Thursday, December 23, 2010

അഴിമതി നാടുവാണീടും കാലം

പ്രണയത്തിന് കണ്ണും കാതുമില്ല എന്നൊരു ചൊല്ലുണ്ട്. അതുപോലെയാണ് അഴിമതിയുടെ കാര്യവും. നമ്മുടെ രാഷ്ട്രീയ നേതൃത്വം ഇന്ന് അഴിമതിയില്‍ കിടന്നുരുളുകയാണ്. ഭരണ പ്രതിപക്ഷ ഭേതമില്ലാതെ സര്‍വ്വരെയും അഴിമതി പിടികൂടിയിരിക്കുന്നു.  ഐ.പി.എല്‍, കോമണ്‍വെല്‍ത്ത് ഗെയിംസ്, ആദര്‍ശ് ഫ്‌ളാറ്റ്...  അഴിമതി വ്യവസായത്തിന്റെ പട്ടിക അനന്തമായി നീളുകയാണ്.  
ഐ.പി.എല്ലിന്റെ രൂപത്തിലാണെന്ന് തോന്നുന്നു ഈ വര്‍ഷത്തെ അഴിമതി പുറത്തുചാടിയത്. നാട് പനിച്ചു വിറച്ചപ്പോള്‍ അഴിമതി വീരന്‍മാര്‍ പണം കൊണ്ട് കുളിച്ചു. വെറും 630 കോടിയുടെ രൂപയുടെ ഐ.പി.എല്‍ കുംഭകോണം അറിഞ്ഞപ്പോള്‍ മൂക്കുചൊറിഞ്ഞവരെ... നിങ്ങള്‍ ലജ്ജിക്കുക. റെക്കോഡിന്റെ തിളക്കവുമായി ഇതാ 2 ജി സ്‌പെക്ട്രം. 176700 കോടി...  ഹെന്റമ്മോ.. കേട്ടിട്ട് പേടിയാകുന്നു.
നമ്മുടെ കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റ് ജനറല്‍ വളരെ പണിപ്പെട്ട് കൂട്ടിയെടുത്തതാണ് ഈ കണക്ക്. നമ്മുടെ രാജ്യ ഭണ്ഡാരത്തിലേക്ക് എത്താന്‍ നേര്‍ച്ച ചെയ്ത ഈ പണം പാതാളത്തില്‍ താഴ്ന്നിരിക്കുന്നു. മൊബൈല്‍ സേവന ധാതാക്കള്‍ക്ക് സ്‌പെക്ട്രം അനുവദിച്ച വകയില്‍ രാജ്യത്തിന്റെ ഖജനാവില്‍ എത്തേണ്ടതായിരുന്നു ഈ പണം. രാജ്യത്തിന്റെ സമ്പത്ത് കെട്ടിപൂട്ടിവെച്ച കൊലകൊമ്പന്‍മാരടക്കം  ചുളുവിലക്ക് നേടിയെടുത്ത സ്‌പെക്ട്രം സ്‌പെയ്‌സ് മറിച്ചുവിറ്റു. യൂണിടെക് എന്ന കമ്പനി 1651 കോടിരൂപക്ക് ലൈസന്‍സ് കരസ്തമാക്കിയതിന് ശേഷം തങ്ങള്‍ക്ക് കിട്ടിയതില്‍ നിന്ന് 60 ശതമാനം ഓഹരികള്‍ ടെലിനാര്‍ എന്ന നോര്‍വീജിയന്‍ കമ്പനിക്ക് വിറ്റത് 6200 കോടി രൂപക്കാണത്രെ. ഈ രംഗത്ത് യാതൊരു പരിചയവുമില്ലാത്ത സ്പാന്‍ എന്ന കമ്പനി 1537 കോടിക്ക് നേടിയ സ്‌പെകട്രത്തില്‍ നിന്ന് 45%  ഒരാഴ്ചകൊണ്ട് 4200 കോടിക്ക് മറിച്ചുവിറ്റ് ലോകചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പ് ബിസിനസ്സുകളിലൊന്ന് നടത്തി. കാര്യമായ ഒരു മുടക്കുമില്ലാതെ 7200 കോടിയുടെ കച്ചടം അടിച്ചെടുക്കാന്‍ ഈ കടലാസ് കമ്പനിക്കായി. കുത്തക മൊബൈല്‍ കമ്പനികള്‍ രാജ്യത്തെ ബഹുജനങ്ങളുടെ പോക്കറ്റില്‍ നിന്ന് ഊറ്റിയെടുക്കുന്ന ഈ പണം കൊള്ളചെയ്യാന്‍ രാജ്യം ഭരിക്കുന്നവര്‍ തന്നെ കൂട്ടുനിന്നു. കൂട്ടിക്കൊടുത്തു... 
ആണുങ്ങള്‍ക്കുമാത്രമാണ് ഇപ്പണിപറ്റിച്ചതെന്ന് ധരിച്ചെങ്കില്‍ തെറ്റി. പെണ്‍സിങ്കങ്ങളും  ഈ കച്ചവടത്തിന് ഇടനിലക്കാരിയായുണ്ട്.. നീര റാഡിയ. തന്റെ മാസ്മര സൗന്ദര്യത്തില്‍ അധികാരികളെ മയക്കി കിടത്തി വന്‍കിടക്കാര്‍ ഇടപാടുകള്‍ തരപ്പെടുത്തിക്കൊടുക്കാന്‍ ഇടനിലക്കാരിയായി നിന്നത് ഈ മഹതിയാണ്. മുമ്പ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് ഹെലികോപ്റ്റര്‍ വാങ്ങിക്കൊടുത്ത് കമ്മീഷന്‍ പറ്റുന്ന ജോലിയായിരുന്നു. ആ ബിസിനസ്സ് ലാഭം പോരാതായപ്പോഴാണ് ഇന്ത്യയിലേക്ക് പാരച്ച്യൂട്ടിലിറങ്ങിയത്. കണി മോശമായില്ല. എണ്ണിയാലൊടുങ്ങാത്ത കോടികള്‍.. ബിസിനസ്സ് സാമ്രാജ്യം.. ഉന്നതങ്ങളില്‍ ഊട്ടിയുറപ്പിച്ച ബന്ധം..  ടെലിഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയപ്പോള്‍ കിട്ടിയ ഞെട്ടിപ്പിക്കുന്നവിവരം.. ഒരു പക്ഷേ കേന്ദ്രത്തില്‍ ആര് മന്ത്രിയാവണമെന്ന് തീരുമാനിക്കുന്നത്  ഇവരാണ് പോലും..! തങ്ങളുടെ മാധ്യമങ്ങളിലൂടെ തീവ്രവാദവും ഭീകരതയും അരിച്ചുപെറുക്കി നാടിന്റെ സുരക്ഷ കാത്ത രാഷ്ട്ര സ്‌നേഹികളായ മാധ്യമമുതലാളിമാര്‍വരെ നീരയുടെ നീരാളിപ്പിടുത്തത്തില്‍ പെട്ടിട്ടുണ്ട്. 
രാജ്യം അഴിമതിക്കയത്തില്‍ മുങ്ങിത്താഴുമ്പോള്‍ ബാക്കിയുള്ള തുണ്ടുകയറിന്റെ കച്ചവടമുറപ്പിക്കാന്‍ സൂട്ടും കോട്ടുമിട്ട് ഒബാമ എത്തിയിരുന്നു. പൊന്നുരുക്കുന്നിടത്തും നമ്മുടെ നാട്ടിലെ പൂച്ചകള്‍ വെറുതെയിരുന്നില്ല. രാജ്യം സാമ്ര്യാജ്യത്വത്തിന് എഴുതിക്കൊടുത്താലും പൗരന്റെ എച്ചില്‍ പാത്രം പോലും വിറ്റുതുലച്ച് കമ്മീഷന്‍ പറ്റാന്‍ ദുഷ്ടന്‍മാര്‍ അരുനില്‍ക്കുകയാണ്.  കൂടെകിടക്കാന്‍ വരുന്നവന്റെ മട്ട് ലോകം ഇപ്പോള്‍ ശരിക്കും കണ്ടുകഴിഞ്ഞു. സാമ്രാജ്യത്വം വരിഞ്ഞുമുറുക്കുന്ന വിഷപ്പാമ്പാണെന്ന  തിരിച്ചറിവ് നമ്മുടെ നാട്ടിലെ ഭരണ നേതൃത്വത്തിന് ഇല്ലാതെപോയല്ലോ..! അഴിമതി വിമുക്തിയുടെ കാര്യത്തില്‍ ഇന്ത്യക്ക് 85-ാം സ്ഥാനമുണ്ടെന്ന് ഒരു സര്‍വ്വെ സൂചിപ്പിക്കുന്നു. (ദൈവമേ... ഇക്കണക്കിനാണെങ്കില്‍ 205 സ്ഥാനത്തുള്ള രാജ്യത്തിന്റെ അവസ്ഥ എന്തായിരിക്കും). ലോക പോലീസിന്റെ തനിനിറം തുറന്നുകാട്ടിയ വിക്കീലീക്‌സിന്റെ ജൂലിയന്‍ അസാഞ്ചിനെ പോലുള്ള ഒരു ആണ്‍കുട്ടി അഴിമതി ശിങ്കങ്ങള്‍ വിലസുന്ന നമ്മുടെ നാട്ടിലുണ്ടായെങ്കില്‍..!!
ആദര്‍ശ ബോധം അല്‍പമെങ്കിലും ഉള്ളവര്‍ രാഷ്ട്രീയക്കാര്‍ക്കിടയിലില്ല എന്ന് ഇതിന് അര്‍ത്ഥമില്ല. അഴിമതി ഭരണക്കാര്‍ക്ക് അപവാദമാണ് കര്‍ണാടക വഖ്ഫ് മന്ത്രി മുംതാസ് അലി ഖാന്‍. സനാതന സംരക്ഷകരായ കാവി ഗവണ്‍മെന്റ് ഭരിക്കുന്ന കണ്ണടനാട്ടില്‍ തോന്നിയ പോലെ സര്‍ക്കാര്‍ ഭൂമി മന്ത്രി പുംഗവര്‍ പങ്കിട്ടെടുത്തപ്പോള്‍, തട്ടിയെടുക്കുന്ന പൊതുമുതല്‍ കോടിക്കണക്കിനു രൂപ വിലമതിക്കുന്നതാണെങ്കിലും തനിക്കുവേണ്ടെന്ന് പറഞ്ഞ് അദ്ദേഹം നട്ടെല്ലുണ്ടെന്ന് തെളിയിച്ചു. പ്രശംസനീയവും ആദര്‍ശപരവുമാണ് അദ്ദേഹത്തിന്റെ തീരുമാനം.  ആദര്‍ശ ശുദ്ധിയുള്ള ഇദ്ദേഹത്ത പോലുള്ളവര്‍ ഇന്ന് വംശനാശ ഭീഷണിയിലാണ്. നാടിന് നിസ്വാര്‍ത്ഥമായി സേവനം ചെയ്യാന്‍ തല്‍പരരായവരെ നേതൃനിരയില്‍ പ്രതിഷ്ഠിക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ക്കാവണം. അത്തരത്തിലുള്ള തലമുറയെ വളര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമവുമുണ്ടാകണം. 
ഇന്ന് ഹെല്‍മറ്റിടാത്ത ബൈക്ക് യാത്രക്കാരനും ടിക്കറ്റെടുക്കാതെ ട്രൈനില്‍ കയറുന്നവനും മാത്രമേ ഇപ്പോള്‍ നിയമത്തെ പേടിക്കേണ്ടതുള്ളൂ. വന്‍കിടകളെല്ലാം പരിതിക്കുപുറത്താണ്. കോലാഹലങ്ങളടങ്ങുമ്പോള്‍ ഇവര്‍ക്കെതിരെയുള്ള കേസുകളെല്ലാം വിസ്മൃതി പൂകാറാണ് പതിവ്. 
നാടിനെയും നാട്ടാരെയും യാതൊരു വേര്‍തിരിവുമില്ലാതെ സേവിക്കുമെന്ന് പ്രതിജ്ഞ ചെയ്ത് പാര്‍ലിമെന്റിന്റെ പടികയറിയവര്‍ യാതൊരു പക്ഷഭേതവുമില്ലാതെ അഴിമതിയില്‍ മുങ്ങുകയാണ്. ഇന്ത്യന്‍ പൗരന്റെ വിയര്‍പ്പൂറ്റിക്കൊണ്ട് തടിച്ചുകൊഴുക്കുന്ന ഈ പരാന്നഭോജികള്‍ രാജ്യത്തിന് അപമാനമാണ്. നികുതിപണം കട്ട് മുടിക്കുന്ന ഈ രാജ്യസേവകരെ അഴിക്കുള്ളിലാക്കിയാലേ രാജ്യം അഴിമതിമുക്തമാകൂ. 

No comments: