Thursday, December 23, 2010

ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം :  
തിരുത്തപ്പെടേണ്ട അനീതി

വെള്ളക്കോളര്‍ ഉദ്യോഗം ഒരു അംഗീകാരമായി കാണുന്നവരാണ് കേരളീയ സമൂഹം. കഴിവും പ്രാപ്തിയുമുള്ളവര്‍ മാത്രമേ ഏതാണ്ടൊക്കെ  ഈ മേഖലകളില്‍ എത്തിപ്പെടൂ എന്നതാണ് പൊതുവിശ്വാസം. എന്നാല്‍, അതിന് അപവാദങ്ങളും ഇല്ലാതില്ല. എന്നാല്‍ കൈക്കൂലി കൊടുത്തും കാലുപിടിച്ചും പിന്‍വാതിലിലൂടെ എത്തുന്നവരും കുറവല്ല. പി.എസ്.സി നടത്തിയ നിയമന തട്ടിപ്പുകളുടെ നാറ്റക്കഥകള്‍ സാംസ്‌കാരിക കേരളം മുമ്പ് ഉറക്കമിളച്ച് കണ്ടതാണ്. ഇപ്പോള്‍ പി.എസ്.സിയുടെ നൂലാമാലകള്‍ക്കൊന്നും നില്‍ക്കാതെ നേരെ ചൊവ്വേ ഉദ്യോഗതലങ്ങളില്‍ കയറിയിരിക്കാമെന്നും കൊല്ലത്തും വയനാട്ടിലും ചിലര്‍ തെളിയിച്ചുകഴിഞ്ഞു. രാഷ്ട്രീയക്കാരുമായി അവിശുദ്ധ സഖ്യം ചേര്‍ന്ന് നാടിന്റെ സമ്പത്തൂറ്റുന്ന അട്ടകളായി ഇത്തരക്കാര്‍ പരിണമിക്കുന്നു.
ഇന്ന്, അധിവേഗം കമ്പ്യൂട്ടറുകളും ശീതികരണികളും കയ്യടക്കിക്കൊണ്ടിരിക്കുന്ന സര്‍ക്കാര്‍ മന്ദിരങ്ങളില്‍ ഒച്ചിനെ തോല്‍പ്പിക്കുന്ന വേഗത്തിലാണ് ഇപ്പോഴും ഫയലുകള്‍ നീങ്ങാറുള്ളത്. മ്യൂസിയങ്ങളെ വെല്ലുന്ന രീതിയല്‍ ഫയലുകള്‍ വിശ്രമിക്കുന്നു. ഉടനടി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് പോകുമോ എന്നുപോലും സംശയിച്ചുപോകും. ഫയലിനു മുകളില്‍ ഉറക്കം തൂങ്ങുന്ന ബ്യൂറോക്രാറ്റുകള്‍ പണത്തിന്റെ തിളക്കം കാണുമ്പോള്‍ ഇളകാന്‍ തുടങ്ങും. നടപടികള്‍ പിന്നീട് ത്വരിതഗതിയില്‍ (പണത്തിന്റെ കനത്തിനനുസരിച്ച്) നടക്കും. സെക്രട്ടേറിയറ്റില്‍ ഉദ്യോഗസ്ഥര്‍ കൃത്യസമയത്ത് ജോലിയില്‍ പ്രവേശിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ പഞ്ചിംഗ് ഏര്‍പ്പെടുത്തുകയുണ്ടായി. എന്നാല്‍ പല വിരുതന്‍മാരും ഹാജര്‍ നേടിയതിന് ശേഷം പിതിവുപടി കറക്കം തുടരുകയാണത്രെ. ഫയലുകളുടെ കാര്യം തഥൈവ. നാടിന്റെ ശാപം..!
വളരെ പെട്ടെന്ന് അനുവദിക്കാവുന്ന ഒരു സര്‍ട്ടിഫിക്കറ്റിനുവരെ അധികം സര്‍ക്കാര്‍ ഓഫീസുകളിലും സാധാരണ പൗരന്റെ അന്യേഷണങ്ങള്‍ക്ക് മറുപടി ലഭിക്കാക്കുന്ന റെഡിമെയ്ഡ് മറുപടിയുണ്ട്. നാളെ വരൂ. കൂടുതല്‍ അന്യേഷിക്കുന്നവര്‍ക്ക് ഓഫീസറില്ല എന്ന അറിവുകൂടി ലഭിക്കും. നാളെയില്‍ വിശ്വസിച്ച് ആഴ്ചകളോളും കുടയും തൂക്കി സര്‍ക്കാന്‍ ഓഫീസിന്റെ പടി കയറിയിറങ്ങുന്ന പാവങ്ങളെ സംഘടത്തോടെയെ വീക്ഷിക്കാനാവൂ. പണമുള്ളവനും രാഷ്ട്രീയ സ്വാധീനമുള്ളവനും വീട്ടില്‍വന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പോലും വിശാല മനസ്സുള്ള ഉദ്യോഗസ്ഥ ലോബി വിലസുന്ന നാടാണിത്. മുമ്പ് വയനാട്ടില്‍ സര്‍വ്വീസിലിരുന്ന ഒരു വിദ്വാന്‍ സ്ഥലംമാറ്റം നേടി പിരിഞ്ഞു പോയതിനുശേഷവും വയനാട്ടിലെ ഓഫീസിന്റെ സീലും രേഖകളും ഉപയോഗിച്ച് ആശ്യപ്പെട്ടവര്‍ക്ക് മുഴുവന്‍ ഇഷ്ടം പോലെ ബാര്‍ലൈസന്‍സ് നല്‍കിയത് കയ്യോടെ പിടികൂടിയിരുന്നു. പൗരന്റെ പ്രഥമാവകാശങ്ങളെ പോലും ഇത്തരത്തില്‍ കൈക്കുലിക്കുവേണ്ടി തടയിടപ്പെടാറുണ്ട്. തിരിച്ചറിയല്‍ രേഖയായ പാസ്‌പോര്‍ട്ടു ലഭിക്കാന്‍ പോലീസ് വേരിഫിക്കേഷന്‍ ആവശ്യമാണ്. ചിലസമയങ്ങളില്‍ കൈക്കൂലി ലഭിക്കാതെ പോലീസുകാരന്‍ ആളെ വേരിഫിക്കേഷന്‍ ആകാറില്ല. 
സാധാരണക്കാരോടുള്ള പല ഉദ്യോഗസ്ഥരുടെയും പെരുമാറ്റത്തില്‍ ഒരുതരം ദാര്‍ഷ്ട്യം നിറഞ്ഞുനില്‍ക്കുന്നത് കാണാം. അവജ്ഞയോടെയാണ് അവര്‍ ജനങ്ങളെ സമീപിക്കാറ്. രാജാവിന്റെ ആജ്ഞാ മനോഭാവമാണിവര്‍ക്ക്. ആവശ്യത്തിനുവന്നവന്‍ തങ്ങള്‍ക്കുമുമ്പില്‍ അടിമയുടെ രീതില്‍ ഓച്ഛാനിച്ച് നില്‍ക്കണമെന്ന് നിര്‍ബന്ധമാണ്. ഗതികേട്.. അല്ലാതെന്ത്.. പലര്‍ക്കും കാര്യംകാണാം കഴുതക്കാലും പിടിക്കേണ്ടി വരുന്നു. റെയില്‍വെ സ്റ്റേഷനില്‍ ടിക്കറ്റെടുക്കാന്‍ ചെന്നാലും കാണാം ഇത്തരത്തിലുള്ള ഭരണങ്ങള്‍. ഒരു രൂപയോ രണ്ടുരൂപയോ ചില്ലറയില്ലാത്തതിനാല്‍ ദീര്‍ഘദൂരയാത്രക്കുപോലും ടിക്കറ്റ് കൊടുക്കാതെ ബുദ്ധിമുട്ടിക്കുന്ന ടിക്കറ്റ് കളക്ടര്‍മാരുണ്ട്. ചോദിക്കുന്ന ചോദ്യങ്ങള്‍ക്കൊന്നും ജനങ്ങള്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ ഇവര്‍ മറുപടി പറയാറില്ല. നിങ്ങള്‍ പഠിച്ചാലും പഠിച്ചില്ലെങ്കിലും ഞങ്ങള്‍ക്ക് ഒന്നാം തിയതി തോറും ശംബളം കിട്ടുമെന്ന പല്ലവി ആവര്‍ത്തിക്കുന്ന അധ്യാപകരും നാട്ടില്‍ കുറവല്ല. ജോലി ചെയ്യുന്നതിനാണ് (അവധി ദിനങ്ങളും..!?) കൂലി ലഭിക്കുന്നതെന്ന് ഇവര്‍ മനസ്സിലാക്കിയിട്ടുണ്ടോ? അല്ലാതെ പി.എസ്.സി പരീക്ഷ ജയിച്ച് ജോലി നേടുന്നതിനല്ല..! ഭൂരിപക്ഷം വരുന്ന സാധാരണ പൗരന്‍ വിയര്‍പ്പൊഴുക്കിയുണ്ടാക്കുന്ന നികുതിയാണ് ശംബളവും ബോണസും ഉത്സവ ബത്തയും, ഡി.എയും, ടി.എയുമൊക്കെയായി തങ്ങളും തീന്‍മേശയിലെത്തുന്നതെന്ന് വെട്ടിവിഴുങ്ങുന്നവര്‍ ഓര്‍ക്കേണ്ടതുണ്ട്. എന്നാല്‍ ഇതിന് അപവാദമായി, ആത്മാര്‍ത്ഥതമായി ജോലിചെയ്യുകയും തന്റേടമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ പരിശ്രമിക്കുകയും ചെയ്യുന്ന അധ്യാപകരുള്‍പ്പെടെ, തൊഴിലിനോട് കൂറും ബഹുമാനവുമുള്ള പോലീസ് ഉദ്യോഗസ്ഥര്‍, നീതിനേടിക്കൊടുക്കാന്‍ വേണ്ടി ഏതറ്റവും പോകാന്‍ തയ്യാറാകുന്ന വക്കീലുമാര്‍ തുടങ്ങി തങ്ങളുടെ ഓഫീസിലെത്തുന്ന ഏതൊരു  തുടങ്ങി നിരവധി പേരുണ്ട്. ഇപ്പോള്‍ അവരും വംശനാശ ഭീഷണിയിലാണ്.
ഈ ഓഫീസില്‍ കൈക്കൂലി ആവശ്യപ്പെടുന്നതും നല്‍കുന്നതും കര്‍ശനമായി വിലക്കിയിരിക്കുന്നു എന്ന ബോര്‍ഡ് പല സര്‍ക്കാര്‍ ഓഫീസുകളിലും കാണാം. പലപ്പോഴും ഇതൊരു പ്രഹസനം മാത്രമാണ്. കൈക്കൂലി വാങ്ങുന്നതിനിടയില്‍ പിടിയിലായ ഉദ്യോഗസ്ഥനെതിരില്‍ അന്വേഷണം നടത്താനെത്തി കൈക്കൂലി വാങ്ങുമ്പോള്‍ പിടിയിലായ പുലികളുടെ ചരിത്രവും നമ്മുടെ കേരളക്കരക്ക് പറയാനുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍ സ്വന്തം തറവാടുപോലെ പലരും കാണുന്നു. മതേതര ജനാധിപത്യമായ ഇന്ത്യയിലെ സര്‍ക്കാര്‍ ഓഫീസുകളും അത്തരത്തിലുള്ള മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കണമെന്ന് ഭരണഘടന നിഷ്‌ക്കര്‍ഷിക്കുന്നു. എന്നാല്‍, പല സര്‍ക്കാര്‍ ഓഫീസുകളിലും കടന്നു ചെല്ലുമ്പോള്‍ ഇവ ഒരു മത്തതിന്റെ കുത്തകയാണോ എന്നു തോന്നിപോകും. ഫോട്ടോകളിലും കലണ്ടറുകളുമായി ദൈവങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നതുകാണാം. ഒരു വിരുതന്‍ സര്‍ക്കാര്‍ ഓഫീസില്‍ പൂജ നടത്തി പിടിയിലായതും അടുത്ത കാലത്താണല്ലോ.  പവിത്രമായി കരുതുന്ന ദൈവത്തിന്റെ സ്ഥാനം മനസ്സിലും ആരാധനാ കേന്ദ്രങ്ങളിലുമായിരിക്കണം. അല്ലാതെ എല്ലാ മതക്കാരും ജീവിക്കുന്ന ഒരു രാജ്യത്തിന്റെ പൊതുസ്വത്തായ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കാനുള്ളതല്ല. സവര്‍ണ്ണതക്കു ഭൂരിപക്ഷമുള്ള ഉദ്യോഗമണ്ഡലങ്ങലില്‍ അവരുടെ അനുഷ്ടനങ്ങളും സ്വാഭാവികമായി പൊതുചടങ്ങാക്കി തിരുകിക്കയറ്റുകയാണ്. നിലവിളക്കുകൊളുത്തലും തേങ്ങ ഏറുമൊക്കെ തീര്‍ത്തും ഒരൊറ്റ മതത്തില്‍ ആചാരമാണ്. ഓണത്തെ പൊതു ആഘോഷമായി അവതരിപ്പാക്കാറുണ്ട്. എന്നാല്‍, ഹൈന്ദവ പുരാണ വിശ്വാസ സംബന്ധിയായ ആഘോഷമായ ഓണം കേരള ജനസംഖ്യയിലെ പകുതിയോളം വരുന്ന മത വിഭാഗങ്ങള്‍ ഓണം ആഘോഷിക്കാറില്ല. സര്‍ക്കാര്‍ പരസ്യങ്ങള്‍, വെബ്‌സൈറ്റുകള്‍, സ്‌കൂള്‍ കലാമേളകള്‍, പൊതു സ്ഥാപനങ്ങളുടെ ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങിയവയിലൊക്കെ ഒരു മതത്തിന്റെതാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള ഇത്തരം അവതരണങ്ങള്‍ (അതിക്രമങ്ങള്‍) കാണാം. മതേതരത്വം നില്‍നില്‍ക്കേണ്ട രാജ്യത്ത് ഇവയൊക്കെ തിരുത്തപ്പെടേണ്ടതാണ്. 
മതേതരത്വവും സഹിഷ്ണുതയും നിലനില്‍ക്കണമെന്ന് നൂറുശതമാനവും ആത്മാര്‍ത്ഥതയോടെ ആഗ്രഹിക്കുന്നതോടൊപ്പം, സഹിഷ്ണുത തകര്‍ക്കുന്നതിനു നിധാനമാകുന്ന  ഇത്തരം വ്യക്തി താത്പര്യങ്ങള്‍ തിരുത്തപ്പെടേണ്ടതുമുണ്ട്. മതസൗഹൃദത്തിന്റെ മഹിത പാരമ്പര്യമുള്ള നാം രാഷ്ട്ര പുരോഗതിക്കുവേണ്ടി കൈകോര്‍ത്ത്  ഒന്നിച്ചു മുന്നേറണം. ചെയ്യുന്ന ജോലിയോട് ആത്മാര്‍ത്ഥ പുലര്‍ത്താനുള്ള മനസ്സ് ഉദ്യോഗവൃന്ദത്തിനുണ്ടാകണം. അഴിമതി കാണിക്കുന്നവരെ തറവാട് നോക്കാതെ വെളിച്ചത്തുകൊണ്ടുവരാനുള്ള ശ്രമം മാധ്യമങ്ങളുടെ ഭാഗത്തുനിന്നുണ്ടാകണം. സ്വന്തം കൊടിക്കുപിന്നില്‍ അണിനിരക്കുന്നവര്‍ അഴിമതിക്കുപിടിക്കപെടുമ്പോള്‍ സംരക്ഷിക്കാന്‍ വ്യഗ്രത കാട്ടുന്ന രാഷ്ട്രീ നേതൃത്വം ഇപ്പണി നിറുത്തണം. അഭിമാനം പണയപ്പെടുത്തി ആരുടെ മുമ്പിലും ഓച്ഛാനിച്ച് നിന്ന് വാങ്ങേണ്ടതല്ല തങ്ങളുടെ അവകാശങ്ങളെന്ന ബോധം പൗരന്‍മാര്‍ക്കുണ്ടാകണം. ഒറ്റെക്കെട്ടായി എതിര്‍ത്താല്‍ തകര്‍ന്നു പോകുന്നതാണ് ചില്ലുമേടകളെന്ന് ഓര്‍ത്തുവെക്കുക.
അഴിമതി നാടുവാണീടും കാലം

പ്രണയത്തിന് കണ്ണും കാതുമില്ല എന്നൊരു ചൊല്ലുണ്ട്. അതുപോലെയാണ് അഴിമതിയുടെ കാര്യവും. നമ്മുടെ രാഷ്ട്രീയ നേതൃത്വം ഇന്ന് അഴിമതിയില്‍ കിടന്നുരുളുകയാണ്. ഭരണ പ്രതിപക്ഷ ഭേതമില്ലാതെ സര്‍വ്വരെയും അഴിമതി പിടികൂടിയിരിക്കുന്നു.  ഐ.പി.എല്‍, കോമണ്‍വെല്‍ത്ത് ഗെയിംസ്, ആദര്‍ശ് ഫ്‌ളാറ്റ്...  അഴിമതി വ്യവസായത്തിന്റെ പട്ടിക അനന്തമായി നീളുകയാണ്.  
ഐ.പി.എല്ലിന്റെ രൂപത്തിലാണെന്ന് തോന്നുന്നു ഈ വര്‍ഷത്തെ അഴിമതി പുറത്തുചാടിയത്. നാട് പനിച്ചു വിറച്ചപ്പോള്‍ അഴിമതി വീരന്‍മാര്‍ പണം കൊണ്ട് കുളിച്ചു. വെറും 630 കോടിയുടെ രൂപയുടെ ഐ.പി.എല്‍ കുംഭകോണം അറിഞ്ഞപ്പോള്‍ മൂക്കുചൊറിഞ്ഞവരെ... നിങ്ങള്‍ ലജ്ജിക്കുക. റെക്കോഡിന്റെ തിളക്കവുമായി ഇതാ 2 ജി സ്‌പെക്ട്രം. 176700 കോടി...  ഹെന്റമ്മോ.. കേട്ടിട്ട് പേടിയാകുന്നു.
നമ്മുടെ കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റ് ജനറല്‍ വളരെ പണിപ്പെട്ട് കൂട്ടിയെടുത്തതാണ് ഈ കണക്ക്. നമ്മുടെ രാജ്യ ഭണ്ഡാരത്തിലേക്ക് എത്താന്‍ നേര്‍ച്ച ചെയ്ത ഈ പണം പാതാളത്തില്‍ താഴ്ന്നിരിക്കുന്നു. മൊബൈല്‍ സേവന ധാതാക്കള്‍ക്ക് സ്‌പെക്ട്രം അനുവദിച്ച വകയില്‍ രാജ്യത്തിന്റെ ഖജനാവില്‍ എത്തേണ്ടതായിരുന്നു ഈ പണം. രാജ്യത്തിന്റെ സമ്പത്ത് കെട്ടിപൂട്ടിവെച്ച കൊലകൊമ്പന്‍മാരടക്കം  ചുളുവിലക്ക് നേടിയെടുത്ത സ്‌പെക്ട്രം സ്‌പെയ്‌സ് മറിച്ചുവിറ്റു. യൂണിടെക് എന്ന കമ്പനി 1651 കോടിരൂപക്ക് ലൈസന്‍സ് കരസ്തമാക്കിയതിന് ശേഷം തങ്ങള്‍ക്ക് കിട്ടിയതില്‍ നിന്ന് 60 ശതമാനം ഓഹരികള്‍ ടെലിനാര്‍ എന്ന നോര്‍വീജിയന്‍ കമ്പനിക്ക് വിറ്റത് 6200 കോടി രൂപക്കാണത്രെ. ഈ രംഗത്ത് യാതൊരു പരിചയവുമില്ലാത്ത സ്പാന്‍ എന്ന കമ്പനി 1537 കോടിക്ക് നേടിയ സ്‌പെകട്രത്തില്‍ നിന്ന് 45%  ഒരാഴ്ചകൊണ്ട് 4200 കോടിക്ക് മറിച്ചുവിറ്റ് ലോകചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പ് ബിസിനസ്സുകളിലൊന്ന് നടത്തി. കാര്യമായ ഒരു മുടക്കുമില്ലാതെ 7200 കോടിയുടെ കച്ചടം അടിച്ചെടുക്കാന്‍ ഈ കടലാസ് കമ്പനിക്കായി. കുത്തക മൊബൈല്‍ കമ്പനികള്‍ രാജ്യത്തെ ബഹുജനങ്ങളുടെ പോക്കറ്റില്‍ നിന്ന് ഊറ്റിയെടുക്കുന്ന ഈ പണം കൊള്ളചെയ്യാന്‍ രാജ്യം ഭരിക്കുന്നവര്‍ തന്നെ കൂട്ടുനിന്നു. കൂട്ടിക്കൊടുത്തു... 
ആണുങ്ങള്‍ക്കുമാത്രമാണ് ഇപ്പണിപറ്റിച്ചതെന്ന് ധരിച്ചെങ്കില്‍ തെറ്റി. പെണ്‍സിങ്കങ്ങളും  ഈ കച്ചവടത്തിന് ഇടനിലക്കാരിയായുണ്ട്.. നീര റാഡിയ. തന്റെ മാസ്മര സൗന്ദര്യത്തില്‍ അധികാരികളെ മയക്കി കിടത്തി വന്‍കിടക്കാര്‍ ഇടപാടുകള്‍ തരപ്പെടുത്തിക്കൊടുക്കാന്‍ ഇടനിലക്കാരിയായി നിന്നത് ഈ മഹതിയാണ്. മുമ്പ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് ഹെലികോപ്റ്റര്‍ വാങ്ങിക്കൊടുത്ത് കമ്മീഷന്‍ പറ്റുന്ന ജോലിയായിരുന്നു. ആ ബിസിനസ്സ് ലാഭം പോരാതായപ്പോഴാണ് ഇന്ത്യയിലേക്ക് പാരച്ച്യൂട്ടിലിറങ്ങിയത്. കണി മോശമായില്ല. എണ്ണിയാലൊടുങ്ങാത്ത കോടികള്‍.. ബിസിനസ്സ് സാമ്രാജ്യം.. ഉന്നതങ്ങളില്‍ ഊട്ടിയുറപ്പിച്ച ബന്ധം..  ടെലിഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയപ്പോള്‍ കിട്ടിയ ഞെട്ടിപ്പിക്കുന്നവിവരം.. ഒരു പക്ഷേ കേന്ദ്രത്തില്‍ ആര് മന്ത്രിയാവണമെന്ന് തീരുമാനിക്കുന്നത്  ഇവരാണ് പോലും..! തങ്ങളുടെ മാധ്യമങ്ങളിലൂടെ തീവ്രവാദവും ഭീകരതയും അരിച്ചുപെറുക്കി നാടിന്റെ സുരക്ഷ കാത്ത രാഷ്ട്ര സ്‌നേഹികളായ മാധ്യമമുതലാളിമാര്‍വരെ നീരയുടെ നീരാളിപ്പിടുത്തത്തില്‍ പെട്ടിട്ടുണ്ട്. 
രാജ്യം അഴിമതിക്കയത്തില്‍ മുങ്ങിത്താഴുമ്പോള്‍ ബാക്കിയുള്ള തുണ്ടുകയറിന്റെ കച്ചവടമുറപ്പിക്കാന്‍ സൂട്ടും കോട്ടുമിട്ട് ഒബാമ എത്തിയിരുന്നു. പൊന്നുരുക്കുന്നിടത്തും നമ്മുടെ നാട്ടിലെ പൂച്ചകള്‍ വെറുതെയിരുന്നില്ല. രാജ്യം സാമ്ര്യാജ്യത്വത്തിന് എഴുതിക്കൊടുത്താലും പൗരന്റെ എച്ചില്‍ പാത്രം പോലും വിറ്റുതുലച്ച് കമ്മീഷന്‍ പറ്റാന്‍ ദുഷ്ടന്‍മാര്‍ അരുനില്‍ക്കുകയാണ്.  കൂടെകിടക്കാന്‍ വരുന്നവന്റെ മട്ട് ലോകം ഇപ്പോള്‍ ശരിക്കും കണ്ടുകഴിഞ്ഞു. സാമ്രാജ്യത്വം വരിഞ്ഞുമുറുക്കുന്ന വിഷപ്പാമ്പാണെന്ന  തിരിച്ചറിവ് നമ്മുടെ നാട്ടിലെ ഭരണ നേതൃത്വത്തിന് ഇല്ലാതെപോയല്ലോ..! അഴിമതി വിമുക്തിയുടെ കാര്യത്തില്‍ ഇന്ത്യക്ക് 85-ാം സ്ഥാനമുണ്ടെന്ന് ഒരു സര്‍വ്വെ സൂചിപ്പിക്കുന്നു. (ദൈവമേ... ഇക്കണക്കിനാണെങ്കില്‍ 205 സ്ഥാനത്തുള്ള രാജ്യത്തിന്റെ അവസ്ഥ എന്തായിരിക്കും). ലോക പോലീസിന്റെ തനിനിറം തുറന്നുകാട്ടിയ വിക്കീലീക്‌സിന്റെ ജൂലിയന്‍ അസാഞ്ചിനെ പോലുള്ള ഒരു ആണ്‍കുട്ടി അഴിമതി ശിങ്കങ്ങള്‍ വിലസുന്ന നമ്മുടെ നാട്ടിലുണ്ടായെങ്കില്‍..!!
ആദര്‍ശ ബോധം അല്‍പമെങ്കിലും ഉള്ളവര്‍ രാഷ്ട്രീയക്കാര്‍ക്കിടയിലില്ല എന്ന് ഇതിന് അര്‍ത്ഥമില്ല. അഴിമതി ഭരണക്കാര്‍ക്ക് അപവാദമാണ് കര്‍ണാടക വഖ്ഫ് മന്ത്രി മുംതാസ് അലി ഖാന്‍. സനാതന സംരക്ഷകരായ കാവി ഗവണ്‍മെന്റ് ഭരിക്കുന്ന കണ്ണടനാട്ടില്‍ തോന്നിയ പോലെ സര്‍ക്കാര്‍ ഭൂമി മന്ത്രി പുംഗവര്‍ പങ്കിട്ടെടുത്തപ്പോള്‍, തട്ടിയെടുക്കുന്ന പൊതുമുതല്‍ കോടിക്കണക്കിനു രൂപ വിലമതിക്കുന്നതാണെങ്കിലും തനിക്കുവേണ്ടെന്ന് പറഞ്ഞ് അദ്ദേഹം നട്ടെല്ലുണ്ടെന്ന് തെളിയിച്ചു. പ്രശംസനീയവും ആദര്‍ശപരവുമാണ് അദ്ദേഹത്തിന്റെ തീരുമാനം.  ആദര്‍ശ ശുദ്ധിയുള്ള ഇദ്ദേഹത്ത പോലുള്ളവര്‍ ഇന്ന് വംശനാശ ഭീഷണിയിലാണ്. നാടിന് നിസ്വാര്‍ത്ഥമായി സേവനം ചെയ്യാന്‍ തല്‍പരരായവരെ നേതൃനിരയില്‍ പ്രതിഷ്ഠിക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ക്കാവണം. അത്തരത്തിലുള്ള തലമുറയെ വളര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമവുമുണ്ടാകണം. 
ഇന്ന് ഹെല്‍മറ്റിടാത്ത ബൈക്ക് യാത്രക്കാരനും ടിക്കറ്റെടുക്കാതെ ട്രൈനില്‍ കയറുന്നവനും മാത്രമേ ഇപ്പോള്‍ നിയമത്തെ പേടിക്കേണ്ടതുള്ളൂ. വന്‍കിടകളെല്ലാം പരിതിക്കുപുറത്താണ്. കോലാഹലങ്ങളടങ്ങുമ്പോള്‍ ഇവര്‍ക്കെതിരെയുള്ള കേസുകളെല്ലാം വിസ്മൃതി പൂകാറാണ് പതിവ്. 
നാടിനെയും നാട്ടാരെയും യാതൊരു വേര്‍തിരിവുമില്ലാതെ സേവിക്കുമെന്ന് പ്രതിജ്ഞ ചെയ്ത് പാര്‍ലിമെന്റിന്റെ പടികയറിയവര്‍ യാതൊരു പക്ഷഭേതവുമില്ലാതെ അഴിമതിയില്‍ മുങ്ങുകയാണ്. ഇന്ത്യന്‍ പൗരന്റെ വിയര്‍പ്പൂറ്റിക്കൊണ്ട് തടിച്ചുകൊഴുക്കുന്ന ഈ പരാന്നഭോജികള്‍ രാജ്യത്തിന് അപമാനമാണ്. നികുതിപണം കട്ട് മുടിക്കുന്ന ഈ രാജ്യസേവകരെ അഴിക്കുള്ളിലാക്കിയാലേ രാജ്യം അഴിമതിമുക്തമാകൂ.