മറുപടി പറയാറില്ല. നിങ്ങള്‍ പഠിച്ചാലും പഠിച്ചില്ലെങ്കിലും ഞങ്ങള്‍ക്ക് ഒന്നാം തിയതി തോറും ശംബളം കിട്ടുമെന്ന പല്ലവി ആവര്‍ത്തിക്കുന്ന അധ്യാപകരും നാട്ടില്‍ കുറവല്ല. ജോലി ചെയ്യുന്നതിനാണ് (അവധി ദിനങ്ങളും..!?) കൂലി ലഭിക്കുന്നതെന്ന് ഇവര്‍ മനസ്സിലാക്കിയിട്ടുണ്ടോ? അല്ലാതെ പി.എസ്.സി പരീക്ഷ ജയിച്ച് ജോലി നേടുന്നതിനല്ല..! ഭൂരിപക്ഷം വരുന്ന സാധാരണ പൗരന്‍ വിയര്‍പ്പൊഴുക്കിയുണ്ടാക്കുന്ന നികുതിയാണ് ശംബളവും ബോണസും ഉത്സവ ബത്തയും, ഡി.എയും, ടി.എയുമൊക്കെയായി തങ്ങളും തീന്‍മേശയിലെത്തുന്നതെന്ന് വെട്ടിവിഴുങ്ങുന്നവര്‍ ഓര്‍ക്കേണ്ടതുണ്ട്. എന്നാല്‍ ഇതിന് അപവാദമായി, ആത്മാര്‍ത്ഥതമായി ജോലിചെയ്യുകയും തന്റേടമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ പരിശ്രമിക്കുകയും ചെയ്യുന്ന അധ്യാപകരുള്‍പ്പെടെ, തൊഴിലിനോട് കൂറും ബഹുമാനവുമുള്ള പോലീസ് ഉദ്യോഗസ്ഥര്‍, നീതിനേടിക്കൊടുക്കാന്‍ വേണ്ടി ഏതറ്റവും പോകാന്‍ തയ്യാറാകുന്ന വക്കീലുമാര്‍ തുടങ്ങി തങ്ങളുടെ ഓഫീസിലെത്തുന്ന ഏതൊരു  തുടങ്ങി നിരവധി പേരുണ്ട്. ഇപ്പോള്‍ അവരും വംശനാശ ഭീഷണിയിലാണ്.
ഈ ഓഫീസില്‍ കൈക്കൂലി ആവശ്യപ്പെടുന്നതും നല്‍കുന്നതും കര്‍ശനമായി വിലക്കിയിരിക്കുന്നു എന്ന ബോര്‍ഡ് പല സര്‍ക്കാര്‍ ഓഫീസുകളിലും കാണാം. പലപ്പോഴും ഇതൊരു പ്രഹസനം മാത്രമാണ്. കൈക്കൂലി വാങ്ങുന്നതിനിടയില്‍ പിടിയിലായ ഉദ്യോഗസ്ഥനെതിരില്‍ അന്വേഷണം നടത്താനെത്തി കൈക്കൂലി വാങ്ങുമ്പോള്‍ പിടിയിലായ പുലികളുടെ ചരിത്രവും നമ്മുടെ കേരളക്കരക്ക് പറയാനുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍ സ്വന്തം തറവാടുപോലെ പലരും കാണുന്നു. മതേതര ജനാധിപത്യമായ ഇന്ത്യയിലെ സര്‍ക്കാര്‍ ഓഫീസുകളും അത്തരത്തിലുള്ള മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കണമെന്ന് ഭരണഘടന നിഷ്‌ക്കര്‍ഷിക്കുന്നു. എന്നാല്‍, പല സര്‍ക്കാര്‍ ഓഫീസുകളിലും കടന്നു ചെല്ലുമ്പോള്‍ ഇവ ഒരു മത്തതിന്റെ കുത്തകയാണോ എന്നു തോന്നിപോകും. ഫോട്ടോകളിലും കലണ്ടറുകളുമായി ദൈവങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നതുകാണാം. ഒരു വിരുതന്‍ സര്‍ക്കാര്‍ ഓഫീസില്‍ പൂജ നടത്തി പിടിയിലായതും അടുത്ത കാലത്താണല്ലോ.  പവിത്രമായി കരുതുന്ന ദൈവത്തിന്റെ സ്ഥാനം മനസ്സിലും ആരാധനാ കേന്ദ്രങ്ങളിലുമായിരിക്കണം. അല്ലാതെ എല്ലാ മതക്കാരും ജീവിക്കുന്ന ഒരു രാജ്യത്തിന്റെ പൊതുസ്വത്തായ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കാനുള്ളതല്ല. സവര്‍ണ്ണതക്കു ഭൂരിപക്ഷമുള്ള ഉദ്യോഗമണ്ഡലങ്ങലില്‍ അവരുടെ അനുഷ്ടനങ്ങളും സ്വാഭാവികമായി പൊതുചടങ്ങാക്കി തിരുകിക്കയറ്റുകയാണ്. നിലവിളക്കുകൊളുത്തലും തേങ്ങ ഏറുമൊക്കെ തീര്‍ത്തും ഒരൊറ്റ മതത്തില്‍ ആചാരമാണ്. ഓണത്തെ പൊതു ആഘോഷമായി അവതരിപ്പാക്കാറുണ്ട്. എന്നാല്‍, ഹൈന്ദവ പുരാണ വിശ്വാസ സംബന്ധിയായ ആഘോഷമായ ഓണം കേരള ജനസംഖ്യയിലെ പകുതിയോളം വരുന്ന മത വിഭാഗങ്ങള്‍ ഓണം ആഘോഷിക്കാറില്ല. സര്‍ക്കാര്‍ പരസ്യങ്ങള്‍, വെബ്‌സൈറ്റുകള്‍, സ്‌കൂള്‍ കലാമേളകള്‍, പൊതു സ്ഥാപനങ്ങളുടെ ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങിയവയിലൊക്കെ ഒരു മതത്തിന്റെതാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള ഇത്തരം അവതരണങ്ങള്‍ (അതിക്രമങ്ങള്‍) കാണാം. മതേതരത്വം നില്‍നില്‍ക്കേണ്ട രാജ്യത്ത് ഇവയൊക്കെ തിരുത്തപ്പെടേണ്ടതാണ്. 
മതേതരത്വവും സഹിഷ്ണുതയും നിലനില്‍ക്കണമെന്ന് നൂറുശതമാനവും ആത്മാര്‍ത്ഥതയോടെ ആഗ്രഹിക്കുന്നതോടൊപ്പം, സഹിഷ്ണുത തകര്‍ക്കുന്നതിനു നിധാനമാകുന്ന  ഇത്തരം വ്യക്തി താത്പര്യങ്ങള്‍ തിരുത്തപ്പെടേണ്ടതുമുണ്ട്. മതസൗഹൃദത്തിന്റെ മഹിത പാരമ്പര്യമുള്ള നാം രാഷ്ട്ര പുരോഗതിക്കുവേണ്ടി കൈകോര്‍ത്ത്  ഒന്നിച്ചു മുന്നേറണം. ചെയ്യുന്ന ജോലിയോട് ആത്മാര്‍ത്ഥ പുലര്‍ത്താനുള്ള മനസ്സ് ഉദ്യോഗവൃന്ദത്തിനുണ്ടാകണം. അഴിമതി കാണിക്കുന്നവരെ തറവാട് നോക്കാതെ വെളിച്ചത്തുകൊണ്ടുവരാനുള്ള ശ്രമം മാധ്യമങ്ങളുടെ ഭാഗത്തുനിന്നുണ്ടാകണം. സ്വന്തം കൊടിക്കുപിന്നില്‍ അണിനിരക്കുന്നവര്‍ അഴിമതിക്കുപിടിക്കപെടുമ്പോള്‍ സംരക്ഷിക്കാന്‍ വ്യഗ്രത കാട്ടുന്ന രാഷ്ട്രീ നേതൃത്വം ഇപ്പണി നിറുത്തണം. അഭിമാനം പണയപ്പെടുത്തി ആരുടെ മുമ്പിലും ഓച്ഛാനിച്ച് നിന്ന് വാങ്ങേണ്ടതല്ല തങ്ങളുടെ അവകാശങ്ങളെന്ന ബോധം പൗരന്‍മാര്‍ക്കുണ്ടാകണം. ഒറ്റെക്കെട്ടായി എതിര്‍ത്താല്‍ തകര്‍ന്നു പോകുന്നതാണ് ചില്ലുമേടകളെന്ന് ഓര്‍ത്തുവെക്കുക.
അഴിമതി നാടുവാണീടും കാലം

പ്രണയത്തിന് കണ്ണും കാതുമില്ല എന്നൊരു ചൊല്ലുണ്ട്. അതുപോലെയാണ് അഴിമതിയുടെ കാര്യവും. നമ്മുടെ രാഷ്ട്രീയ നേതൃത്വം ഇന്ന് അഴിമതിയില്‍ കിടന്നുരുളുകയാണ്. ഭരണ പ്രതിപക്ഷ ഭേതമില്ലാതെ സര്‍വ്വരെയും അഴിമതി പിടികൂടിയിരിക്കുന്നു.  ഐ.പി.എല്‍, കോമണ്‍വെല്‍ത്ത് ഗെയിംസ്, ആദര്‍ശ് ഫ്‌ളാറ്റ്...  അഴിമതി വ്യവസായത്തിന്റെ പട്ടിക അനന്തമായി നീളുകയാണ്.  
ഐ.പി.എല്ലിന്റെ രൂപത്തിലാണെന്ന് തോന്നുന്നു ഈ വര്‍ഷത്തെ അഴിമതി പുറത്തുചാടിയത്. നാട് പനിച്ചു വിറച്ചപ്പോള്‍ അഴിമതി വീരന്‍മാര്‍ പണം കൊണ്ട് കുളിച്ചു. വെറും 630 കോടിയുടെ രൂപയുടെ ഐ.പി.എല്‍ കുംഭകോണം അറിഞ്ഞപ്പോള്‍ മൂക്കുചൊറിഞ്ഞവരെ... നിങ്ങള്‍ ലജ്ജിക്കുക. റെക്കോഡിന്റെ തിളക്കവുമായി ഇതാ 2 ജി സ്‌പെക്ട്രം. 176700 കോടി...  ഹെന്റമ്മോ.. കേട്ടിട്ട് പേടിയാകുന്നു.
നമ്മുടെ കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റ് ജനറല്‍ വളരെ പണിപ്പെട്ട് കൂട്ടിയെടുത്തതാണ് ഈ കണക്ക്. നമ്മുടെ രാജ്യ ഭണ്ഡാരത്തിലേക്ക് എത്താന്‍ നേര്‍ച്ച ചെയ്ത ഈ പണം പാതാളത്തില്‍ താഴ്ന്നിരിക്കുന്നു. മൊബൈല്‍ സേവന ധാതാക്കള്‍ക്ക് സ്‌പെക്ട്രം അനുവദിച്ച വകയില്‍ രാജ്യത്തിന്റെ ഖജനാവില്‍ എത്തേണ്ടതായിരുന്നു ഈ പണം. രാജ്യത്തിന്റെ സമ്പത്ത് കെട്ടിപൂട്ടിവെച്ച കൊലകൊമ്പന്‍മാരടക്കം  ചുളുവിലക്ക് നേടിയെടുത്ത സ്‌പെക്ട്രം സ്‌പെയ്‌സ് മറിച്ചുവിറ്റു. യൂണിടെക് എന്ന കമ്പനി 1651 കോടിരൂപക്ക് ലൈസന്‍സ് കരസ്തമാക്കിയതിന് ശേഷം തങ്ങള്‍ക്ക് കിട്ടിയതില്‍ നിന്ന് 60 ശതമാനം ഓഹരികള്‍ ടെലിനാര്‍ എന്ന നോര്‍വീജിയന്‍ കമ്പനിക്ക് വിറ്റത് 6200 കോടി രൂപക്കാണത്രെ. ഈ രംഗത്ത് യാതൊരു പരിചയവുമില്ലാത്ത സ്പാന്‍ എന്ന കമ്പനി 1537 കോടിക്ക് നേടിയ സ്‌പെകട്രത്തില്‍ നിന്ന് 45%  ഒരാഴ്ചകൊണ്ട് 4200 കോടിക്ക് മറിച്ചുവിറ്റ് ലോകചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പ് ബിസിനസ്സുകളിലൊന്ന് നടത്തി. കാര്യമായ ഒരു മുടക്കുമില്ലാതെ 7200 കോടിയുടെ കച്ചടം അടിച്ചെടുക്കാന്‍ ഈ കടലാസ് കമ്പനിക്കായി. കുത്തക മൊബൈല്‍ കമ്പനികള്‍ രാജ്യത്തെ ബഹുജനങ്ങളുടെ പോക്കറ്റില്‍ നിന്ന് ഊറ്റിയെടുക്കുന്ന ഈ പണം കൊള്ളചെയ്യാന്‍ രാജ്യം ഭരിക്കുന്നവര്‍ തന്നെ കൂട്ടുനിന്നു. കൂട്ടിക്കൊടുത്തു... 
ആണുങ്ങള്‍ക്കുമാത്രമാണ് ഇപ്പണിപറ്റിച്ചതെന്ന് ധരിച്ചെങ്കില്‍ തെറ്റി. പെണ്‍സിങ്കങ്ങളും  ഈ കച്ചവടത്തിന് ഇടനിലക്കാരിയായുണ്ട്.. നീര റാഡിയ. തന്റെ മാസ്മര സൗന്ദര്യത്തില്‍ അധികാരികളെ മയക്കി കിടത്തി വന്‍കിടക്കാര്‍ ഇടപാടുകള്‍ തരപ്പെടുത്തിക്കൊടുക്കാന്‍ ഇടനിലക്കാരിയായി നിന്നത് ഈ മഹതിയാണ്. മുമ്പ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് ഹെലികോപ്റ്റര്‍ വാങ്ങിക്കൊടുത്ത് കമ്മീഷന്‍ പറ്റുന്ന ജോലിയായിരുന്നു. ആ ബിസിനസ്സ് ലാഭം പോരാതായപ്പോഴാണ് ഇന്ത്യയിലേക്ക് പാരച്ച്യൂട്ടിലിറങ്ങിയത്. കണി മോശമായില്ല. എണ്ണിയാലൊടുങ്ങാത്ത കോടികള്‍.. ബിസിനസ്സ് സാമ്രാജ്യം.. ഉന്നതങ്ങളില്‍ ഊട്ടിയുറപ്പിച്ച ബന്ധം..  ടെലിഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയപ്പോള്‍ കിട്ടിയ ഞെട്ടിപ്പിക്കുന്നവിവരം.. ഒരു പക്ഷേ കേന്ദ്രത്തില്‍ ആര് മന്ത്രിയാവണമെന്ന് തീരുമാനിക്കുന്നത്  ഇവരാണ് പോലും..! തങ്ങളുടെ മാധ്യമങ്ങളിലൂടെ തീവ്രവാദവും ഭീകരതയും അരിച്ചുപെറുക്കി നാടിന്റെ സുരക്ഷ കാത്ത രാഷ്ട്ര സ്‌നേഹികളായ മാധ്യമമുതലാളിമാര്‍വരെ നീരയുടെ നീരാളിപ്പിടുത്തത്തില്‍ പെട്ടിട്ടുണ്ട്. 
രാജ്യം അഴിമതിക്കയത്തില്‍ മുങ്ങിത്താഴുമ്പോള്‍ ബാക്കിയുള്ള തുണ്ടുകയറിന്റെ കച്ചവടമുറപ്പിക്കാന്‍ സൂട്ടും കോട്ടുമിട്ട് ഒബാമ എത്തിയിരുന്നു. പൊന്നുരുക്കുന്നിടത്തും നമ്മുടെ നാട്ടിലെ പൂച്ചകള്‍ വെറുതെയിരുന്നില്ല. രാജ്യം സാമ്ര്യാജ്യത്വത്തിന് എഴുതിക്കൊടുത്താലും പൗരന്റെ എച്ചില്‍ പാത്രം പോലും വിറ്റുതുലച്ച് കമ്മീഷന്‍ പറ്റാന്‍ ദുഷ്ടന്‍മാര്‍ അരുനില്‍ക്കുകയാണ്.  കൂടെകിടക്കാന്‍ വരുന്നവന്റെ മട്ട് ലോകം ഇപ്പോള്‍ ശരിക്കും കണ്ടുകഴിഞ്ഞു. സാമ്രാജ്യത്വം വരിഞ്ഞുമുറുക്കുന്ന വിഷപ്പാമ്പാണെന്ന  തിരിച്ചറിവ് നമ്മുടെ നാട്ടിലെ ഭരണ നേതൃത്വത്തിന് ഇല്ലാതെപോയല്ലോ..! അഴിമതി വിമുക്തിയുടെ കാര്യത്തില്‍ ഇന്ത്യക്ക് 85-ാം സ്ഥാനമുണ്ടെന്ന് ഒരു സര്‍വ്വെ സൂചിപ്പിക്കുന്നു. (ദൈവമേ... ഇക്കണക്കിനാണെങ്കില്‍ 205 സ്ഥാനത്തുള്ള രാജ്യത്തിന്റെ അവസ്ഥ എന്തായിരിക്കും). ലോക പോലീസിന്റെ തനിനിറം തുറന്നുകാട്ടിയ വിക്കീലീക്‌സിന്റെ ജൂലിയന്‍ അസാഞ്ചിനെ പോലുള്ള ഒരു ആണ്‍കുട്ടി അഴിമതി ശിങ്കങ്ങള്‍ വിലസുന്ന നമ്മുടെ നാട്ടിലുണ്ടായെങ്കില്‍..!!
ആദര്‍ശ ബോധം അല്‍പമെങ്കിലും ഉള്ളവര്‍ രാഷ്ട്രീയക്കാര്‍ക്കിടയിലില്ല എന്ന് ഇതിന് അര്‍ത്ഥമില്ല. അഴിമതി ഭരണക്കാര്‍ക്ക് അപവാദമാണ് കര്‍ണാടക വഖ്ഫ് മന്ത്രി മുംതാസ് അലി ഖാന്‍. സനാതന സംരക്ഷകരായ കാവി ഗവണ്‍മെന്റ് ഭരിക്കുന്ന കണ്ണടനാട്ടില്‍ തോന്നിയ പോലെ സര്‍ക്കാര്‍ ഭൂമി മന്ത്രി പുംഗവര്‍ പങ്കിട്ടെടുത്തപ്പോള്‍, തട്ടിയെടുക്കുന്ന പൊതുമുതല്‍ കോടിക്കണക്കിനു രൂപ വിലമതിക്കുന്നതാണെങ്കിലും തനിക്കുവേണ്ടെന്ന് പറഞ്ഞ് അദ്ദേഹം നട്ടെല്ലുണ്ടെന്ന് തെളിയിച്ചു. പ്രശംസനീയവും ആദര്‍ശപരവുമാണ് അദ്ദേഹത്തിന്റെ തീരുമാനം.  ആദര്‍ശ ശുദ്ധിയുള്ള ഇദ്ദേഹത്ത പോലുള്ളവര്‍ ഇന്ന് വംശനാശ ഭീഷണിയിലാണ്. നാടിന് നിസ്വാര്‍ത്ഥമായി സേവനം ചെയ്യാന്‍ തല്‍പരരായവരെ നേതൃനിരയില്‍ പ്രതിഷ്ഠിക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ക്കാവണം. അത്തരത്തിലുള്ള തലമുറയെ വളര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമവുമുണ്ടാകണം. 
ഇന്ന് ഹെല്‍മറ്റിടാത്ത ബൈക്ക് യാത്രക്കാരനും ടിക്കറ്റെടുക്കാതെ ട്രൈനില്‍ കയറുന്നവനും മാത്രമേ ഇപ്പോള്‍ നിയമത്തെ പേടിക്കേണ്ടതുള്ളൂ. വന്‍കിടകളെല്ലാം പരിതിക്കുപുറത്താണ്. കോലാഹലങ്ങളടങ്ങുമ്പോള്‍ ഇവര്‍ക്കെതിരെയുള്ള കേസുകളെല്ലാം വിസ്മൃതി പൂകാറാണ് പതിവ്. 
നാടിനെയും നാട്ടാരെയും യാതൊരു വേര്‍തിരിവുമില്ലാതെ സേവിക്കുമെന്ന് പ്രതിജ്ഞ ചെയ്ത് പാര്‍ലിമെന്റിന്റെ പടികയറിയവര്‍ യാതൊരു പക്ഷഭേതവുമില്ലാതെ അഴിമതിയില്‍ മുങ്ങുകയാണ്. ഇന്ത്യന്‍ പൗരന്റെ വിയര്‍പ്പൂറ്റിക്കൊണ്ട് തടിച്ചുകൊഴുക്കുന്ന ഈ പരാന്നഭോജികള്‍ രാജ്യത്തിന് അപമാനമാണ്. നികുതിപണം കട്ട് മുടിക്കുന്ന ഈ രാജ്യസേവകരെ അഴിക്കുള്ളിലാക്കിയാലേ രാജ്യം അഴിമതിമുക്തമാകൂ. 

Monday, October 25, 2010


Thursday, October 21, 2010


കാവി ഭീകരത :

ചിദംബരത്തിന് നാക്ക് പിഴച്ചിട്ടില്ല

കാവി ഭീകരതയുടെ ആശങ്കകള്‍ വ്യക്തമാക്കി ഇന്ത്യയുടെ ആഭ്യന്തര മന്ത്രി ചിദംബരം നടത്തിയ പ്രസ്താവന രാജ്യത്തെയും മതേതരത്വത്തെയും സ്‌നേഹിക്കുന്നവരെ ചിന്തിപ്പിക്കേണ്ടതാണ്. രാജ്യത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന സ്‌ഫോടനങ്ങളുടെ യതാര്‍ത്ഥ അവകാശികള്‍ സംഘപരിവാരമാണെന്നതിന്റെ വ്യക്തമായ സൂചനകളാണ് അദ്ധേഹം നല്‍കിയത്. സുരക്ഷ ഉദ്യോഗസ്ഥരെ മുന്‍നിര്‍ത്തി അദ്ധേഹം പരസ്യമായി പറഞ്ഞ കാര്യം വ്യക്തമായ ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ്. മലേഗാവ്, സംഝോത എക്‌സ്പ്രസ്, അജ്മീര്‍, മക്ക മസ്ജിദ്, ഗോവ തുടങ്ങി അനേകം സ്ഥലങ്ങളില്‍ ഈ അടുത്ത കാലത്തായി നടന്ന സ്‌ഫോടനങ്ങളുടെ പിന്നിലുള്ളത് കാവി ഭീകരരാണെന്ന സത്യം വെളിച്ചത്ത് വന്നിരിക്കുകയാണ്. ഏറ്റവും നീചമായ ഈ ആക്രമണങ്ങളുടെ ഉത്തരവാദിത്വം ആദ്യം മുസ്‌ലിം നാമത്തിലുള്ള സംഘടനകളുടെ തലയിലാണ് കെട്ടിവച്ചിരുന്നത്. 
ചിദംബരം ചെട്ടിയാരുടെ വെടികൊണ്ട് ഏറ്റവും കൂടുതല്‍ പൊളളിയത് സ്വന്തം ക്യാമ്പിലുള്ളവര്‍ക്കാണ്. ജനാര്‍ദ്ധനന്‍ ദ്വിവേദിയുടെ രൂപത്തില്‍ കദറില്‍ പൊതിഞ്ഞ കാവി മനസ്സ് പൊട്ടിത്തെറിച്ചു. സവര്‍ണ്ണതയുടെ മുരളലിനിടയില്‍ ഗര്‍ജ്ജനമായി കേട്ടത് മതേതരവും ജനാധിപത്യവും മൊത്തത്തില്‍ സംരക്ഷിക്കുന്ന പാര്‍ട്ടി വാക്താവിന്റെ മോങ്ങലാണ്. ഈ പുലികള്‍ പ്രതികള്‍ മുസ്‌ലിം നാമധാരികളാവുമ്പോള്‍ ഉറഞ്ഞുതുള്ളുന്ന ഈ നാക്കുകള്‍ മുസ്‌ലിംകളുടെ അവകാശങ്ങള്‍ക്കു മുമ്പില്‍ അധര ബന്ധനം നടത്താറാണ് പതിവ്.
ഒരോ സ്‌ഫോടനങ്ങള്‍ നടക്കുമ്പോഴും അന്നോളം കേള്‍ക്കാത്ത പല സംഘടനകളും മനുഷ്യക്കുരുതിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ മുന്നോട്ടുവരുന്ന കാഴ്ചയാണ് കണ്ടത്. മുസ്‌ലിം ചിഹ്നങ്ങളും വാക്കുകളും ഇതിനുവേണ്ടി പ്രതിചേര്‍ക്കപ്പെട്ടു. പ്രാഥമികാന്വേഷണം പോലും നടക്കുന്നതിന് മുമ്പ് മാധ്യമങ്ങള്‍ അച്ചുനിരത്താന്‍ തുടങ്ങി. മുസ്‌ലിം ഭീകര സംഘടന (?..!!) കളുടെ ദ്യോതിപ്പിക്കുന്ന വാര്‍ത്തകളുമായി മുഖ്യധാരാ മാധ്യമങ്ങള്‍ മഷി ഒലിപ്പിച്ചു. എഡിറ്ററുടെ മാനസിക വ്യാപാരത്തിനനുസരിച്ച് രചിച്ചു വെച്ച ഇതിഹാസങ്ങള്‍ വായിച്ച് പൊതുജനം മനസ്സിലാക്കി ഇസ്‌ലാം ഭീകരത..! നാടിനാപത്ത്...!! സംഘപരിവാരാധികള്‍ നാടുനീളേ ചെണ്ടകൊട്ടി പാടി നടന്നു.. ഭീകര വാദികളെ തുരത്തൂ..! നാടിനെ രക്ഷിക്കൂ..!! രാജ്യമാദ്യം..! പിന്നെ മതം..!! ഭീകരതയെ ചെറുക്കുന്നതില്‍ പരാജയപ്പെട്ട ഭരണക്കാരെ ജനമധ്യത്തില്‍ തൊലിയുരിച്ചു രസിച്ചു.. ഭീകരവാദികളെ നിലക്കുനിര്‍ത്താന്‍ നിയമങ്ങളുടെ അപര്യാപ്തതയെ കുറിച്ച് ഓരിയിട്ടു. 
എ.ടി.എസ് തലവന്‍ ഹേമന്ദ് കര്‍ക്കരെ അന്വേഷണത്തിന്റെ മുള്‍മുനയില്‍ എത്തി നില്‍ക്കുമ്പോഴാണ് അജ്ഞാത ബുള്ളറ്റുകള്‍ അദ്ദേഹത്തിന്റെ ജിവനെടുക്കുന്നത്. അദ്ധേഹത്തിന്റെ ജീവനെടുക്കുന്നത് ഏറ്റവും കൂടുതല്‍ ആവശ്യമായിരുന്നത് അന്വേഷണം നേരിട്ടുകൊണ്ടിരുന്ന കാവിഭീകരര്‍ക്കാണ്. നന്ദേഡിലും മാലേഗാവിലും ഗോവയിലുമെല്ലാം ആദ്യഘട്ടത്തില്‍ ഒളിപ്പിച്ചു വെക്കാനായങ്കില്‍ പിന്നീട് സത്യം പുറത്തു വന്നു. ഗുജറാത്തിലെ മനുഷ്യക്കുരുതിക്ക് കൂട്ടുനിന്ന അമിത്ഷായെ പോലെ മക്ക മസ്ജിദ് സ്‌ഫോടനത്തിന്റെ പ്രതികളായ് സന്ദീപ് ഡാങ്കേയും രാമചന്ദ്ര കല്‍സാങ്ഗ്രയുമൊക്കെ ഒരു വേള സന്തോഷിച്ചിരിക്കും.. തങ്ങളുടെ വേലകള്‍ ഒരിക്കലും വെളിച്ചത്തുവരില്ലെന്ന് ധരിച്ചിരിക്കും. എന്നാല്‍ സത്യത്തെ ആര്‍ക്കും മൂടിവെക്കാനാകില്ല.. 
ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നു.. ഭീകരതക്ക് മതമില്ലത്രെ..!  എല്ലാ മതത്തിന്റെ പേരിലും ഭീകരവാദം നടത്തുന്നവരുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്..!! അവരൊന്നും ആ മതത്തെയോ ആദര്‍ശങ്ങളെയോ പ്രതിനിധീകരിക്കുന്നില്ല പോലും..!! ഇത് വാസ്തവം.. വര്‍ഷങ്ങളായി ചെയ്യാത്ത കുററത്തിന് ആത്മഹാനി നേരിട്ട മുസ്‌ലിം മനസ്സിന്റെ ആത്മഗതം..! അതെ.. ഭീകരന്‍, അവന്‍ ഏത് മതക്കാരനായാലും മതമില്ലത്തവനായാലും  നാടിനാപത്താണ്്.. ഫാസിസം മറ്റുള്ളതിനെ നശിപ്പിച്ച് സ്വയം നശിപ്പാക്കാന്‍ തുനിഞ്ഞിറങ്ങിയതാണ്. ഭീകരതയിലേക്ക് തിരിയുന്നവര്‍ സാഡിസ്റ്റ് മനോരോഗമുള്ളവരാണ്. അവരെ സ്‌പോണ്‍സര്‍ ചെയ്യാന്‍ സാമ്രാജ്യത്വ ഏജന്റുകള്‍ പണമെറിഞ്ഞ് കാത്തിരിക്കുന്നു. അതിന്റെ മുമ്പില്‍ ദേശമോ ഭാഷയോ വര്‍ഗ്ഗമോ വര്‍ണ്ണമോ പ്രശ്‌നമല്ല.. രക്തക്കൊതിയടങ്ങാട്ട സാഡിസ്റ്റ് മനസ്സുകള്‍ നശീകരണത്തിലൂടെയേ തൃപ്തരാവൂ..
ഇന്ന് ഏറ്റെടുക്കല്‍ പ്രക്രിയകള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് ഭീകര രംഗത്താണ്. ഓരോ സ്‌ഫോടനങ്ങള്‍ നടക്കുമ്പോഴും ഏറ്റെടുക്കാന്‍ തയ്യാറായി വെബ്‌സൈറ്റ് തുറന്നുവെച്ച് ക്യൂ നില്‍ക്കുന്ന അനേകം അവകാശികളുണ്ട്. ഇവരെയൊന്നും ഒരിക്കലും വെളിച്ചത്ത് കാണാറുമില്ല. മാധ്യമങ്ങള്‍ക്ക് അപസര്‍പകം പുരട്ടി വിളമ്പാന്‍ പാകത്തിന് ഇവര്‍ ഏറ്റെടുക്കല്‍ പ്രക്രിയ നിര്‍വഹിക്കുന്നു. വ്യക്തമായ പ്രാഥമിക അന്വേഷണം പോലും ആരംഭിക്കുന്നതിനുമുമ്പാണ് ഇവയെല്ലാം സംഭവിക്കുന്നത് എന്നുകൂടി ഓര്‍ക്കണം.
നിരപരാധികള്‍ക്കുവേണ്ടി ഒരപേക്ഷ.. നാര്‍ക്കോ അനലൈസര്‍ (നുണ പരിശോധന യന്ത്രം) പോലെ ടെററിസ്റ്റ് ടെസ്റ്റിംഗ് മെഷീന്‍ (ഭീകര പരിശോധന യന്ത്രം) വികസിപ്പിച്ചെടുക്കാനുള്ള ശ്രമം ആരംഭിക്കണം...(!). എല്ലാ വിമാനത്താവളങ്ങളിലും ഈ യന്ത്രം സ്ഥാപിക്കുകയും വേണം. പ്രത്യേകിച്ച് അമേരിക്കന്‍, യൂറോപ്യന്‍ രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍..!! എങ്കില്‍ നിരപരാധികളായ അനേകം ആളുകളുടെ ജീവിതം ഇരുട്ടറകളില്‍ ഉരുകിത്തീരില്ല. 
സ്‌ഫോടനങ്ങള്‍ ചിലര്‍ക്കൊക്കെ നേട്ടവും കൊണ്ടുവരുന്നുണ്ട്. മൂന്ന് മാസം രാജ്യത്തിന്റെ മുഴുവന്‍ അപമാനമേറ്റുവാങ്ങി പീഢമേറ്റ് ജയിലില്‍ കിടന്നെങ്കിലെന്ത് മക്ക മസ്ജിന്റെ സ്‌ഫോടനങ്ങളുടെ പേരില്‍ പിടിക്കപ്പെട്ടവര്‍ക്ക് ഓരോ ഓട്ടോ റിക്ഷ കിട്ടിയല്ലോ.. ഈ രാഷ്ട്രീയക്കാരുടെ ഓരോ തമാശ.. നികുതി ധായകന് നമോവാകം.. 
ഭീതിവിതച്ച് ഭരണം കൊയ്യാന്‍ ശ്രമിക്കുന്ന ശ്രമത്തിന്റെ ഭാഗമാണ് സ്‌ഫോടന ശബ്ദങ്ങളെന്ന തിരിച്ചറിവ് മതേതര സമൂഹത്തിനുണ്ടാവണം. പൊട്ടിത്തെറിക്കുന്ന മാംസ പിണ്ഡങ്ങളെ കരുവാക്കി സാമൂദായികാന്തരീക്ഷം തീപിടിപ്പിച്ച് മുതലെടുക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറുകയും വേണം.

Tuesday, August 3, 2010









മതേതരത്വത്തിന് ലാല്‍സലാം..! പറയരുത്...!!
കേരളത്തിന്റെ പുകള്‍പ്പെറ്റ മതേതരത്വത്തിന്റെ കടക്കല്‍ കത്തിവെയ്ക്കുന്ന നടപടികളാണ് ഇന്ന് രാഷ്ട്രീയ നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. നമ്മുടെ ബഹുമാന്യനായ മുഖ്യനിതാ ഒരു ബഡാ വെടിപൊട്ടിച്ചിരിക്കുന്നു. വരുന്നൂ.. മുസ്‌ലിം ഭൂരിപക്ഷ കേരളം..! അതും വെറും ഇരുപത് വര്‍ഷം കൊണ്ട്...!!


എട്ട് നൂറ്റാണ്ടോളം കാലം ഡല്‍ഹി ഭരിച്ച സുല്‍ത്താന്‍മാരും മുഗളന്‍മാരും കേരളക്കരയില്‍ തേരോട്ടം നടത്തിയ ടിപ്പുസുല്‍ത്താനും തുനിയാതിരുന്ന പ്രവര്‍ത്തിയാണ് ഇരുപത് കൊല്ലംകൊണ്ട് ഒരു പറ്റം വികാര ജീവികള്‍ നടത്താന്‍ പോകുന്നുവെന്ന് നമ്മുടെ മുഖ്യന്‍ പ്രവചിച്ചിരിക്കുന്നത്. അദ്ദേഹത്തിന് ഗണിച്ചു കിട്ടിയ ഈ വൃത്താന്തം പറയപ്പെട്ട സംഘം നടത്താന്‍ പോകുന്നത് രസകരമായ മാര്‍ഗ്ഗത്തിലൂടെയാണ്. കശെറിഞ്ഞും പെണ്ണുകെട്ടിയും.... മാണത്രെ ഭൂരിപക്ഷമാകാന്‍ പോകുന്നത്. കാശ് കണ്ടാല്‍ സ്വന്തം മതവിശ്വാസം വലിച്ചെറിയാന്‍ മാത്രം ദുര്‍ബലരാണോ കേരളത്തിലെ മതവിശ്വാസികള്‍.. 


കിട്ടിയ അവസരം ശരിക്കും ഉപയോഗപ്പെടുത്താന്‍ ഭരണത്തലവന്‍ ശ്രദ്ധിച്ചിട്ടുണ്ട്. തങ്ങളില്‍ ഊട്ടിയുറക്കപ്പെട്ട വൈരുദ്ധ്യാതിഷ്ഠിത ഭൗതികവാദം കല്‍പ്പിച്ചുവെച്ച മതാന്ധത അവസരത്തിനൊത്ത് പുറത്തുവരുന്നതായേ ഇത്തരം പ്രവര്‍ത്തികളില്‍ നിന്ന് നിരീക്ഷിക്കാനാവൂ. അല്ലാതെ എണ്‍പതിന്റെ പക്വതയില്‍ സംഭവിക്കേണ്ട ഒരു ചെയ്തിയല്ല ഇത്. സംഘപരാവാരത്തിന്റെ ചെയ്തികള്‍ മുന്‍നിര്‍ത്തി ഹിന്ദുരാഷ്ട്രമുണ്ടാകുമെന്നോ പെന്തക്കോസറ്റുകളെ വിലയിരുത്തി ക്രൈസ്തവ രാഷ്ട്രമുണ്ടാകുമെന്നോ കാലക്രമം ഗണിച്ചുപറയാന്‍ അദ്ദേഹം തയ്യാറാകുമോ..!? മതേതരത്വത്തിന്റെ സംരക്ഷണം ഏറ്റെടുത്തവര്‍കൂടി സമുദായത്തെ കല്ലെറിയാന്‍ കൂടിയിരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. വിചാരധാരക്ക് സമാന്തരമായി കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ചിന്തിക്കുമ്പോള്‍ ഇരകളുടെ മാനിഫെസ്റ്റോ അപ്രത്യക്ഷമാവുകയാണ്. 


കൈവെട്ടിയും കോളര്‍ പിടിച്ചും കാശെറിഞ്ഞും മതത്തിലേക്ക് ആളെകൂട്ടുന്നതുകൊണ്ട് മുസ്‌ലിം സമുദായത്തിന് കിട്ടുന്ന നേട്ടം കൂടി ആരോപകര്‍ വെളിപ്പെടുത്തുന്നത് നന്ന്. കണ്ണൂരിലുള്‍പ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്ന് നില്‍ക്കുന്ന രക്തസാക്ഷി മണ്ഡപങ്ങള്‍ വിളിച്ചുപറയുന്നത് രാഷ്ട്രീയ വര്‍ഗ്ഗീയതയുടെ ആര്‍ത്തനാദമാണ്. ഭീകരതക്ക് മതം നോക്കി ഡിഗ്രി കണക്കാക്കുന്നവര്‍ മനുഷ്യരക്തത്തിന്റെ വില ശരിക്ക് മനസ്സിലാക്കുന്നവരല്ല. പരസ്പര വിദ്വേഷവും വൈകാരികതയും അഴിച്ചു വിട്ട് അണികളെ പിടിച്ചുനിര്‍ത്തേണ്ട ഗതികേടുള്ളവര്‍ ഒഴുക്കിയ രക്തത്തിന്റെ കണക്കുകള്‍ കേരള മനസ്സാക്ഷിക്ക് അറിയാവുന്നതാണ്. അദ്ധ്യാപകനെ വിദ്യാര്‍ത്ഥികളുടെ മുമ്പിലിട്ട് അറുകൊല ചെയ്യുന്നതിന് എന്ത് ന്യായീകരണമാണുള്ളത്..?


കഴിഞ്ഞ ലോക്‌സഭ ഇലക്ഷനില്‍ തങ്ങള്‍ക്ക് സംഭവിച്ചു എന്ന് കരുതപ്പെടുന്ന തെറ്റിന് ഭൂരിപക്ഷത്തോടുള്ള പ്രായശ്ചിത്തമായാണ് പാര്‍ട്ടിയും ഈ വെടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. സാമ്രാജ്യത്വത്തിന്റെ ആചാര്യനും യുദ്ധക്കൊതിയനുമായ അമേരിക്കന്‍ പ്രസിഡണ്ട് ബുഷിന്റെ താലിബാനിസം കടമെടുത്ത് മാര്‍കിസ്റ്റ് പടനായകന്‍ (പാര്‍ട്ടി സെക്രട്ടറി) വീശുമ്പോള്‍ ഭീകരതക്കെതിരാണെന്നുള്ള അകമ്പടിയുണ്ടെങ്കിലും മുറിവേല്‍ക്കുന്നത് യഥാര്‍ത്ഥത്തില്‍ മുസ്‌ലിം സമുദായത്തിനാണ്. സാമ്രാജ്യത്വത്തോടും വര്‍ഗ്ഗീയതയോടും ഫാസിസത്തോടും ചെറുത്തുനിന്ന പാരമ്പര്യമുള്ള പാര്‍ട്ടിയില്‍ നിന്നുതന്നെ ഇത്തരം അപക്വമായ നടപടികളുണ്ടാകുന്നത് പ്രതിഷേധാര്‍ഹമാണ്. മതനേതൃത്വം മുഴുവന്‍ തള്ളിപ്പറഞ്ഞ ഒരു പറ്റം വികാര ജീവികളെ മുന്‍ നിര്‍ത്തി മതേതര പാര്‍ട്ടികള്‍ വര്‍ഗ്ഗീയതയുടെ കുഴലൂത്തുകാരാവുന്നത് അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ സമാധാനാന്തരീക്ഷത്തെ കൂടുതല്‍ വഷളാക്കാനേ ഉപകരിക്കൂ. കൂടാതെ ഫാസിഷം ആനേക കാലമായി ആഗ്രഹിക്കുന്ന വര്‍ഗ്ഗീയ ദ്രുവീകരണം വളരെ വേഗത്തില്‍ സാധ്യമാകുകയും ചെയ്യും. 


അപ്പവും പുതപ്പും വീഞ്ഞും നല്‍കി അംഗസംഖ്യ വര്‍ദ്ധിപ്പിക്കാമെന്ന് തെളിയിച്ചവര്‍ ആദര്‍ശങ്ങളെ സംവാദാത്മമായി നേരിടുന്നതിന് ഭയക്കുകയാണ്. താടി പിടിച്ചും മഫ്ത വലിച്ചും ചോദ്യം തിരികിക്കയറ്റിയും ഇസ്‌ലാമിനെ അവഹേളിക്കാന്‍ ചിന്‍വാദ് പാലമിടുന്നവര്‍ അവിവേകികള്‍ക്ക് വെട്ടാന്‍ പാകത്തിന് കൈ വെച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. അന്യമതത്തെ ക്രൂശിക്കുന്നതുകൊണ്ട് സ്വന്തം മതത്തിന് അഭിവൃദ്ധിയുണ്ടാവുമെന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. ഇത്തരം ചെയ്തികളുടെ മറവില്‍ മുസ്‌ലിം സമുദായത്തെ ഒന്നടങ്കം പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമം തകൃതിയായി അണിയറയില്‍ നടക്കുന്നു. 


ഇത്തരം പേക്കൂത്തുകള്‍ക്ക് പകരം മതങ്ങള്‍ തമ്മില്‍ ആരോഗ്യകരമായ ചര്‍ച്ചകളും സംവാദങ്ങളും ഉയര്‍ന്നുവരണം. രാഷ്ട്രീയത്തിന്റെ അണിയറ ലാഭങ്ങള്‍ക്കുവേണ്ടി കരുവാക്കപ്പെടുന്ന കെണിവലകള്‍ മനസ്സിലാക്കാന്‍ എല്ലാ മതനേതൃത്വങ്ങളും ജാഗരൂകരാവണം. മതവിശ്വാസികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അവസരവാദ രാഷ്ട്രീയക്കാരെ മുതലെടുക്കാന്‍ അനുവദിക്കാതെ മതനേതൃത്വങ്ങളുടെ പക്വമായ തീരുമാനങ്ങള്‍ക്ക് വിടണം. 

സമുദായത്തിലെ ചില അല്‍പബുദ്ധികളുടെ ചെയ്തികളെ വിലയിരുത്തി സമുദായത്തെ തല്ലുന്നതിനുമുമ്പ് മുസ്‌ലിംസമുദായത്തിനോടുള്ള തങ്ങളുടെ കടപ്പാട് നിര്‍വ്വഹിച്ചോ എന്നൊരു മനോവിചാരം നടത്താന്‍ ഭരണക്കാര്‍ തയ്യാറാവണം. കാലങ്ങളായി അവകാശ നിഷേധത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും ഇരകളാണ് മുസ്‌ലിം സമുദായം. ഏത് ഗവണ്‍മെന്റുകള്‍ അധികാരത്തിലെത്തിയാലും കഞ്ഞി കുമ്പിളില്‍ തന്നെയാണ്. ബ്യൂറോക്രസിയില്‍ നിന്നും ഉദ്യോഗതലങ്ങളില്‍ നിന്നും സൈന്യത്തില്‍ നിന്നും ആസൂത്രിതയായി ആട്ടിയിറക്കപ്പെടുന്ന പ്രവണതയാണുള്ളത്. ഇത്തരം സത്യങ്ങള്‍ തുറന്നു പറയുന്നത് വര്‍ഗ്ഗീയതയും തീവ്രവാദവുമായി കാണാനുള്ള ത്വര സൃഷ്ടിക്കുന്നത് സംഘപരാവാരത്തിന്റെ അജണ്ടയാണ്. മണ്ഡലായാലും നരേന്ദ്രനായാലും സച്ചാറായാലും കണ്ടെത്തിയ സത്യങ്ങള്‍ ഫയലുകളിള്‍ മയങ്ങാന്‍ അനുവദിക്കാതെ നടപ്പിലാക്കാനുള്ള നട്ടെല്ല് രാഷ്ട്രീയ നേതൃത്വത്തിനുണ്ടാവണം. എങ്കിലേ സമുദായത്തെ ഉപദേശിക്കുന്നതില്‍ അര്‍ത്ഥമുള്ളൂ. 


സംഘപരിവാരത്തിന്റെ മുരള്‍ച്ചക്ക് പ്രത്യുത്തരമായി മുസ്‌ലിം സമുദായത്തിന്റെ പാനപത്രം കമയ്ത്തിവെക്കാന്‍ തുനിയുന്നവര്‍ സവര്‍ണ്ണ മനസ്സിന്റെ കുടിലതകള്‍ പേറുന്നവരാണ്. നശീകരണാത്മക പ്രത്യശാസ്ത്രത്തിന്റെ വാക്താക്കള്‍ ഇടുങ്ങിയ ചിന്താഗതിക്കാരുമാണ്. കാലങ്ങളാണ് തങ്ങള്‍ അനുഭവിച്ചുവരുന്ന സൗകര്യങ്ങള്‍ പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ തട്ടിയെടുത്തുകൊണ്ടാണെന്ന് ഇവര്‍ക്കറിയാം. പിന്നാക്ക സമുദായങ്ങള്‍ ഉണര്‍ന്ന് ചിന്തിക്കാന്‍ തയ്യാറാകുമ്പോള്‍ തങ്ങളുടെ കോട്ടകള്‍ തകര്‍ന്നുവീഴുമോ എന്ന ഭീതി സവര്‍ണ്ണ തമ്പുരാക്കന്‍മാര്‍ക്കുണ്ട്. സമുദായത്തിനു നേരെ അമ്പുകുലക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നതിലെ ഒരു ഘടകവും ഇതാണ്. ഒരു വേള അവകാശങ്ങള്‍ ഹനിക്കപ്പെടുകയും പൊതുസമൂഹത്തില്‍ അവഹേളിക്കപ്പെടകയും ചെയ്യുമ്പോള്‍ ക്ഷുഭിത യൗവ്വനങ്ങള്‍ അരുതായ്മകളിലെത്തിപ്പെട്ടേക്കാം. തീവ്രവാദത്തെ നേരിടാനുള്ള പടപ്പുറപ്പാടിനുമുമ്പ് തീവ്രവാദം മുളപ്പൊട്ടുന്ന സാഹര്യങ്ങളെ കുറിച്ചുപഠിക്കാനുള്ള ശ്രമം വേണ്ടപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടാവേണ്ടതുണ്ട്. നിരന്തരമായി അവകാശങ്ങള്‍ നിഷേധിക്കുപ്പെടുകയും പൊതുധാരയില്‍ അവഹേളിക്കപ്പെടുകയും ചെയ്യുന്ന തുടിക്കുന്ന യൗവ്വന മനസ്സാണ് നശീകരണത്തിന്റെ പ്രത്യശാസ്ത്രങ്ങള്‍ ഏറ്റെടുക്കാന്‍ മുന്നോട്ടുവരുന്നത്. 


ഇത്തരം സാമൂഹ്യ പ്രതിസന്ധികള്‍ ഉയര്‍ത്തിക്കൊണ്ടവരുന്നതിലും പൊതുധാരയില്‍ അവതരിപ്പിക്കപ്പെടുന്നതിലും ചില സമയത്ത് വിജയിക്കുന്നത് സംശയ ദൃഷ്ടിയിലുള്ളവരാണ്. ഒരു വേള അവകാശ സമരങ്ങള്‍ക്ക് വര്‍ഗ്ഗീയ മുദ്ര ചാര്‍ത്താന്‍ ഇതുമൊരുകാരണമാകുന്നുണ്ട്. സമുദായ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള അജണ്ടകളില്‍ വേഗത്തിലിടപെടാന്‍ സമുദായ നേതൃത്വം ശ്രമിക്കേണ്ടതുണ്ട്. അജണ്ടകള്‍ ഹൈജാക്ക് ചെയ്യപ്പെടുമ്പോള്‍ ലക്ഷ്യത്തിലെത്താതെ പോകുന്നതിനു അമാന്തം കാരണമാകും. മതകാര്യങ്ങളുടെ അവസാന വാക്കിന് മതനേതൃതത്വങ്ങളെ ആശ്രയിക്കാന്‍ മീഡിയകള്‍ തയ്യാറാവണം. 


നൂറ്റാണ്ടുകള്‍ക്ക് പിന്നിലേക്ക് സമയസൂചി ചലിക്കുമ്പോള്‍ ഭരണ സാരഥ്യം നടത്തുകയും ശാസ്ത്രത്തിനും സാഹിത്യത്തിനും മുന്നേ നടക്കുകയും ചെയ്ത ഒരു സമുദായം ചേരികള്‍ക്ക് പിന്നിലെ മ്ലേഛമായ അന്തരീക്ഷത്തിലും ക്ഷുത്തടക്കാന്‍ ഗതിയില്ലാതെ ഭിക്ഷാടനത്തിലുമായി അഭയം പ്രാപിക്കുമ്പോള്‍ പൗരന്‍മാരുടെ അവശതകള്‍ക്ക് പരഹാരം കാണേണ്ട ഗവണ്‍മെന്റുകള്‍ വേട്ടക്കാരുടെ പക്ഷം ചേരുന്നത് സങ്കടകരമാണ്. ഇരയെ കിട്ടിയ ലാഘവത്തോടെ സമുദാത്തെ കടന്നാക്രമിക്കാന്‍ തുനിയുന്നവര്‍ വെറും വോട്ടുബാങ്കുകള്‍ മാത്രമാണ് മുസ്‌ലിംസമുദായം എന്ന് തെറ്റിദ്ധരിക്കുകയുമരുത്. 


നൂറ്റാണ്ടുകളായി മതേതര സമൂഹം സംരക്ഷിച്ചുപോരുന്ന സഹിഷ്ണുതയുടെ മൂല്യങ്ങളെ തകര്‍ക്കുന്നതില്‍ ഇന്ന് പ്രധാന പങ്ക് വഹിക്കുന്നത് മാധ്യമങ്ങളാണ്. പേപ്പര്‍ കാശിനുവേണ്ടി അനാവശ്യ വാര്‍ത്തകള്‍ നല്‍കി സാമുദായിക മണ്ഡലങ്ങളില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കുന്നവര്‍ നൂറ്റാണ്ടുകളുടെ അദ്ധ്വാനത്തെയാണ് പാഴാക്കി കളയുന്നത്. മലിനമാക്കപ്പെട്ട മനസ്സുകളെ ശുദ്ധീകരിക്കാന്‍ ഒരിക്കലും തങ്ങള്‍ക്കാകില്ലെന്ന ഉറപ്പുണ്ടായിരിക്കെ ഇത്തരം ചെന്നായയുടെ കൗശലം മാധ്യമങ്ങള്‍ നിറുത്തണം. ഇത്തരം കപട വാര്‍ത്തകളിലൂടെ അവഹേളിക്കപ്പെടുന്ന സമുദായത്തിന്റെ മനോവികാരങ്ങളുടെ നൊമ്പരം മനസ്സിലാക്കണം.


മുസ്‌ലിം സമുദായത്തെ മുഖ്യധാരയില്‍ നിന്ന് അടര്‍ത്തിമാറ്റാന്‍ കൊണ്ടുപിടിച്ച ശ്രമം നടത്തുമ്പോള്‍, സനാതനമായൊരു പ്രത്യശാസ്ത്രത്തിന്റെ വാക്താക്കള്‍ കാലാനുഗതത്തില്‍ സംഭവിച്ച പിന്നോക്കാവസ്ഥയില്‍ നിന്ന് മുക്തരാവാന്‍ ശ്രമിക്കുമ്പോള്‍, നിരപരാധിത്വത്തിലും ഭീകരതയുടെയും തീവ്രവാദത്തിന്റെ മേലങ്കി ചാര്‍ത്തപ്പെടുമ്പോള്‍ അറിഞ്ഞുണരേണ്ട ബാധ്യത സമുദായത്തിനുണ്ട്. ആരുടെ മുന്നിലും ഓച്ഛാനിച്ച് നിന്ന് നേടിയെടുക്കേണ്ടതല്ല അവകാശങ്ങള്‍. സ്വന്തം അവകാശങ്ങള്‍ മറ്റുള്ളവന് ഹാനികരമാകാത്ത സമരമാര്‍ഗ്ഗങ്ങളിലൂടെ നേടിയെടുക്കാന്‍ സമുദായം മുന്നോട്ടുവരണം. നാടിന്റെ മതേതര പാരമ്പര്യവും സഹിഷ്ണുതയും സംരക്ഷക്കപ്പെടുകയും വേണം.




Saturday, March 13, 2010

മദ്യകോള അനുവദിക്കരുത്‌..!!

കൊട്ടിഘോഷിക്കപ്പെടുന്ന സാംസ്‌കാരിക രംഗം ചീഞ്ഞുനാറുന്ന നാളുകളാണ്‌ കടന്നുപോകുന്നത്‌. സിനിമയും സാഹിത്യവും തമ്മിലാണ്‌ വടം വലി.. ഒരു വശത്ത്‌ പിന്തുണയുമായി ഫാന്‍സ്‌ അസോസിയേഷന്‍.. കോലമുണ്ടാക്കല്‍.. കത്തിക്കല്‍.. വഴിതടയല്‍.. ഭീഷണിപ്പെടുത്തല്‍.. കളി പരിതിക്കുപുറത്താണ്‌ നടക്കുന്നത്‌.. സിനിമ, സാംസ്‌കാരികം.. രണ്ടും അമ്മയും..!! കുഞ്ഞും പോലെ ഇഴപിരിക്കാനാകാത്തത്‌ എന്നതാണ്‌ മറ്റൊരു വൈവിദ്യം.. കുറച്ചുകാലം മാധ്യമങ്ങള്‍ക്ക്‌ ചാകര.. ആരുടെ വായില്‍ നിന്നാണ്‌ വേദവാക്യം വീഴുന്നതെന്ന്‌ ഇമവെട്ടാതെ നിരീക്ഷിച്ച്‌ മാധ്യമങ്ങളും... വിലക്കയറ്റത്തിന്റെ ആധി നെടുവീര്‍പ്പിലൊതുക്കി ജനങ്ങളും.. സ്വസ്ഥം..
ഇതിനിടക്ക്‌ ഇതാ.. ഗവണ്‍മെന്റ്‌ കേരളത്തെ കുപ്പിയിലാക്കാന്‍ പോകുന്നു.. സാംസ്‌കാരിക രംഗം കണ്ണിലെ കൃഷ്‌ണ മണിപോലെ കാക്കുന്ന സാംസ്‌കാരിക കമാണ്ടോകളേ.. കണ്ണുതുറക്കൂ.. നിങ്ങളിത്‌ കാണുന്നില്ലേ..?
സംഗതി മദ്യകോള.. വീര്യം കുറവാണ്‌.. ക്യൂ നില്‍ക്കേണ്ടതില്ല.. പെട്ടികടകളില്‍ വരെ കിട്ടും.. കേരളമെന്ന്‌ കേട്ടാല്‍ തിളക്കണം ചോര ഞരമ്പുകളില്‍ എന്നത്‌ കവി വാക്യം. ആ കാലം മാറി.. ഇനി കേരളീയന്റെ ഞരമ്പുകളില്‍ മദ്യകോള തിളക്കും.. സ്‌ത്രീ ജനങ്ങളും കുട്ടികളുമടങ്ങിയ സമൂഹത്തിന്‌ ഇനി മദ്യകോള വീശി ഉന്മാദത്തോടെ ആടി നടക്കാം.. ഗവണ്‍മെന്റിന്റെ ആശീര്‍വാദത്തോടെയാണ്‌ ചരക്കിറങ്ങുന്നത്‌.. സംഗതി വ്യാജനല്ല.. ഒറിജിനല്‍..
ജനങ്ങളുടെ ആരോഗ്യത്തില്‍ സര്‍വ്വത്ര ശ്രദ്ധയുള്ള ഭരണവര്‍ഗ്ഗം ആരോഗ്യ കേരളത്തിനായുള്ള ഗവേഷണത്തില്‍ കണ്ടെത്തിയതാണ്‌ പുതിയ സാധനം. മുമ്പ്‌ പരീക്ഷിക്കപ്പെട്ട സംസ്ഥാനങ്ങളിലെ പെട്ടിക്കടകളില്‍ സാധനത്തിന്‌ ആളൊഴിഞ്ഞ നേരമില്ലത്ര..! അവിടെ ആദ്യം മദ്യശാലകളില്‍ മാത്രം ലഭിച്ചിരുന്ന അമൃത്‌ പിന്നീട്‌ ആവശ്യക്കാരേറിയപ്പോള്‍ പെട്ടിക്കടകളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. ആ നാടുകളൊകക്കെ വന്‍ വികസന കുതിപ്പിലാണ്‌. അതുപോലെ നമുക്കും ഇനി വികസിക്കണം.. വികസനത്തെ എതിര്‍ക്കുന്നവര്‍ സാമൂഹ്യ വിരുദ്ധര്‍. അവരുടെ സ്ഥാനം പടിക്കുപുറത്ത്‌. പിന്നെ കുടുംബ കലഹങ്ങള്‍... അതു തീര്‍ക്കാന്‍ നമുക്ക്‌ പുതിയൊരു വകുപ്പു കൂടി തുടങ്ങാം. ഒരു കുപ്പിക്കു ചുറ്റുമിരുന്നാല്‍ തീരാത്ത പ്രശ്‌നങ്ങളില്ല എന്നതാണ്‌ അനുഭവ സാക്ഷ്യം.. പരീക്ഷിച്ചുനോക്കാത്തവര്‍ക്ക്‌ പാരാതി ഉണ്ടാകേണ്ടതില്ല.
ചരിതം..
ലണ്ടന്‍ ആസ്ഥാനമായ ബക്കാര്‍ഡി മാര്‍ട്ടിനി എന്ന ആഗോള മദ്യ കമ്പനിയുടെ ഇന്ത്യന്‍ ഘടകമാണ്‌ മദ്യകോള വിപണിയിലിറക്കാനുള്ള ശ്രമവുമായി 2007-ല്‍ സര്‍ക്കാറിനെ സമീപിച്ചത്‌. 5 മുതല്‍ 10 ശനമാനം വരെ ആല്‍ക്കഹോള്‍ അടങ്ങിയ ബിയറിന്‌ തുല്യമായതാണ്‌ തങ്ങള്‍ വിപണിയില്‍ ഇറക്കാന്‍ ഉദ്ദേശിക്കുന്ന റെഡി ടു ഡ്രിങ്ക്‌ എന്ന ഉല്‍പ്പന്നമെന്ന്‌ അവര്‍ സര്‍ക്കാറിനെ അറിയിച്ചിരുന്നു. ജ്യൂസ്‌ രൂപത്തിലുള്ള ഉത്‌പന്നം പലനിറത്തിലും രുചിയിലും വിപണിയില്‍ ഇറക്കാനായിരുന്നു ശ്രമം. മറ്റുചില സംസ്ഥാനങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിപണിയിലിറക്കിയ തങ്ങളുടെ ഉത്‌പ്പന്നങ്ങള്‍ വന്‍വിജയമാണെന്നും അതുപോലെ കേരളത്തിലും ഇത്തരം ഉത്‌പ്പന്നങ്ങള്‍ വിറ്റയിക്കാന്‍ അവസരം നല്‍കണമെന്നു മായിരുന്നു കമ്പനിയുടെ ആവശ്യം. ജനരോക്ഷം ഭയന്ന്‌ നിരാകരിക്കപ്പെട്ട ആവശ്യം അബ്‌കാരി നിയമം ഭേതഗതി ചെയ്‌ത്‌ ഇപ്പോള്‍ വിപണിയിലിറക്കാനുള്ള ശ്രമമാണ്‌ നടന്നുകൊണ്ടിരിക്കുന്നത്‌.
ഓരോ ആഘോഷങ്ങള്‍ കഴിയും തോറും വില്‍പ്പന റെക്കോര്‍ഡ്‌ കുതിച്ചുയരുന്ന ഓരേ ഒരു വ്യവസായം സര്‍വ്വത്ര പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ഗവണ്‍മെന്റ്‌ ഇത്തരമൊരു ത്യാഗത്തിന്‌ മുതിരുന്നത്‌. അനേക കാലത്തെ ഗവേഷണത്തിന്റെ ഫലമാണ്‌ പുതിയ തരോദയം.. നികുതിയിനത്തില്‍ വന്‍തുക പെട്ടിയിലാകുന്നത്‌ കൊണ്ട്‌ യജമാനന്‍മാര്‍ക്ക്‌ പരാതിയുണ്ടാകില്ല. കുടിക്കുന്നവര്‍ കുടിച്ചോട്ടെ.. മദ്യക്കുപ്പിയില്‍ മലയാളത്തില്‍ മദ്യപാനം ആരോഗ്യത്തിന്‌ ഹാനികരം എന്ന്‌ എഴുതിയിട്ടുണ്ടല്ലോ..!!. 100 ശതമാനം സാക്ഷരതയുള്ള കേരളക്കരയില്‍ ഈ മുന്നറിയിപ്പ്‌ വായിക്കാനറിയാത്തവരായി ആരെങ്കിലുമുണ്ടാകുമോ..!? അല്ല പിന്നെ..! ഇതിനപ്പുറം ഗവണ്‍മെന്റിന്‌ എന്ത്‌ ചെയ്യാനൊക്കും..! ഐ.എസ്‌.ഐ മാര്‍ക്ക്‌ ഉള്ള സാധനം ആവശ്യക്കാര്‍ക്ക്‌ നല്‍കിയില്ലെങ്കില്‍ ജനത്തെ വ്യാജന്‍ കടന്ന്‌ പിടിക്കും..! അത്‌ പിന്നീട്‌ വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക്‌ ഇടവരുത്തും..!
ആര്‍ക്കാണ്‌ ഇവിടെ നഷ്‌ടം. സാമ്ര്യാജ്യത്വ വൈറസ്‌ പരത്തിവിടുന്ന മ്ലേഛതകള്‍ ഏറ്റുവാങ്ങി പുതുതലമുറയെ അരാഷ്‌ട്രീയ വത്‌ക്കരിക്കുകയാണ്‌ ഇതിന്റെ പിന്നിലുള്ള ഗൂഢലക്ഷ്യം. ഭരണകൂടത്തിന്റെ നെറികേടുകള്‍ക്കെതിരെ നിറം നോക്കാതെ പ്രതികരിക്കുന്ന പാരമ്പര്യമുണ്ടായിരുന്ന ക്യാമ്പസുകളും ഇന്ന്‌ നിസ്സംഗതയില്‍ മയങ്ങുകയാണ്‌. മരവിച്ച മസ്‌തിഷ്‌കവും ചവിട്ടുറക്കാത്ത കുഴഞ്ഞകാലുകളുമായി ഇനി വിപ്ലവം വഴിയില്‍ മയങ്ങി കിടക്കും.. മുതലാളിത്ത തൊഴിലാളി വര്‍ഗ്ഗ പ്രത്യശാസ്‌ത്രങ്ങള്‍ക്കതീധമായി മന്ത്രിപുത്രന്‍മാരും പാര്‍ട്ടി പ്രമുഖരുടെ മക്കളും വിദേശ യൂണിവേഴ്‌സിറ്റികളില്‍ സസുഖം വാഴുമ്പോള്‍ മക്കളെയോര്‍ത്ത്‌ ആകുലപ്പെടുന്ന ദരിദ്രനാരായണമാരുടെ വ്യഥകള്‍ ശ്രദ്ധിക്കപ്പെടാന്‍ ഇവിടെ ആളുണ്ടാകാറില്ല. ഇത്‌ നാടിന്റെ ശാപം..
ആരാണ്‌ ഈ നെറികേടിനെതിരെ പ്രതികരിക്കാനുള്ളത്‌. കലാ സൃഷ്‌ടിയുടെ കനത്തിനുവേണ്ടി കുറച്ചൊക്കെ അകത്താക്കുന്ന സാംസ്‌കാരിക നായകരെ വെറുതെ വിടാം. പരിഷത്തിന്റെ കുടത്തിലുള്ള ബുദ്ദിജീവികള്‍ ഇതിനെതിരെ രംഗത്തുവരില്ല. കാരണം അന്നം മുട്ടുമെന്ന ഭയം. എന്നാല്‍ ഭരണ വര്‍ഗ്ഗത്തിന്റെ ഏത്‌ ചെയ്‌തികളെയും പ്രതിരോധിക്കാന്‍ ദൗത്യമേറ്റടുത്ത പ്രതിപക്ഷ പുംഗവന്‍മാരും ഈ അധര്‍മത്തിനെതിരെ മൗനവ്രതത്തിലാണ്‌ എന്നതാണ്‌ ഖേദകരം. തങ്ങളുടെ നിര മുമ്പ്‌ ഭരണത്തിലിരുന്നപ്പോള്‍ ചാരായ ഭൂതത്തെ കുടത്തിലാക്കിയ മഹാന്‍ കേന്ദ്രത്തില്‍ പ്രതിരോധ ദൗത്യത്തിലായതുകൊണ്ടാണോ എന്നറിയില്ല...!
ഇത്‌ കൊടും ചതിയാണ്‌.. ആത്മ വഞ്ചനയാണ്‌.. തലമുറകളോട്‌ ചെയ്യുന്ന മഹാപാതകമാണ്‌.. നാളെ ഭരണമേറ്റെടുക്കേണ്ട പുതുതലമുറ വഴിവിട്ടു സഞ്ചരിക്കുകയും നാശത്തിലേക്ക്‌ കൂപ്പുകുത്തുകയും ചെയ്യുമ്പോള്‍ തിരുത്തുകുറിക്കാതെ നിശബ്‌ധത പാലിക്കുന്നത്‌ അപകടമാണ്‌. കുളത്തില്‍ തള്ളിയിട്ടതിനു ശേഷം നീന്തലറിയില്ലെ..! നീന്തി കരപറ്റിക്കൂടെ..? എന്ന്‌ ചോദിക്കുന്നത്‌ അനീതിയാണ്‌.. കാപട്യമാണ്‌..! സാമൂഹ്യ ജീവിതത്തിന്റെ കടക്കല്‍ കത്തിവെയ്‌ക്കുന്നവര്‍ ആരായാലും അവര്‍ ഇനിയും ജനങ്ങളുടെ മുന്നില്‍ വരും.. അവരെ ജനം തിരിച്ചറിയും.. വേണ്ടതുപോലെ കൈകാര്യം ചെയ്യും..
വരാനിരിക്കുന്ന സമൂഹമേ.. മാപ്പ്‌.. ദൈവത്തിന്റെ സ്വന്തനാട്‌ എന്നായിരുന്നു ഈ നാടിനെ വിദേശികള്‍ പരിചയപ്പെടുത്തിയത്‌.. ഇവിടുത്തെ പ്രകൃതി മനോഹരമായിരുന്നു.. ഇവിടെ വനങ്ങളും ശുദ്ധ ജലവും സുലഭമായിരുന്നു.. സംസ്‌കാരവും സഹിഷ്‌ണുതയും ഈ നാടിന്റെ മുഖമുദ്രയായിരുന്നു. സ്‌നേഹവും സൗഹാര്‍ദ്ദവും കളിയാടിയിരുന്നു. നമുക്ക്‌ വരദാനമായി ലഭിച്ച ഈ സൗഭാഗ്യം ഞങ്ങളുടെ മുന്‍തലമുറ ഞങ്ങള്‍ക്കുവേണ്ടി കരുതിവെച്ച്‌ കൈമാറിതന്നു.. ഇതെല്ലാം ഇന്ന്‌ കേട്ട്‌ കേള്‍വി മാത്രം.. നിങ്ങള്‍ക്കായി ബാക്കി വെയ്‌ക്കാന്‍ ഇനി............ മാപ്പ്‌..! മാപ്പ്‌..!!

Friday, March 5, 2010



മൊസാദ്‌ വിളിച്ചുപറയുന്നത്‌
04.03.2010

ലക്ഷ്യപൂര്‍ത്തീകരണത്തിനു വേണ്ടി ഏത്‌ നെറികെട്ട മാര്‍ഗ്ഗവും സ്വീകരിക്കുക എന്നത്‌ ഫാസിസ്റ്റ്‌ തന്ത്രമാണ്‌. അതിനവര്‍ക്ക്‌ പ്രത്യശാസ്‌ത്രങ്ങളോ രാഷ്‌ട്രങ്ങളുടെ മതില്‍ കെട്ടുകളോ പ്രതിബന്ധമാകാറില്ല. അതിന്‌ ഏറ്റവും പുതിയ ഉദാഹരണമാണ്‌ ഹമാസ്‌ നേതാവ്‌ മഹ്‌മൂദ്‌ അല്‍ മബ്‌ഹൂഹിന്റെ കൊലപാതകത്തിലൂടെ ഇസ്രായേലി ചാരസംഘമായ മൊസാദ്‌ നിര്‍വ്വഹിച്ചിരിക്കുന്നത്‌. കൃത്യനിര്‍വ്വഹണംകൊണ്ടും ക്രൂരതകള്‍കൊണ്ടും പേരുനേടിയവരാണ്‌ മൊസാദികള്‍. ലോകത്ത്‌ എല്ലാ രാഷ്‌ട്രങ്ങളിലും മൊസാദിന്റെ ചാരന്‍മാര്‍ സൈ്വര്യവിഹാരം നടത്തുന്നുണ്ട്‌. പല രാജ്യങ്ങളുടെ ഉന്നത സ്ഥാനങ്ങളിലുള്ളവരെ പോലും വലയെറിഞ്ഞ്‌ പിടിക്കാന്‍ മൊസാദിന്‌ കഴിഞ്ഞിട്ടുണ്ട്‌. അനേകം നിരപരാധികളുടെ രക്തംകൊണ്ട്‌ പങ്കിലമാണ്‌ മൊസാദിന്റെ കരങ്ങള്‍.
ജൂതരെ കൂട്ടക്കൊല ചെയ്‌ത കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ക്ക്‌ നേതൃത്വം നല്‍കിയ ഹിറ്റലറുടെ സഹായിയായ അഡോള്‍ഫ്‌ ഐമാനെ വര്‍ഷങ്ങള്‍ക്ക്‌ ശേഷം തട്ടിക്കൊണ്ട്‌ വന്ന്‌ കൊലപ്പെടുത്തിയത്‌ മൊസാദിന്റെ ഓപ്പറേഷനുകളില്‍ എടുത്ത്‌ പറയുന്നതാണ്‌. പതിനഞ്ച്‌ വര്‍ഷത്തോളം ഒളിവില്‍ താമസിച്ച്‌ വിവിധ രാജ്യങ്ങളില്‍ വ്യത്യസ്ഥ വേഷങ്ങളില്‍ ജോലി ചെയ്‌ത്‌ ജീവിക്കുന്നതിനിടെയാണ്‌ അര്‍ജന്റീനയില്‍ നിന്ന്‌ മൊസാദ്‌ ഐമാനെ കണ്ടെത്തി ആരോരുമറിയാതെ വിമാനമാര്‍ഗ്ഗം ഇസ്രയേലില്‍ കൊണ്ടുവന്ന്‌ തൂക്കിലേറ്റുന്നത്‌.
രക്തം കണ്ട്‌ കൊതിയടങ്ങാത്തവരാണ്‌ മൊസാദിന്റെ അംഗങ്ങള്‍. തങ്ങള്‍ കശാപ്പ്‌ ചെയ്യാനുദ്ദേശിക്കുന്ന ഇരയെ നിഴല്‍പോലെ പിന്തുടരുകയും അവസരംകിട്ടുമ്പോള്‍ കടന്നാക്രമിക്കുകയും ചെയ്യുക എന്നതാണ്‌ മൊസാദിന്റെ ശൈലി. ശത്രുവിന്റെ ദൗര്‍ബല്യങ്ങള്‍ ഗൃഹപാഠം ചെയ്‌താണ്‌ മൊസാദ്‌ ആക്ഷനുകള്‍ പ്ലാന്‍ ചെയ്യുന്നത്‌. തങ്ങള്‍ക്ക്‌ അനുചിതരായ ചില രാഷ്‌ട്രങ്ങളുടെ നേതാക്കളെ മൊസാദ്‌ വകവരുത്തിയത്‌ സ്‌ത്രീകളെ ഉപയോഗിച്ചായിരുന്നു. മൊസാദിന്റെ ആക്ഷനുകള്‍ പാളുന്നത്‌ അപൂര്‍വ്വമായാണ്‌. മ്യൂണിക്‌ ഒളിമ്പിക്‌സില്‍ ഇസ്രായേലി അത്‌ലറ്റുകളെ വെടിവെച്ചുകൊന്ന പ്രതികളെ മൊസാദിന്റെ സഹായത്തോടെ ഇസ്രയേല്‍ കൈകാര്യം ചെയ്‌തത്‌ ഉദാഹരണമാണ്‌.
കഠിനമായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി എന്ത്‌ ത്യാഗവും സഹിക്കാന്‍ സന്നദ്ധതയുള്ളവര്‍ക്ക്‌ മാത്രമേ മൊസാദില്‍ അംഗത്വം ലഭിക്കൂ. തങ്ങളുടെ കൂറ്‌ തെളിയിക്കാന്‍ കഠിനമായ ഓപ്പറേഷനുകള്‍ നടത്താന്‍ മൊസാദിന്റെ അധികൃതര്‍ അംഗങ്ങളെ പ്രേരിപ്പിക്കാറുണ്ട്‌. സാങ്കേതികത കൊണ്ടും സമ്പന്നതകൊണ്ടും ലോകത്ത്‌ ഒന്നാം കിടയാണ്‌ മൊസാദ്‌. നശീകരണ ആയുധങ്ങള്‍ നിര്‍മ്മിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന ഇസ്രായേല്‍ എന്ന ഭീകര രാഷ്‌ട്രത്തിന്റെ പരിപൂര്‍ണ്ണ പിന്തുണയും അമേരിക്കയുടെ ആശീര്‍വാദവുമാണ്‌ മൊസാദിന്റെ പിന്‍ബലം. ലോകത്തെ മറ്റു രാഷ്‌ട്രങ്ങളുടെ ചാരസംഘടനകളില്‍ നുഴഞ്ഞുകയറി തങ്ങളുടെ അംഗങ്ങളെ വിന്യസിക്കാന്‍ വരെ മൊസാദിന്‌ കഴിഞ്ഞിട്ടുണ്ട്‌. കൃത്യമായ ലക്ഷ്യവും മികവുറ്റ പ്ലാനിംഗും അതീവ രഹസ്യമുള്ള ആക്ഷനുകളുമാണ്‌ മൊസാദ്‌ ലക്ഷ്യപ്രാപ്‌തിക്കുവേണ്ടി തിരഞ്ഞെടുക്കുന്നത്‌.
എന്നാല്‍ ഇത്രയും സാങ്കേതികത്വമുള്ള മൊസാദിന്റെ കൊടുംചെയ്‌തികള്‍ ലോകത്തിന്റെ മുന്നില്‍ അനാവൃതമാവുന്ന കാഴ്‌ചയാണ്‌ മബ്‌ഹൂഹിന്റെ കൊലയിലൂടെ ലോകം കണ്ടത്‌. തങ്ങള്‍ക്കിഷ്‌ടമില്ലാത്തവരെ കൊന്നു തള്ളുകയും കുറ്റം കൊല്ലപ്പെട്ടവന്റെ ശത്രുവിന്റെ തലയിലിട്ട്‌ കടന്നു കളയുകയും ചെയ്യുകയെന്ന തന്ത്രം പയറ്റുന്ന മൊസാദിന്‌ ദുബൈയില്‍ പൊല്ലാപ്പായത്‌ രഹസ്യക്യാമറക്കണ്ണുകളാണ്‌. ഈ സത്യം വെളിച്ചത്തുവന്നില്ലായിരുന്നുവെങ്കില്‍ ഹമാസിന്റെ എതിരാളികളായ ഫത്‌ഹിന്റെ ചുമലിന്റെ ഈ പാപത്തിന്റെ ഭാണ്‌ഡം ഇറക്കിവെക്കാന്‍ ഇസ്രയേല്‍ തുനിയുമായിരുന്നു. അതോടൊപ്പം ഗള്‍ഫ്‌ രാഷ്‌ട്രങ്ങള്‍ സുരക്ഷിതമല്ല എന്ന ധ്വനി സൃഷ്‌ടിച്ച്‌ നൂറിലേറെ രാഷ്‌ട്രങ്ങളിലെ ജനങ്ങള്‍ അധിജീവനം നടത്തുന്ന ദുബൈ നഗരത്തിനുമേല്‍ കരിനിയല്‍ വീഴ്‌ത്താനും ഈ കുബുദ്ധികള്‍ക്ക്‌ സാധിക്കുമായിരുന്നു. ദുബൈ പോലീസ്‌ അധികരികളുടെ സന്ദര്‍ഭോചിതമായ ഇടപെടലാണ്‌ ഇത്തരമൊരു സാധ്യത ഇല്ലാതാക്കിയത്‌.
ഫലസ്‌തീനികളുടെ നെടുവീര്‍പ്പുകളെ ബുള്ളറ്റുകള്‍കൊണ്ട്‌ അമര്‍ച്ച ചെയ്യുന്ന ഇസ്രയേല്‍ എന്ന ഭീകര രാഷ്‌ട്രം തങ്ങള്‍ക്ക്‌ നിലനില്‍ക്കാനുള്ള ധനം കണ്ടെത്തുന്നത്‌ ആയുധ വ്യാപാരത്തിലൂടെയാണ്‌. ഇന്ത്യയടക്കമുള്ള രാജ്യങ്ങളാണ്‌ ഇവരുടെ ഉപഭോക്തൃലിസിറ്റിലുള്ളത്‌. വളരെ തന്ത്രപരമായി തങ്ങളുടെ ആയുധം വിറ്റയിക്കാന്‍ ഇസ്രായേലിനറിയാം. അതിനുവേണ്ടി രാഷ്‌ട്രങ്ങള്‍ക്കിടയില്‍ അസ്വാരശ്യങ്ങളുണ്ടാക്കാന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇത്തരം കെണിയില്‍ അപപ്പെടാതിരിക്കാന്‍ ഇന്ത്യയുടെ ഭരണനേതൃത്വം ഉണ്ണര്‍ന്നിരിക്കണം. മനുഷ്യ രക്തംകൊണ്ട്‌ ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുന്ന ഇസ്രായേലുമായുള്ള ചങ്ങാത്തം അവസാനിപ്പിക്കുകയും വേണം.

Thursday, January 14, 2010


മാധ്യമങ്ങള്‍ നാടുവാണീടും കാലം..!
മനുഷ്യരെല്ലാരും.....!!


ആധുനികയുഗം മാധ്യമങ്ങളുടെ പടയോട്ടത്തിന്റെ കാലഘട്ടമാണ്‌. പൗരാണിക രാജാക്കന്‍മാര്‍ക്കും യുദ്ധ പ്രഭുക്കള്‍ക്കും മാത്രം സാധിച്ചിരുന്ന കൃത്യങ്ങളാണ്‌ ഇന്ന്‌ മാധ്യമ ചക്രവര്‍ത്തിമാര്‍ തങ്ങളുടെ മഷികൊണ്ട്‌ നേടുന്നത്‌. അല്ലെങ്കിലും ഇവരെ സമ്മതിക്കണം. പണ്ട്‌ കൊല്ലിനും കൊലക്കും അധികാരമുണ്ടായിരുന്ന വര്‍ക്ക്‌ സാധിക്കാത്ത കാര്യം പോലും മാധ്യമങ്ങള്‍ പുഷ്‌പം പോലെ സാധിച്ചെടുക്കുന്നില്ലെ? നാടിന്റെ വികസനത്തിന്‌ മുതല്‍ക്കൂട്ടാവുന്ന, ഐന്‍സ്റ്റീന്‍ തിയറിയേക്കാള്‍ മഹത്തരമായ ലൗ ജിഹാദെന്ന വേദവാക്യം നാടിന്‌ സംഭാവന ചെയ്‌തില്ലെ? അഞ്ച്‌ കാശിന്‌ വകയില്ലാതെ അലഞ്ഞ്‌ തിരിയുന്ന എത്രയെത്ര ആളുകളെ കൊടും തീവ്രവാദിയും ഭീകരവാദിയുമാക്കി സമാധാനത്തിന്റെ കാവല്‍പടക്ക്‌ ഏറ്റമുട്ടലില്‍ കാഞ്ചി വലിക്കാന്‍ ഒരുക്കി നില്‍ത്തി കൊടുത്തു? ഇതില്‍പരം എന്തുമഹത്തരമായ സേവനമാണ്‌ മാധ്യമങ്ങള്‍ ചെയ്യേണ്ടത്‌.
നാടിന്റെ വികസന വിപ്ലവം നടത്തേണ്ടത്‌ രാഷ്‌ട്രീയക്കാരല്ലെ? സമൂഹത്തിന്‌ ധാര്‍മ്മികത പഠിപ്പിക്കേണ്ടത്‌ മത സാംസ്‌കാരിക സംഘടനകളല്ലെ? പുതുതലമുറയെ സര്‍ഗ്ഗാത്മകമായി വളര്‍ത്തി പൗരബോധമുള്ളവരാക്കി തീര്‍ക്കേണ്ടത്‌ അധ്യാപകരല്ലെ? കൊള്ളയും കൊള്ളിവെയ്‌പും കാലുഷ്യവും കലാപവുമില്ലാതെ നാടുകാക്കേണ്ടത്‌ ഭരണവും നീതിപീഠവുമല്ലെ? ജനതയുടെ ആരോഗ്യ സംരക്ഷണത്തിന്‌ ആരോഗ്യ വകുപ്പും ഭൂമിയുടെ ആരോഗ്യത്തിന്‌ പാരിസ്ഥിതി സംഘടനയുമുണ്ടല്ലോ..!? ഇവരൊക്കെ സുവിശേഷ സേവനം നടത്തുന്നതിനിടയില്‍ ജനാധിപത്യത്തിന്റെ അഞ്ചാം തൂണിന്‌ ഇടമെവിടെ ?
അല്ലപിന്നെ നാട്ടിലെ മാധ്യമങ്ങള്‍ അജണ്ടയില്ലാത്തവരാവാനോ? അതിനല്ലല്ലേ ഭീകരവാദം കണ്ടുപിടിച്ചത്‌. വറ ചെട്ടിയിലിട്ട്‌ പൊരിക്കാന്‍ ഒരു സമുദായത്തെയും കിട്ടിയിട്ടുണ്ടല്ലോ. ന്യൂനപക്ഷമായതുകൊണ്ട്‌ ആരും ചോദിക്കാനുമുണ്ടാകില്ല. ഭീകരരും തീവ്രവാദികളുമാക്കി രസിക്കാം. കോടതി വെറുതെവിട്ടാലും വേണ്ടില്ല. നമുക്ക്‌ സര്‍ക്കുലേഷന്‍ വര്‍ധിക്കണം. പിടിച്ചുനില്‍ക്കാന്‍ അപരന്റെ രക്തം കൊണ്ടായാലും അച്ചുനിരത്തിയേ മതിയാവൂ.
ഇടക്കൊരു സംശയം ചോദിക്കട്ടെ, നാട്ടില്‍ മാധ്യമ നീതി എന്നൊന്നുണ്ടോ? ബാബരി മസ്‌ജിദിന്റെ താഴികക്കുടങ്ങള്‍ പകല്‍ വെളിച്ചത്തില്‍ അടിച്ചുപൊളിച്ച അറുപത്തിയെട്ട്‌ മാന്യന്‍മാര്‍ (കോടതി ഭാഷയില്‍ കപട മതേതര വാദികള്‍) ഉണ്ടും ഉറങ്ങിയും വാഴുന്ന നാട്ടില്‍, ഗുജറാത്തിലെ മുസ്‌ലിംകളെ പച്ചക്കു ചുട്ട സനാധന സംരക്ഷകനായ ആദര്‍ശ ധീരന്‍ നാട്‌ ഭരിക്കുമ്പോള്‍, മുസ്‌ലിമിന്‌ തലയോടെ ജീവിക്കണമെങ്കില്‍ താമരയുടെ ഇതളിന്റെ മൂര്‍ച്ച കുറയണമെന്ന്‌ ഓര്‍മ്മപ്പെടുത്തുന്ന യുവ ഗാന്ധിമാര്‍ വിലസുന്ന നാട്ടില്‍, മുസല്‍മാന്‌ ജനിച്ച നാടിന്റെ പ്രധാന മന്ത്രിയാകണമെങ്കില്‍ സ്വന്തം ആരാധന ഗേഹം തീരെഴുതിക്കൊടുക്കണമെന്ന്‌ നിബന്ധന വെക്കുന്ന സിംഹങ്ങളുള്ള രാഷ്‌ട്രത്തില്‍ പേരുനോക്കി ഭീകരതക്ക്‌ ഡിഗ്രി കണക്കാക്കുന്നതിനാണോ മാധ്യമനീതി എന്ന്‌ പറയുന്നത്‌? മാധ്യമങ്ങളുടെ അപഷര്‍പക കഥകള്‍ക്കനുസൃതമായി വിധി കല്‍പ്പിക്കുന്നതിനാവും സാമൂഹ്യ നീതി എന്ന്‌ പറയുന്നത്‌.
മനുഷിക നിലനില്‍പ്പിന്റെ പ്രശ്‌നങ്ങളായ അരിക്കും പയറിനും വിലകൂടിയാലും വാര്‍ത്തയാകാന്‍ അനുവദിക്കാതെ ഭീകര നിര്‍മ്മാണ ഫാക്‌ടറികളായി മാത്രം നിലകൊള്ളുന്ന മാധ്യമ സേവനം വീരപാരാക്രമികളായ പൗരാണിക വില്ലാളി വെല്ലുവിളിക്കും തീര്‍ച്ച.
അധിനിവേശത്തിനെത്തിതെതിരെ തൂലിക പടവാളാക്കിയ സൈനുദ്ദീന്‍ മഖ്‌ദൂമിന്റെയും പോര്‍ച്ചുഗീസുകാരന്റെ ചങ്ക്‌ കലക്കിയ കുഞ്ഞാലി മരക്കാരുടെയും വെള്ളപട്ടാളത്തിനെതിരെ അന്ത്യംവരെ പൊരുതിയ ടിപ്പുസുല്‍ത്താന്റെയും രാഷ്‌ട്ര സ്വാതന്ത്ര്യത്തിനായി വെടിയുണ്ടക്കെതിരെ വിരിമാറ്‌ കാട്ടിയ ആലി മുസ്‌ ലിയാരുടെയും വാരിയംകുന്നത്ത്‌ കുഞ്ഞഹമദാജിയുടെയും പിന്‍മുറക്കാന്‍ പിറന്ന നാട്ടില്‍ രാജ്യക്കൂറ്‌ തെളിയാക്കാന്‍ വിധിക്കപ്പെട്ടത്‌ അധിനിവേശത്തിന്റെ അപ്പോസ്‌തലന്‍മാര്‍ക്ക്‌ അടിമവേല ചെയ്‌ത അഭിനവ കങ്കാണിമാര്‍ക്ക്‌ മുമ്പിലാണെന്നാലോചിക്കുമ്പോള്‍ ലജ്ജ തോന്നും. സ്വരാജ്യ സ്‌നേഹം മതത്തിന്റെ ഭാഗമാണെന്ന്‌ വിശ്വസിക്കുന്ന മുസ്‌ലിം നായികക്ക്‌ നാല്‍പത്‌ വട്ടം നിരപരാധിത്വം തെളിയിച്ചാലും അപരാധിയെന്ന്‌ വിളിച്ചാക്ഷേപിക്കുന്നവരോട്‌ ആഗോള തലത്തില്‍ തന്നെ തല്ലുകൊള്ളാന്‍ വിധിക്കപ്പെട്ട ഒരു സമൂദായാംഗമെന്ന നിലയില്‍ തങ്ങളുടെ അസ്ഥിത്വം തെളിയിക്കാന്‍ ഇനി എന്ത്‌ കുര്‍ബാനയാണ്‌ നടത്തേണ്ടതെന്നാണ്‌ വിനീതമായ ചോദ്യം.
സ്വന്തം സമുദായക്കാര്‍ സ്‌ഫോടനങ്ങള്‍ക്ക്‌ പിടിക്കപ്പെടുമ്പോള്‍ ഭീകരതക്ക്‌ മതമില്ലാതാകുന്ന കാവിപ്പാര്‍ട്ടിക്ക്‌ വിവരം കെട്ട ഏതോ മുസ്‌ലിം നാമധാരികളുടെ അപലപനീയ കൃത്യങ്ങളെ സമുദായത്തിന്റെ പിരടിക്ക്‌ വെച്ചുകെട്ടാന്‍ വലിയ ഉത്സാഹമാണ്‌. അത്‌ അവരുടെ അജണ്ടയുടെ ഭാഗമാണു താനും. എന്നാല്‍ ഇന്ന്‌ മതേതരത്വത്തില്‍ പേരിലറിയപ്പെടുന്ന പല പാര്‍ട്ടികളും മുസ്‌ലിംകളെ തീവ്രവാദത്തിന്റെ പേരില്‍ അപഹസിക്കുന്നത്‌ അപലപനീയമാണ്‌. ഇതില്‍ മുസ്‌ലിം സമൂഹം ആശങ്കാകുലരുമാണ്‌.
വര്‍ഗ്ഗീയ ചേരിതിരിവ്‌ സൃഷ്‌ടിച്ച്‌ മുതലെടുപ്പ്‌ നടത്താന്‍ ശ്രമിക്കുന്ന കാവി മനസ്സിന്‌ കുഴലൂത്ത്‌ നടത്തി മതേതര സമൂഹത്തെ കൂടി മുസ്‌ലിം വിരുദ്ധരാക്കുന്നത്‌ മതേതര ഗാന്ധിയന്‍മാര്‍ക്ക്‌ നന്നല്ല. മതേതര മനസ്സ്‌ വര്‍ഗ്ഗീയ വല്‍ക്കരിക്കപ്പെട്ടതിന്റെ പരിണിതി നാം ഗുജറാത്തില്‍ കണ്ടതാണ്‌. ഗാന്ധിയുടെ നാട്ടിന്റെ ചെങ്കോല്‍ വര്‍ഗ്ഗീയതയുടെ കയ്യിലേല്‍പ്പിച്ചതില്‍ മതേതര പാര്‍ട്ടികള്‍ക്കും നിഷേധിക്കാനാകാത്ത പങ്കുണ്ട്‌. ചെറിയ ലാഭത്തിന്‌ വേണ്ടി വര്‍ഗ്ഗീയയെ താലോലിക്കുന്നവര്‍ മതേതര കേരളത്തില്‍ നല്ലഭാവി ആലോചിച്ചെങ്കിലും ആ ശ്രമത്തില്‍ നിന്ന്‌ പിന്‍മാറാന്‍ തയ്യാറാകണം. അപക്വമായി നേതാക്കള്‍ നടത്തുന്ന പ്രസ്ഥാവനകളും പ്രസംഗങ്ങളും കാലങ്ങളായി വര്‍ഗ്ഗീയ രാഷ്‌ട്രീയം ശ്രമിച്ചിട്ടും നടക്കാത്ത ചേരിതിരിവാണ്‌ നേടിക്കൊടുക്കുന്നത്‌.
അധിനിവേശം അവസരംകാത്ത്‌ വായ്‌ പിളര്‍ന്നിരിക്കുമ്പോള്‍ ഭരണധാപന്‍മാര്‍ ജനഹിതം മറന്ന്‌ സുഖലോലുപതയില്‍ രമിക്കുമ്പോള്‍ പട്ടിണിയും ദാരിദ്രവും നിരക്ഷരതയും നാട്ടില്‍ കൊടികുത്തിവായുമ്പോള്‍ ലഹരിയുടെയും മാഫിയകളുടെയും വഴിയില്‍ പുതുതലമുറ വഴിമാറി സഞ്ചരിക്കുമ്പോള്‍ തിരുത്ത്‌ കുറിക്കേണ്ട മാധ്യമങ്ങള്‍ സമൂഹത്തെ ചിന്തിക്കാന്‍ പൊലും അനുവദിക്കാതെ തങ്ങളുടെ അജണ്ടകള്‍ അടിച്ചേല്‍പ്പിക്കുന്നതിന്‌ വേണ്ടി ശ്രമിക്കുമ്പോള്‍, മൂല്യബോധമില്ലാത്ത ഒരു സാമൂഹിക സൃഷ്‌ടിക്കേ ഈ ശ്രമം ഉപകരിക്കൂ. വികസനവും വിലക്കയറ്റവും അജണ്ടയാകാതെ സ്‌ഫോടനങ്ങളും അപകടങ്ങളും ആഘോഷിക്കപ്പെടുമ്പോള്‍ സാമുഹ്യ ബോധ മണ്‌ഡലത്തില്‍ അരാചകത്വമാണ്‌ സൃഷ്‌ടിക്കപ്പെടുന്നത്‌.
അന്യോഷണം നടക്കാതെ നീതിപീഠങ്ങള്‍ വിധി കല്‍പ്പിക്കാതെ തന്റെ ഭാഗം അവതരിപ്പിക്കാന്‍ പോലും സമ്മതിക്കാതെ ഒരു നിരപരാധിയെ സമൂഹമധ്യത്തില്‍ അവഹേളിക്കുന്ന തരത്തിലുള്ള ധാരാളം അനുഭവങ്ങള്‍ ഇന്ന്‌ മാധ്യമങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നു. അപമാനിക്കപ്പെടുന്നവരുടെ മാനസിക സ്ഥിതി പരിഗണിക്കാനും മധ്യമ ഇടപെടലുകള്‍ നന്മക്ക്‌ വേണ്ടിയുള്ളതാകാനും ശ്രമിക്കണം.