Thursday, November 15, 2012

Website counter


വിശപ്പിന്റെ താണ്ഡവം

















രാത്രി 8.30..
യശ്വന്ത്പൂര്‍ എക്‌സ്പ്രസിന് ഞാന്‍ തിരൂരില്‍ വന്നിറങ്ങി. റെയില്‍വേയില്‍ നിന്നും ബൈക്കില്‍ സുഹൃത്തിന്റെ കൂടെയാണ് വീട്ടിലേക്ക് പോകാറ്. അവന്‍ അടുത്ത ട്രെയിനിനേ എത്തുകയുള്ളൂ. ട്രെയിന്‍ വരാന്‍ അരമണിക്കൂര്‍ കഴിയും. മൂന്നാം ഫ്‌ളാറ്റ്‌ഫോമില്‍ ഒഴിഞ്ഞൊരിടത്ത് ഇരിപ്പിടം കണ്ടെത്തി.
'സമയം ഏറ്റവും വലിയ മൂലധനമാണ്' 'വെറുതെ സമയം കളയേണ്ട'.  ബാഗില്‍ നിന്ന് 'വിജയത്തിന്റെ രസതന്ത്രം'എടുത്തു.
ടെന്‍സിന്‍ നോര്‍ഗെ എവറസ്റ്റ് കീഴടക്കാനുള്ള ഒരുക്കത്തിലാണ്. ഹിമാലയ സാനുവില്‍ 8848 മീറ്റര്‍ തലയുയര്‍ത്തി നില്‍ക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കൊടിമുടിയായ സാഗര്‍മാത (എവറസ്റ്റ്) യുടെ മുന്നില്‍ നിന്ന് അദ്ധേഹം പറഞ്ഞു.''എവറസ്റ്റ് നിന്നെ ഞാന്‍ കീഴടക്കുക തന്നെ ചെയ്യും. കാരണം നിനക്കിനി വളരാനാകില്ല. ടെന്‍സിംഗ് വളര്‍ന്നുകൊണ്ടേയിരിക്കുന്നു.'' ആറ് തവണ പരാചയപ്പെട്ട് ഏഴാമതും അദ്ധേഹം ശ്രമം തുടരുകയാണ്.
വായന അതിന്റെ പരകോടിയിലെത്തിയിരിക്കുന്നു.
പെട്ടെന്ന് മുന്നിലേക്ക് ഒരു കൈ നീണ്ടു  വന്നു.
ഞാന്‍ മുഖമുയര്‍ത്തി നോക്കി.
ഒരു മനുഷ്യക്കോലം. മുപ്പതിനടുത്ത് പ്രായം തോന്നിക്കുന്ന ഒരു യുവാവ്. മെലിഞ്ഞൊട്ടി എല്ലും തോലുമായിരിക്കുന്നു. ശരീരത്തിലെ അസ്ഥികള്‍ ശരിക്കും കാണുന്നുണ്ട്. ഒരു കൈ ഒടിഞ്ഞു തൂങ്ങിയിട്ടുണ്ട്. കീറത്തുണികൊണ്ട് കൈ കെട്ടിയിരിക്കുന്നു. കീറിപ്പറിഞ്ഞ വസ്ത്രങ്ങള്‍ ദുര്‍ഗന്ധം പരത്തുന്നു. ആകെയൊരു ദയനീയ രൂപം. ഭക്ഷണ എന്തെങ്കിലും ഉള്ളിലെത്തിയിട്ട് ദിവസങ്ങളായിട്ടുണ്ടാകും.
അയാള്‍ എന്നെ ദയനീയമായി നോക്കുന്നു. എതോ ഭാഷയില്‍ ഒരു ശബ്ദം പുറത്തു വന്നു.
വായനയുടെ മൂര്‍ദ്ധന്യതയില്‍ എന്റെ തലച്ചോറിലേക്ക് അയാളുടെ ദൈന്യതയുടെ ആഴം കടന്നുവന്നില്ല. എങ്ങനെയെങ്കിലും ഒഴിവാകട്ടെ എന്ന് കരുതി ഞാന്‍ തലയാട്ടി.

തിരിച്ച് എവറസ്റ്റ് കൊടുമുടിയിലേക്ക്.. ടെന്‍സിംഗ് കയററം തുടരുകയാണ്. ഇപ്പോള്‍ ആറായിരം അടി മുകളിലെത്തിയിട്ടുണ്ട്. തണുത്ത കാറ്റടിക്കുന്നു. തൊണ്ട വരളുന്നു. ദാഹിച്ചു വലയുന്നു. രക്തം പോലും കട്ടപിടിക്കുന്ന തണുപ്പ്. പലരും തിരിച്ചിറങ്ങി.. കൂടെയുണ്ടായിരുന്ന അടുത്ത കൂട്ടുകാരന്‍ (ഷേര്‍പ്പ) മരണത്തിന് കീഴടങ്ങി. തനിക്ക് മുമ്പെ പലരും വീണതുപോലെ. ലോകത്തിന്റെ നെറുകയിലെത്തുമെന്ന് ശപഥം ചെയ്ത് ഇറങ്ങിപ്പുറപ്പെട്ടവര്‍ മരണത്തിന് മുമ്പില്‍ അടിയറവ് പറയുകയാണ്.
ഇനി ബാക്കിയുള്ളത് രണ്ടേ രണ്ട് പേര്‍മാത്രം. നേപ്പാളീ ഷേര്‍പ്പ ടെന്‍സിംഗ് നോര്‍ഗെ, കൂട്ടുകാരന്‍ ന്യൂസിലാന്റുകാരന്‍ എഡ്മണ്ട് ഹിലാരി. മരിച്ചു വീണ കൂട്ടുകാരനെ മഞ്ഞില്‍ കുഴിച്ചു മൂടി അവര്‍ കയറ്റം തുടരുകയാണ്. പ്രതികൂല കാലാവസ്ഥയെ മറികടന്ന്.. മജ്ജമരവിക്കുന്ന കൊടുശൈത്യത്തിലൂടെ.. തങ്ങള്‍ക്ക് സാധിക്കുമെന്ന് കാട്ടിക്കൊടുക്കാന്‍.. ലോകത്ത് ഇതുവരെ ഒരു മനുഷ്യനും സാധ്യമാകാത്ത ലോകത്തിന്റെ നെറുകയിലേക്ക്...

പെട്ടെന്ന്.. തൊട്ടടുത്തിരുന്ന സ്ത്രീയില്‍ നിന്ന് ഒരു ശബ്ദം..
''ആ....ഹ്''
ഞാന്‍ മുഖമുയര്‍ത്തി നോക്കി.

ആ മനുഷ്യക്കോലം ഫ്‌ളാറ്റ് ഫോമിലെ ടീസ്റ്റാളിനരികിലുള്ള  വേസ്റ്റ് ബോക്‌സിനടുത്തിരിക്കുന്നു. അയാള്‍ അതില്‍ കയ്യിട്ട് വാരുകയാണ്. ഒരു ഗ്ലാസ്സ് കയ്യില്‍ കിട്ടി. ആരോ കുടിച്ച ചായ ഗ്ലാസിനടിയില്‍ ബാക്കിയായ തുളളികള്‍ ആര്‍ത്തിയോടെ നുണയുന്നു. വീണ്ടും വീണ്ടും ചിക്കി ചികയുന്നു. കിട്ടിയ ഭക്ഷണത്തിന്റെ പൊട്ടും പൊടിയും വാരിത്തിന്നുന്നു... വിശപ്പിന്റെ താണ്ഡവം...

തൊട്ടടുത്ത് നിന്ന് ഒരാള്‍ ചായ കുടിക്കുന്നുണ്ട്. അയാള്‍ ഈ മനുഷ്യക്കോലത്തെ കണ്ടഭാവം പോലുമില്ല. അയാള്‍ പലര്‍ക്കു മുമ്പിലും കൈ നീട്ടിയിരുന്നു. ആരും കനിഞ്ഞില്ല....

ഒരു മനുഷ്യ ജീവിയുടെ ദൈന്യത. ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായി വളര്‍ന്നുവരുന്ന രാഷ്ട്രത്തിലെ പൗരന്‍. എഫ്.സി.ഐ ഗോഡൗണുകളില്‍ പുഴുവരിക്കുന്ന അരിച്ചാക്കുകളിവിടെ അട്ടിയട്ടിയായി കിടക്കുന്നുണ്ട്. നിയമങ്ങളുടെയും നയങ്ങളുടെ കുരുക്കില്‍പെട്ട് പുഴുക്കള്‍ക്ക് മൃഷ്ടാന്ന ഭോജനമായി.. കൃഷിയിലിവിടെ ആവശ്യത്തിലേറെ ഉദ്പാദനമുണ്ട്. (കര്‍ഷകന് തൂക്ക് കയര്‍ ബാക്കിയാണെങ്കിലും...!) കരയിലും കടലിലും ഭൂമിക്കടിയിലും മനുഷ്യവിഭവ ശേഷിയിലുമായി ഈ രാജ്യത്ത് അനേകം സമ്പത്ത് കുടികൊള്ളുന്നുണ്ട്. ലോക കോടീശ്വരന്‍മാരുണ്ടിവിടെ... സ്വിസ്സ് ബാങ്കുകളില്‍ കുടികൊള്ളുന്നു 'അഴിമതിയുടെ കോടികള്‍'.. അതിനൊക്കെ പുറമെ ലോകത്തിലേക്കേറ്റവും വലിയ ജനാധിപത്യ ഭരണവും..
എന്നിട്ടും ഒരു ദുര്‍ബലന് അഷ്ടികണ്ടെത്താന്‍....

ആ കാഴ്ച നോക്കി നില്‍ക്കാനായില്ല.
ഞാന്‍ ഉടനെ പോക്കറ്റില്‍ കൈതാഴ്ത്തി..
ഭാഗ്യം.. ആയിരത്തിന്റെ ഗാന്ധിത്തലയുണ്ട്.
എവറസ്‌ററിലെ കയറ്റം നിര്‍ത്തി ഞാനിറങ്ങി..
അയാള്‍ക്കെന്തെങ്കിലും വാങ്ങിക്കൊടുക്കാം..
ഞാന്‍ അതുമായി നടന്നു.
ആയിരത്തെ കാണുമ്പോള്‍ കടക്കാരുടെ നെറ്റി ചുളിയുന്നു..
നൂറിന് ചില്ലയില്ലാഞ്ഞിട്ട് പോലും ബസ് കണ്ടക്ടര്‍മാരുടെ ഭരണിപാട്ട് കേള്‍ക്കുന്നതാണ്.
പിന്നെയാണ് ആയിരം...

ഞാന്‍ പ്രതീക്ഷയോടെ നടന്നു.. ഉള്ളതുപറഞ്ഞു.
''എനിക്ക് ഭക്ഷണം വേണം. ആയിരത്തിന്റെ നോട്ടേ ഉള്ളൂ. മറ്റു ചില്ലറ ഒന്നിമില്ല.''

കടക്കാരന് ആയിരമെന്ന് കേള്‍ക്കുമ്പോള്‍ തന്നെ അലര്‍ജ്ജി.
ഫ്‌ളാറ്റ്‌ഫോമിന്റെ ഒരു തലമുതല്‍ മറുതലവരെ നടന്നു.
'നോ ചേഞ്ച്... ഒരു രക്ഷയുമില്ല.'
'ഏറ്റവും മൂല്യമുള്ള നോട്ട്.. പക്ഷെ, ആവശ്യത്തിന് ഉപകരിക്കുന്നില്ല'

കിട്ടിയതൊന്നും അയാളുടെ വിശപ്പ് ശമിപ്പിച്ചിട്ടില്ല. അയാള്‍ അടുത്ത വേസ്റ്റ് ബോക്‌സ് തിരഞ്ഞ് ഫ്‌ളാറ്റ് ഫോമിലൂടെ നടക്കുകയാണ്.

നഗരത്തില്‍ ധാരാളം ഫാസ്റ്റ് ഫുഡുകളുണ്ട്. അധികം അറേബ്യന്‍ വിഭവങ്ങള്‍ ലഭിക്കുന്നവ.. ഷവര്‍മ, ഷവായ , അല്‍ഫാം, ചിക്കന്‍.... മരുഭൂമിയിലെ വിയര്‍പ്പുതുള്ളികള്‍ ഇവിടെ ആവിയായി പറക്കുന്നു. പ്ലേറ്റിന് 260 ഉം 300 ഉം 500 ഉം വില വരുന്ന വിഭവങ്ങള്‍ കടിച്ചു പറിച്ച് ടേബിളുകളില്‍ ബാക്കിയിട്ടിരിക്കുന്നത് കാണാം...
വീടുകളില്‍ രാത്രി ഭക്ഷണം ഉണ്ടാകും. എന്നാലും ഫാസ്റ്റടിക്കാനിറങ്ങും.
'പെണ്ണ് കണ്ട ചെലവ്.. കെട്ടിയ ചെലവ്.. കുട്ടിയുണ്ടായ ചെലവ്....
ഓരോ കാരണത്തിനും ചെലവുണ്ടാക്കി ചിക്കന്‍ വേട്ടക്കിറങ്ങും...

15 മിനിറ്റ് കഴിഞ്ഞാല്‍ വരാവല്‍ എക്‌സ്പ്രസെത്തും.. കൂട്ടുകാരനെത്തിയാല്‍ അവന്റെ കയ്യില്‍ പണം കാണും
'ദൈവമേ.. അതുവരെ ഇനി അയാള്‍ക്കൊന്നും കിട്ടരുതേ..' ഞാന്‍ മനസ്സില്‍ കരുതി..

10 മിനിറ്റ് കഴിഞ്ഞപ്പോള്‍ ഒന്നാം ജനശദാബ്ദി എക്‌സ്പ്രസ് വന്ന് നിന്നു. എ.സി കമ്പാര്‍ടുമെന്റുകളില്‍ നിന്ന് കുബേരരുടെ അത്താഴത്തിന്റെ അവശിഷ്ടം വിന്‍ഡോകളിലൂടെ പുറത്തേക്ക് വന്ന് വീണു.. റെയില്‍ പാളത്തിലേക്കിറങ്ങിയ അയാള്‍ ഇരയെകണ്ട സര്‍പത്തെപോലെ അവക്കുമേല്‍ ചാടിവീണു. ഓരോന്നായി പെറുക്കിയെടുത്ത് ഒരു മൂലയില്‍ കൂട്ടിവെച്ചു. ഇലകള്‍ നക്കി തോര്‍ത്തി. ഒരു വറ്റും ശേഷിപ്പിക്കാതെ.
പോക്കറ്റില്‍ നിന്ന് ഒരു കീറ മുണ്ടെടുത്തു. ബാക്കിയുള്ളവ അതില്‍ കെട്ടിവെച്ചു.
നാളെയുടെ പ്രഭാതത്തില്‍ വിശക്കാതിരിക്കാന്‍...
'അതോ... ഇനി ആര്‍ക്ക് മുമ്പിലും കൈ നീട്ടാതിരിക്കാനോ?'
ഫ്‌ളാറ്റ് ഫോമിലുള്ള ടാപ്പില്‍ നിന്ന് വെള്ളം ആര്‍ത്തിയോടെ കുടിച്ചു.

ഫ്‌ളാറ്റ് ഫോമിന്റെ വിജനതയിലേക്ക് അയാള്‍ നടന്നു നീങ്ങി.
'വിശപ്പിനെ കീഴടക്കിക്കൊണ്ട്..'

അബ്ദുല്‍ ഹമീദ് കെ.പുരം


Saturday, November 10, 2012

Website counter

Saturday, November 3, 2012

Website counter പെട്രോള്‍ ചതി

ഒരു ഹര്‍ത്താല്‍ ദിനത്തിന്റെ സുപ്രഭാതം..
പെട്ടെന്ന് പ്രഖ്യാപിച്ചതുകൊണ്ട് പതിവു പരിപാടികള്‍ക്ക് ഭംഗംവന്നു.

സമയം 9.40
തിരൂരില്‍ നിന്ന് ഇന്റര്‍സിറ്റി എക്‌സ്പ്രസിന് കോഴിക്കോട്ടേക്ക് പോകണം
തിരൂര്‍ റയില്‍വെ സ്റ്റേഷനിലേക്ക് 6 കിലോമീറ്റര്‍.
ട്രൈന്‍ 9.55 ന് പുറപ്പെടും.
ആകെയുള്ളത് 15 മിനിറ്റുമാത്രം...

എന്റെ ഹൃദയമിടിപ്പ് കൂടി.. വണ്ടി കിട്ടുമോ..!?
ഇരുകാല്‍ വാഹനങ്ങള്‍ക്ക് ഹര്‍ത്താല്‍ ദിനത്തിലും സഞ്ചാര സ്വാതന്ത്ര്യമുള്ളതറിഞ്ഞ്
പ്രതീക്ഷയോടെ ഞാന്‍ പുറത്തിറങ്ങി.
ശാന്തമായ റോഡിലൂടെ ഇരുചക്രങ്ങളും ഇടക്കൊക്കെ മുച്ചക്രങ്ങളും പാഞ്ഞുപോകുന്നു.
പ്രതീക്ഷയോടെ കാണുന്ന വണ്ടികള്‍ക്കൊക്കെ കൈ നീട്ടി യെറിഞ്ഞെു.
സമരക്കാരെ ഭയന്ന് വണ്ടിക്ക് ബ്രേക്കുള്ള കാര്യം പോലും പലരും മറന്നു..

എന്റെ ഹൃദയമിടിപ്പ് കൂടി കൂടി വരുന്നു..  ഇനിയും വൈകിയാല്‍..!
ഒരു ബൈക്ക് നിര്‍ത്തി. എന്റെ കയ്യേറ്റം ഏറ്റു.
മനസ്സില്‍ ആശ്വാസത്തിരികത്തി.
ആ പരോപകാരിയുടെ ബൈക്കിനു പിന്നില്‍ ചാടിക്കയറി.
150 സിസിയില്‍ പറക്കുന്ന പള്‍സറിന് പിറകില്‍ ഉള്‍ക്കിടിലത്തോടെ അമര്‍ന്നിരുന്നു.
''എങ്ങോട്ടാ..?''
''തിരൂര്‍..''
''നിങ്ങളോ?''
''റെയില്‍വെ..''
ഹാവൂ..!
''എണ്ണയുടെ (പെട്രോള്‍) കാര്യം സംശയമാണ്.. ഇടക്കെങ്ങാനും നിന്നാല്‍ നമുക്ക് ഒന്നിച്ച് തള്ളേണ്ടിവരും...''
..!...ദൈവമേ..!!
''എന്റെ വണ്ടി 9.55 നാണ്..''
''ഞാനും ആ വണ്ടിക്ക് തന്നെയാണ്...!''

ഇനി 12 മിനിറ്റ് മാത്രം..
വേഗത 80 ന് മുകളില്‍
ഹാവൂ... ആശ്വാസമായി..
വേഗത ചിലപ്പോള്‍ അനുഗ്രഹമാണ്.
ഇവനെന്നെ എത്തിക്കേണ്ടിടത്ത് എത്തിക്കും
ഞാന്‍ ആശ്വാസത്തോടെ മുറുക്കിപ്പിടിച്ചിരുന്നു.


2 കിലോമീറ്റര്‍ പിന്നിട്ടു..
ഇടക്ക് റോഡിലൊരാള്‍ക്കൂട്ടം..!!
പെട്രോള്‍ വില വര്‍ദ്ധനക്കെതിരെ ഹര്‍ത്താലുകാരുടെ ചെക്ക് പോസ്റ്റ്..!
കരിങ്കല്ലുകളും ഇലക്ട്രിക് പോസ്റ്റുകളും പഴകിയ ടയറും മരത്തടിയുമൊക്കെ
ഉപയോഗിച്ച് റോഡില്‍ ഭംഗിയായി 'തടയണ' നിര്‍മ്മിച്ചിരിക്കുന്നു.
ദൈവമേ, ചതിച്ചോ?

ഇനി 9 മിനിറ്റ് മാത്രം
ഒരുത്തന്‍ വണ്ടിക്ക് മുന്നിലേക്ക് ചാടിവീണു... കൗമാരനാണ്.
ഡ്രൈവറുടെ കാലുകള്‍ ശക്തമായി ബ്രേക്കിലമര്‍ന്നു.

അവന്‍ ആദ്യം ഞങ്ങളെ അടിമുടിയൊന്ന് നോക്കി..
ഒരു മിനിറ്റ് പോയിക്കിട്ടി..
പിന്നീട് വാതുറന്ന് മൊഴിഞ്ഞു..
''ഹും.. എങ്ങോട്ടാ..''
...........
''ഇന്ന് ഹര്‍ത്താലാണെന്നറിഞ്ഞൂടെ..!? നിങ്ങള്‍ക്കൊക്കെ വേണ്ടീട്ടാണിത്..''
............
(പാല്‍, പത്രം, വിവാഹം, എയര്‍പോര്‍ട്ട്, ഇരുചക്രവാഹനം..
ഇവയൊക്കെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാണെന്ന് നേതാക്കളുടെ
പ്രസ്താവന ഉണ്ടായിരുന്നല്ലോ എന്ന് ചോദിക്കാന്‍ തോന്നി..
ചോദിച്ചില്ല, ഒരു പക്ഷെ ഇവന്‍ രാവിലെ പത്രം വായിച്ചുകാണില്ല;
അല്ലെങ്കില്‍ പാര്‍ട്ടി പത്രത്തില്‍ പ്രസ്താവന വന്നിട്ടില്ലെങ്കിലോ..!?)
ഡ്രൈവറും ഒന്നും മിണ്ടാതിരുന്നാല്‍ മതിയായിരുന്നു.

സമരനായകര്‍ കൗമാരന്‍മാരാണ്..
ബോധമണ്ഡലത്തിലെ രാവിലെ സേവിച്ച മധുപാനീയത്തിന്റെ
സ്വാധീനം ഗന്ധത്തിലറിയുന്നുണ്ട്.
പെട്രോളിന്റെ വിലകുറക്കാന്‍ സ്വയം എനര്‍ജി കയറ്റിയതാണ്..!
ഹര്‍ത്താല് വിജയിക്കേണ്ടേ..!!

എന്തെങ്കിലും പറഞ്ഞാല്‍ അതുവച്ച് കൊളുത്തും
പിന്നെ.. ടയറില്‍ കാറ്റുകാണില്ല..!

ഭാഗ്യത്തിന് പരിചയമുള്ള ഒരു മുഖം ആള്‍ക്കൂട്ടത്തിനിടയില്‍.
ഞാന്‍ പേര് നീട്ടി വിളിച്ചു.. ആള് ഗമയില്‍ മുന്നിലെത്തി.
സമരക്കാരുടെ മുമ്പില്‍ പരിചയക്കാരനെ ഒന്ന് പൊക്കിവെച്ചു.
സംഗതി ഏറ്റു..! പരിചയക്കാരന്‍ ട്രാഫിക് നിയന്ത്രണം ഏറ്റെടുത്തു..
''ഒന്ന് മാറിക്കേ.. നമ്മളെ സ്വന്തം ആളാണ്..''

ഉടന്‍ വണ്ടി വിട്ടുകൊണ്ട് ഉത്തരവ് വന്നു..!
പരിചയക്കാരന് സല്യൂട്ട് ചെയ്ത് ബൈക്ക് മുന്നോട്ട്...

രണ്ട് മിനിറ്റ് ചിലവായി..
ബാക്കി അഞ്ച് മിനിറ്റ് മാത്രം..!
4 കിലോമീറ്റര്‍
റയില്‍വെ സ്റ്റേഷന് ഒരു കിലോമീറ്റര്‍ അകലം പാലിച്ച് ബൈക്ക് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു..!!!

ഇനി ഒരു കിലോമീറ്റര്‍
സമയം 1 മിനിറ്റ് മാത്രം..
ബൈക്ക് തള്ളി നടക്കണം....
മനസ്സില്‍ പ്രാര്‍ത്ഥന തുടങ്ങി..
ഇന്ത്യന്‍ റെയില്‍വെയാണ്.. സമയം ക്രമം പാലിക്കില്ല....
പരോപകാരിയെ ഒറ്റക്ക് വിട്ട്‌പോകുന്നതും ശരിയല്ല..
ബൈക്ക് തള്ളാന്‍ ഒപ്പം കൂടി..

''നമുക്ക് ബൈക്ക് റെയില്‍വെയില്‍ വച്ചിട്ട് പോകാം.. വണ്ടി ചിലപ്പോള്‍ ലേറ്റാകും..''
പരോപകാരി മൊഴിഞ്ഞു.
''ഹും.. അതെ.. അതെ..''

സയമം കൃത്യം 10.15
ഞങ്ങള്‍ റെയില്‍വെയിലെത്തി
പ്ലാറ്റ്‌ഫോം വിജനം.. ഇരിപ്പിടങ്ങളെല്ലാം കാലി..
ഇന്ത്യന്‍ റെയില്‍വെ ചതിച്ചു..
ഇന്റര്‍സിറ്റി എക്പ്രസ്സ് ഹര്‍ത്താല്‍ ദിനത്തില്‍ കൃത്യസമയത്തിന് പോയി..!

ഐ.ടി മേഖലയെ ഹര്‍ത്താല്‍ ബാധിക്കില്ലെന്ന തോന്നലില്‍ സാഹസത്തിന് പുറപ്പെട്ടതാണ്..
അവസാന ശ്രമവും പാളി..
ഞാന്‍ ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച്..
ഞാനങ്ങ് പണി മുടക്കി..!

''ഇന്ന് പോയിട്ട് ഒരു പാട് ഇംപോര്‍ട്ടന്റ് മാറ്റേര്‍സുണ്ടായിരുന്നു..
എല്ലാം വെള്ളത്തിലായി.. നാശം പിടിച്ച് ഹര്‍ത്താല്‍.. നാട് മുടിക്കാന്‍..
തൊട്ടതിനും പിടിച്ചതിനും ഒക്കെ ഹര്‍ത്താലാണ്.. ഇതൊന്ന് നിരോധിച്ചു കൂടെ..?
അണികളെ പിടിച്ചു നിര്‍ത്താനുള്ള കണ്‍കെട്ടാണ്.. ഇവര്‍ക്കൊരു നഷ്ടമില്ലല്ലോ..
ഇവന്‍മാര്‍ക്കൊക്കെ മുടക്കാന്‍ ഒരു പണിയുമുണ്ടാകില്ല...
നഷ്ടം എല്ലാം സാധാരണക്കാരായ പൊതുജനങ്ങള്‍ക്കാണ്...''
പരോപകാരിയുടെ ഹര്‍ത്താലികളോടുള്ള അരിശം കുത്തിയൊഴുകി..

മടക്കയാത്ര തുടങ്ങി..
ബൈക്ക് 6 കിലോമീറ്റര്‍ റിവേഴ്‌സില്‍ തള്ളണം..
ഞങ്ങള്‍ തിരികെ ഹര്‍ത്താല്‍ ജംഗ്ഷനിലെത്തി..

ഡ്രൈവര്‍ ഹര്‍ത്താല്‍ സന്ദേശം തുടങ്ങി..
മൂപ്പര്‍ക്ക് ഭാഷക്ക് പഞ്ഞമൊന്നുമില്ല..
പദങ്ങള്‍ നിഖണ്ഡുവിനെ മറികടന്നു... ഞാന്‍ ചെവിപൊത്തി..
ഹര്‍ത്താലികള്‍ ആദ്യം കണ്ടില്ലെന്ന് നടിച്ചു...
പാവം.. പോട്ടെ.. അവരുടെ ഓപറേഷന്‍ വിജയിച്ചിട്ടുണ്ട്..
അങ്ങനെയങ്ങ് ഹര്‍ത്താലില്‍ പണിയെടുത്താലോ..!
ഡ്രൈവര്‍..
ഓട്ടന്‍ തുള്ളല്‍ നിര്‍ത്തുന്ന ലക്ഷണമില്ല..
വാക്കുകള്‍ പാര്‍ട്ടിക്കിട്ട് പിടിതുടങ്ങി..
ഹര്‍ത്താലികള്‍ക്ക് വികാരം കയറിത്തുടങ്ങി..
''ഹും... ഇവനേതാ പാര്‍ട്ടി...!! ആ.. അങ്ങനെ വരട്ടെ..!!''
ഡ്രൈവറെ ഹര്‍ത്താലികള്‍ വളഞ്ഞു..

ഞാന്‍ മുമ്പിലേക്ക് കയറി നിന്നു.. പരോപകാരം ചെയ്തു..
ഇതുകണ്ട് പരിചക്കാരന്‍ ഓടിയെത്തി...
സംഗതി സോള്‍വ്ഡ്..!
അപ്പോഴേക്കും വണ്ടിയുടെ രണ്ട് ടയറിലെയും വാതകം ചോര്‍ന്നു..

പിന്നീട് വാതകമില്ലാത്ത ടയറുമായി
2 കിലോമീറ്റര്‍ തള്ളി..
വിട്ടുകൊടുക്കാത്ത മുഖഭാവത്തോടെ ഹാന്‍ഡിലില്‍ പിടിച്ച് ഡ്രൈവറും..
പിന്‍ ചക്രങ്ങള്‍ ബാലന്‍സ് ചെയ്ത് മാനം നോക്കി ഞാനും..

എന്നാലും എന്റെ പെട്രോളെ
ഞങ്ങളോടീ 'ഡബിള്‍ ചതി' വേണായിരുന്നോ..!!

അബ്ദുല്‍ ഹമീദ് കെ.പുരം


Thursday, October 25, 2012


അറഫയിലെ കാഴ്ചകള്‍

ഇത് അറഫ..
ചരിത്ര മുറങ്ങുന്ന വിശുദ്ധ ഭൂമി
കുന്നുകളിലും താഴ്‌വാരങ്ങളിലുമായി
ഇവിടെ മനുഷ്യസാഗരം അലയടിക്കുന്നു.

ഒരേ വേഷം, ഒരേലക്ഷ്യമിവര്‍ക്ക്
ഒരേ സ്വരം മുഴങ്ങുന്നധരങ്ങളില്‍
ഇലാഹീ മന്ത്രമുഖരിതമിവിടം
ആത്മസായൂജ്യത്തിന്‍ നിശ്വാസമുയരുന്നു

അന്ത്യപ്രവാചകരന്തിമമായി
ഈ കുന്നുകളില്‍ നിന്നുമൊഴിഞ്ഞു
''സത്യമതത്തെ ഇന്നേ ദിനത്തില്‍-
സമ്പൂര്‍ണ്ണമാക്കപ്പെട്ടിരിക്കുന്നു.
സ്‌നേഹവും ധര്‍മവും കാരുണ്യയും 
മാനവനില്‍ നിലനിന്നിടേണം''

വിശുദ്ധ നബിയുടെ വാക്കുകളെ-
നക്ഷത്രതുല്യരാമനുചരര്‍ നെഞ്ചേറ്റെടുത്തു.
ഭൂലോകത്തിനനന്തകോണുകളിലേക്ക്-
നന്മയുടെ പ്രകാശവുമായവര്‍ പായ്കപ്പലേറി.
കടല്‍തിരകളും കൊടുങ്കാറ്റും മറികടന്ന് 
മനുഷ്യമണമുള്ള തീരമണഞ്ഞു.
നന്മയുള്ള ഹൃദയങ്ങളിലേക്ക്
'അറഫ'യില്‍ നിന്ന് കൊളുത്തിയ വെളിച്ചം പകര്‍ന്നു.

ചരിത്രത്തിന്റെ സ്മരണ പുതുക്കി
പ്രപഞ്ചാധിപന്റെ വിളിക്കുത്തരമേകി
ജീവിതാഭിലാഷത്തിന്റെ ഉള്‍പ്പുളകത്തില്‍
വെളിച്ചം ലഭിച്ചവര്‍ 'അറഫ'യിലണയുന്നു.

- അബ്ദുല്‍ ഹമീദ് കെ.പുരം 

Tuesday, October 9, 2012


കുടിമനസ്സ്











പ്രഭാതം പൊട്ടിവിടര്‍ന്നു..
മടിപിടിച്ച മലയാളി ഉണര്‍ന്നു..
ഹൊ, കഷ്ടം..
ഇനി വൈകുന്നേരമാകണം..!
'വൈകീട്ടത്തെ പരിപാടി'യുടെ
സ്വപ്നത്തിലേറി അയാള്‍
ജോലി സ്ഥലത്തേക്ക് നടന്നു.
വഴിയിലൊരു ബഹളം..!
'നീര' കര്‍ഷകരെ രക്ഷിക്കുക..
രാഷ്ട്രീയ സംഘടനകളുടെ പിന്തുണയോടെ
കര്‍ഷകര്‍ റോഡ് ഉപരോധിക്കുന്നു..
തലച്ചോറില്‍ ചെകുത്താന്‍ പ്രവര്‍ത്തിച്ചു.
നീരയുടെ അമൃതേത്തു നിഷേധിക്കാന്‍
ആര്‍ക്കാണവകാശം..

അയാളുടെ സംഘബോധം ഉണര്‍ന്നു..
എതിര്‍ പാര്‍ട്ടിക്കാരനായിട്ടും
സമരക്കാരോട് സഹകരിക്കാന്‍ മടിച്ചില്ല..
പ്രസംഗകന്റെ വാക്കുകള്‍ തുളുമ്പി..
സര്‍ക്കാറിന് നികുതി വരുമാനം നല്‍കുന്നതില്‍
മദ്യവ്യവസായത്തിന്റെ റോള്‍ ഊന്നിപ്പറഞ്ഞു..
ആരോഗ്യ വകുപ്പിന്റെ നിലനില്‍പ്പുവരെ..!
അയാള്‍ക്ക് ആത്മഹര്‍ഷം തോന്നി..
ഹൊ.., ഈ നാട്ടിലെ സര്‍ക്കാറിനെ പട്ടിണിയില്‍ നിന്ന്
രക്ഷിക്കുന്നത് നമ്മളാണല്ലോ..!
മുദ്രാവാക്യവും പ്രസംഗവും ജോറായി നടന്നു..
വികസനത്തിന്റെ അടിസ്ഥാന ഘടകമായ മദ്യം
റേഷന്‍ കടകളിലും വിതരണം ചെയ്യണമെന്ന
നിര്‍ദ്ദേശത്തെ വമ്പിച്ച കരഘോഷത്തോടെ എതിരേറ്റു.

ഉച്ചയായി..
വയറ്റില്‍ അടുത്ത 'ലോഡ്' എത്താനുള്ള ഉത്തരവെത്തി..
നേതാക്കള്‍ പ്രസംഗം നിര്‍ത്തി 'സ്റ്റാര്‍' ഹോട്ടലുകളിലേക്ക് നീങ്ങി..
നീരയുടെ നിലനില്‍പ്പിനല്ലെ..,
താനിക്ക് ഇന്നുച്ചക്ക് പട്ടിണികിടന്നാലെന്ത്..
അപ്പോഴും ചിന്തകളില്‍ സ്വകുടുംബം കടന്നുവന്നില്ല..

കാത്തിരുന്നു..
ഉച്ചക്ക് ശേഷവും സമരം തുടര്‍ന്നു..
പ്രസംഗിച്ചവര്‍ പോയി.. പുതിയ നേതാക്കള്‍ വന്നു..
മദ്യചരിതവും ലക്ഷ്യവും നന്നായി ബോധ്യപ്പെട്ടു..
ഭൂമി മുതല്‍ സ്‌പേസ് വരെ നിലനില്‍ക്കുന്നത്
മദ്യവ്യവസായത്തിന്റെ പിന്‍ബലംകൊണ്ടാണ്...

അയാളോര്‍ത്തു..
മുമ്പൊക്കെ ഈ നേതാക്കളില്‍ ചിലര്‍
മദ്യവിരുദ്ധ പക്ഷത്തായിരുന്നല്ലോ..!
താനപ്പയേ പറഞ്ഞതാണ്..!
ഉപയോഗിച്ചു നോക്കാത്തവരാണ്
ഈ ഔഷധത്തെ പകലില്‍ കുറ്റപ്പെടുത്തുന്നത്.
സന്ധ്യക്കെല്ലാവരും 'നീരാധകരാണ്'.

സൂര്യന്‍ അസ്തമയത്തിനൊരുങ്ങി..
തലച്ചോറില്‍ അത്യാവശ്യത്തിനുള്ള മുന്നറിയിപ്പ് തുടങ്ങി..
പോക്കറ്റ് തപ്പി.. കാലി.. ഇന്ന് സമരമായിരുന്നല്ലോ..!
കൈകാലുകള്‍ വിറ തുടങ്ങി.. ചങ്ക് വരളുന്നു..
സമരക്കാര്‍ കൊടിതാഴ്ത്തി സ്ഥലം വിട്ടു..
നികുതി ദാതാവ് തനിച്ചായി..
ഇപ്പോള്‍ മുമ്പ് കേട്ടതൊന്നും ഓര്‍മയില്‍ വരുന്നില്ല..

പ്രതീക്ഷയോടെ മുന്നോട്ടു നടന്നു..
ബീവറേജ് ഔട്ട് ലെറ്റില്‍ പൂരത്തിന്റെ തിരക്ക്..
ഇവിടെ അത്യാസന്നനിലയിലുള്ളവനും ക്യൂ നില്‍ക്കണമല്ലോ..
ഹെല്‍മറ്റുകള്‍.. യൂനിഫോമിലുള്ളവര്‍.. പ്രായഭേതമില്ല..

പരിചയക്കാര്‍ ആരെങ്കിലും ഉണ്ടാവണേ..
ആരുമില്ല.. ദൈവമേ.. ഇനി ചെയ്യും..?
അയാള്‍ അടുത്ത് നില്‍ക്കുന്ന തെങ്ങിലേക്ക് നോക്കി..
മുകളിലൊരു കുടം...  നീരയുടെ ഉത്ഭവം..
അതയാളുടെ തലച്ചോറില്‍ ഇടിമിന്നല്‍ തീര്‍ത്തു..

Friday, October 5, 2012















ടേണിംഗ് പോയിന്റ്

ഇരുട്ടിനെ ഞാന്‍ കൊതിച്ചു.
കാരണം ഇരുട്ടിന്റെ രുചി ഞാനറിഞ്ഞിരുന്നു.
ഇടക്കാരോ എന്നെ വെളിച്ചത്തിലേക്ക് വലിച്ചിട്ടു..
ഞാന്‍ മുഖം പൊത്തി,
വെളിച്ചമേറ്റ് ഞാന്‍ നഗ്നനാവുന്നു
എന്റെ വിലയിടിയുന്നോ? ഇനിയാരുമെന്നെ ഭയക്കില്ലേ?
വെളിച്ചത്തില്‍ കിടന്ന് ഞാന്‍ പിടഞ്ഞു-
ഞാന്‍ കുടഞ്ഞു,
പിടിച്ചവര്‍ പിടിവിട്ടില്ല..!
ഞാന്‍ ഓടിയൊളിക്കാനാഞ്ഞു-
അതെന്നെ വിടാതെ പിന്തുടര്‍ന്നു..!
എന്റെ ആലര്‍ജിമാറി..!
വെളിച്ചമെന്റെ കൂട്ടുകാരാനായി..
ഞാനാ വെളിച്ചത്തോടൊപ്പം നടന്നു
ഓ.., ദൈവമേ.. എന്തല്‍ഭുതം..!
ഈ പ്രകാശത്തിനപ്പുറം
ഒരു മഹാപ്രപഞ്ചമോ..!!!

- അബ്ദുല്‍ ഹമീദ് കെ.പുരം

Monday, July 23, 2012

പ്രഥമ പൗരന് അഭിവാദനം



നൂറ്റി ഇരുപത്തിയഞ്ച് കോടിയില്‍ ഒന്നാമനാകുക വലിയ കാര്യമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ സമൂഹത്തിന്റെ പ്രഥമ പൗരനായി തെരെഞ്ഞെടുക്കപ്പെട്ട പ്രണബ് കുമാര്‍ മുഖര്‍ജിക്ക് അഭിവാദനങ്ങള്‍.
രാഷ്ട്രപതി സ്ഥാനം അലങ്കാരമാണെന്ന് പൊതുവെ വിലയിരുത്തലുണ്ട്. അതിന് ഉത്തമോദാഹരണമായാണ് കഴിഞ്ഞ 'പ്രഥമപൗര' പടിയിറങ്ങിയത്. ലോകത്തില്‍ എത്ര സുഖവാസ കേന്ദ്രമുണ്ടെന്നും രാഷ്ട്രപതി ഭവന് എത്രമാത്രം വിസ്തൃതിയുണ്ടെന്നും അവര്‍ക്ക് കാര്യമായി മനസ്സിലായിട്ടുണ്ടാകും...! എന്നാല്‍ ഇതിനപവാദമായൊരു 'പീപ്പിള്‍സ് പ്രസിഡണ്ട്' കഴിഞ്ഞുപോയിട്ടുണ്ട്. ജനങ്ങളിലേക്കിറങ്ങി, യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ആവേശമായി, എല്ലാ ഇന്ത്യക്കാര്‍ക്കും സ്വപ്നങ്ങള്‍ നല്‍കി കര്‍മത്തിലൂടെ വാക്കുകളോട് നീതിപുലര്‍ത്തിയവന്‍. 'വിഷന്‍ 2020' ലൂടെ വികസിത ഇന്ത്യക്ക് ശിലപാകി അദ്ദേഹം തന്റെ ദൗത്യത്തോട് കൂറുപുലര്‍ത്തി. നിയുക്തപ്രസിഡണ്ടിനും അദ്ദേഹത്തെ റോള്‍മോഡലാക്കാം.
ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വന്‍ശക്തി ഇപ്പോഴും ബലാരിഷ്ടതകളില്‍ നിന്ന് മുക്തമായിട്ടില്ല. രാഷ്ട്രപിതാവ് രാഷ്ട്രത്തിന്റെ ആത്മാവ് കുടികൊള്ളുന്നുവെന്ന് പറഞ്ഞ ഗ്രാമങ്ങളിലേക്ക് ഈ വികസനത്തിന്റെ പങ്ക് ഇപ്പോഴും എത്തിപ്പെട്ടിട്ടില്ല. സ്വാതന്ത്യപ്പുലരി കഴിഞ്ഞ് ആറര ദശകം പിന്നിട്ടെങ്കിലും അടിസ്ഥാന വര്‍ഗ്ഗത്തിന്റെ സ്വപ്നങ്ങള്‍ ചേരികളില്‍ വിശ്രമിക്കുകയാണ്. രാഷ്ട്ര തലസ്ഥാനമായ പുതിയ ഡല്‍ഹിയെയും ചരിത്രമുറങ്ങുന്ന പുരാതന ഡല്‍ഹിയെയും വിലയിരുത്തിയാല്‍ ഇക്കാര്യം ബോധ്യമാകും. ലോകത്തിലെ ഏറ്റവും വലിയ ചേരിസമൂഹം ജീവിക്കുന്ന മുംബൈ നഗരപ്രാന്തത്തിലെ 'ധാരാവി' മറ്റൊരുദാഹരണം.
ബാല്യത്തിന്റെ ചുവപ്പ് മാറുംമുമ്പ് കലപ്പയേന്താന്‍ വിധിക്കപ്പെടുന്ന ഉത്തരേന്ത്യന്‍ ബാല്യങ്ങളെ വിദ്യാലയങ്ങളിലെത്തിക്കണം. പ്രഥമികാവശ്യങ്ങള്‍ക്കുപോലും പാതയോരങ്ങളിലും സമുദ്ര തീരങ്ങളിലും ഇടം കണ്ടെത്തേണ്ടി വരുന്നവര്‍ക്ക് പരിഹാരമുണ്ടാകണം. സ്വാതന്ത്ര്യം ഹനിക്കപ്പെട്ട് അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്ക് നീതി ലഭിക്കണം. ന്യൂനപക്ഷങ്ങള്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കും അര്‍ഹമായ രൂപത്തില്‍ രാഷ്ട്ര വിഭവത്തിന്റെ പങ്ക് ലഭിക്കണം. വേദന തിന്നുന്ന നിത്യരോഗികള്‍ക്ക് സാന്ത്വനം ഉണ്ടാകണം. ആരോഗ്യം നഷ്ടപ്പെട്ട വൃദ്ധര്‍ക്കും അബലര്‍ക്കും പ്രതീക്ഷ ലഭിക്കണം. കലാപങ്ങളില്‍ ഞെരിഞ്ഞമരപ്പെട്ട പൗരന്‍മാരെ നിര്‍ഭയ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരണം. തൊഴിലില്ലാത്ത യുവജനത്തിന് തൊഴിലവസരങ്ങളുണ്ടാകണം. ആതുരാരോഗ്യ രംഗം സാധാരണക്കാരന് പ്രാപ്യമാവണം. ആധുനിക ശാസ്ത്രവിധ്യ രാഷ്ട്രത്തിന് കരുത്ത് പകരണം. ഉന്നത വിദ്യാഭ്യാസം മൂല്യാധിഷ്ടിതവും സൗജന്യവുമാവണം. വിദേശനയം ധാര്‍മികതയിലും രാഷ്ട്ര താത്പര്യത്തിലും അധിഷ്ടിതമാവണം. ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ അന്തസ്സുള്ള നിലപാടുകളുണ്ടാകണം.
ഏതൊരു രാഷ്ട്രത്തിന്റെ വികസനത്തിന്റെ അടിസ്ഥാന ശിലകളായി ഇത്തരം അടിസ്ഥാന ഘടകങ്ങളില്‍  ശ്രദ്ധപതിപ്പിച്ച് 'മാറ്റത്തിന് തയ്യാറായാല്‍' പൗരന്‍മാര്‍ക്ക് രാഷ്ട്രപതിയില്‍ പ്രതീക്ഷയുണ്ട്. രാഷ്ട്രപതി ഭവന് നല്‍കുന്ന നികുതികൊണ്ട് ഉപകാരമുണ്ട്. വികസിത ഇന്ത്യക്കായുള്ള ശ്രമത്തിന് പിന്തുണ അര്‍പ്പിക്കുന്നു

Friday, June 8, 2012

'യാത്രിയോംകി... ശുഭയാത്ര..!'
സുരക്ഷിതവും ദീര്‍ഘദൂരവുമായ യാത്രക്ക് അധികപേരും ട്രെയിന്‍ യാത്രയാണ് തിരഞ്ഞെടുക്കാറ്. കുറഞ്ഞ യാത്ര നിരക്കും എളുപ്പത്തില്‍ ലക്ഷ്യത്തിലെത്താമെന്നതും ട്രെയിന്‍ യാത്രയെ പ്രിയങ്കരമാക്കുന്നു. ഇതുകൊണ്ടുതന്നെ 'ദേശത്തിന്റെ ജീവനാഡി' എന്നാണ് പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വെഅറിയപ്പെടുന്നത്.
എന്നാല്‍ ചില റെയില്‍വെ ഉദ്യോഗസ്ഥരുടെ വേലത്തരങ്ങള്‍ ട്രെയിന്‍ യാത്രക്കാരെ വട്ടം കറക്കുകയാണ്. ജനറല്‍ കമ്പാര്‍ടുമെന്റുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ദുരിതം കൂടുതല്‍ അനുഭവിക്കേണ്ടി വരുന്നത്. മിക്ക സൂപ്പര്‍ഫാസ്റ്റ്, എക്‌സ്പ്രസ് ട്രെയ്‌നുകളിലും നാല് ജനറല്‍ കമ്പാര്‍ടുമെന്റുകളാണ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ ഒന്ന് ചില സമയങ്ങളില്‍ അപ്രത്യക്ഷമാവും. പിന്നെ ബാക്കിവരുന്ന ഒന്നില്‍ പൂരം തുടങ്ങും. കാലുറപ്പിക്കാന്‍ പോലും സ്ഥലമുണ്ടാകില്ല. മംഗലാപുരത്തുനിന്നും നിന്നും യശ്വന്തപൂര്‍, ചെന്നൈ എന്നിവിടങ്ങളിലേക്ക് പോകുന്ന ട്രെയ്‌നുകളില്‍ ഇത് പതിവാണ്. സംസ്ഥാനത്ത് ജോലി ചെയ്യുന്ന തമിഴ്‌നാട്ടിലെയും ബംഗാള്‍, ഒറീസ, ബീഹാര്‍, ആസ്സാം എന്നീ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെയും തൊഴിലാളികള്‍ ഈ ട്രെയിനുകളെ കൂടുതലായി ആശ്രയിക്കുന്നുണ്ട്.


തമിഴര്‍ ട്രെയിനില്‍ കയറുമ്പോള്‍ ചാക്ക്, ചക്ക, ചിരവ, കസേര, പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍ എന്നുവേണ്ട ഇവിടെ നിന്നും കിട്ടുന്ന മുഴുവന്‍ പദാര്‍ത്ഥങ്ങളും വാരിക്കെട്ടിയാണ് യാത്ര പതിവ്. ട്രെയിനില്‍ കയറിയാല്‍ മുന്‍പിന്‍ നോക്കാതെ കിട്ടിയിടത്ത് സാധനങ്ങള്‍ ഇറക്കി വെച്ച് അതില്‍ ഇരിക്കുകയോ കിടക്കുകയോ ചെയ്യും. പിന്നെ അടുത്തൊന്നും ആര്‍ക്കും നില്‍ക്കാനാവില്ലെന്ന് സാരം. ചിലവിരുതന്‍മാര്‍ ലഗേജ് ബെര്‍ത്തിലേക്ക് വലിഞ്ഞു കയറി കിടത്തം തുടങ്ങും. സഹകരണത്തിന്റെ കാര്യത്തില്‍ തങ്ങളുടെ സംസ്ഥാനത്ത് കാണുന്ന ഐക്യം ട്രെയ്‌നുകളില്‍ പ്രകടിപ്പിക്കാറില്ല. സീറ്റ് പിടിച്ചെടുക്കല്‍ യജ്ഞത്തിന്റെ ഭാഗമായുളള പോരാട്ടമാണ് അടുത്ത ഘട്ടം. ആണ്‍പെണ്‍ ഭേതമന്യേ ഇക്കാര്യത്തില്‍ തമിഴര്‍ പൊരുതി നില്‍ക്കും.  ശേഷിക്കുന്നവര്‍ നിലത്തും സീറ്റിനടിയിലുമൊക്കെ തലചായ്ക്കാന്‍ ഇടം കണ്ടെത്തും. മലയാളിയുടെ 'ഈഗോ'  ഇക്കാര്യത്തില്‍ ഇവര്‍ക്കില്ല. ടിക്കറ്റ് എക്‌സാമിനര്‍മാരെ ഭയമുള്ളവര്‍ ട്രെയ്‌നില്‍ കയറുന്നതേ കാണാനാവൂ. പിന്നീട് എവിടെപോയി എന്ന് മഷിയിട്ടുനോക്കണം.




ഇതൊക്കെ മുന്‍കൂട്ടികണ്ട് അതിബുദ്ധിമാന്‍മാരായ പല മാന്യന്‍മാരും ട്രെയിന്‍വന്ന് നില്‍ക്കുമ്പോള്‍ തന്നെ കര്‍ച്ചീഫ്, പുസ്തകം, കുട തുടങ്ങി വിലപിടിപ്പില്ലാത്ത വസ്തുക്കള്‍ സീറ്റുകളിലേക്കിട്ട് 'ടെംപററി റിസര്‍വേഷന്‍' നടത്തിക്കളയും. ട്രെയിനില്‍ കയറിപ്പറ്റിയാല്‍ ബര്‍ത്തുകളില്‍ കയറിക്കിടക്കുന്നവര്‍ ട്യൂബ് ലൈറ്റ് തിരിച്ച് ഓഫാക്കി തങ്ങള്‍ക്ക് സുഖ സുശുപ്തി ഉറപ്പുവരുത്തും. പാദരക്ഷകളുടെ സുരക്ഷക്കുവേണ്ടി ഫാനുകള്‍ക്ക് മുകളില്‍ തന്നെ സ്ഥലം കണ്ടെത്തും. പാവപ്പെട്ട തൊഴിലാളികള്‍ തങ്ങളുടെ ജീവിത സമ്പാദ്യവുമായി കലാസൃഷ്ടികള്‍ യഥേഷ്ടമുള്ള ടോയ്‌ലറ്റില്‍ വരെ നിറഞ്ഞിട്ടുണ്ടാകും. മുമ്പ് ആവശ്യങ്ങള്‍ നിര്‍വഹിച്ചവര്‍ ഉപേക്ഷിച്ചുപോയ ഗന്ധം അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്നുണ്ടാകും. ഇനിയാരും ഇത്തരം ആവശ്യങ്ങള്‍ക്ക് ഇവിടേക്ക് വരേണ്ടതുമില്ല. ട്രെയിന്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെ ആവശ്യക്കാര്‍ സഹിച്ചിരുന്നോളണം. ഇടക്കൊക്കെയൊന്ന് മിനുങ്ങാന്‍ ആഗ്രഹിക്കുന്ന സേവകരും അസ്വസ്ഥ ബാധിതരായ പുകയൂത്തുകാരും ഈ എരിയയില്‍ തക്കം പാര്‍ത്തിരിക്കുന്നത് കാണാം. പാന്‍മസാലയും മറ്റു താത്കാലിക ലഹരികളും യഥേഷ്ടം ആസ്വദിക്കുന്നവര്‍ ഡോറിനരികില്‍ ഇരിപ്പുറപ്പിക്കും. ട്രെയിന്‍ ഇളകുന്ന സമയത്ത് കയറാന്‍ ശ്രമിക്കുന്നവര്‍ക്കിവര്‍ വന്‍ഭീഷണിയാണ്.
ട്രയ്‌നിലെ സദ്യ ഒരു സംഭവമാണ്. വീടുകളില്‍ നിന്ന് കൊണ്ടുവന്നതോ റെയില്‍വെ സ്റ്റേഷനുകളില്‍ നിന്ന് വന്‍ വിലകൊടുത്തു വാങ്ങിയതോ ആകും ഭക്ഷണം. കഴിയുന്നപോലെ കഴിക്കാം.  ബര്‍ത്തിലിരുന്ന് കഴിക്കുന്നവര്‍ താഴെയിരിക്കുന്നവരുടെ തലയിലേക്ക് അവശിഷ്ടങ്ങള്‍ ഉപേക്ഷിക്കപ്പെടുന്നതിന്റെയും വിന്‍ഡോവിലൂടെ കൈകഴുമ്പോള്‍ അടുത്തിരിക്കുന്നവന്റെ മുഖത്തേക്ക് 'പുണ്യാഹം' തളിക്കപ്പെടുന്നതിന്റെയും ബാക്കി കലാപരിപാടികള്‍ അടുത്ത് തന്നെ കേള്‍ക്കാം. ഭാഗ്യമുണ്ടെങ്കില്‍ കൈകഴുകാന്‍ വെള്ളം ട്രെയ്‌നിലെ ടാപ്പിലുണ്ടാകും. ഇല്ലെങ്കില്‍ പൊന്നിന്‍ വിലകൊടുത്ത് വാങ്ങി ഉപയോഗപ്പെടുത്താം. ഒരു കമ്പാര്‍ടുമെന്റില്‍ നിന്നും മറ്റൊന്നിലേക്ക് പാസ്സിംഗ് സൗകര്യമുള്ള ഇന്റര്‍സിറ്റി എക്‌സ്പ്രസ് പോലുള്ള ട്രെയിനുകള്‍ക്കകത്തും ഭക്ഷണ വിതരണമുണ്ട്. നില്‍ക്കാന്‍പോലും ഇടമില്ലാത്തതിനിടയിലൂടെ അന്യഭാഷക്കാരായ ഇവരുടെ നുഴഞ്ഞുകയറ്റം നടക്കും. പാരമ്പര്യ ഗായകരെയും അവശ്യവസ്തു വില്‍പനക്കാരെയും ദീനതയനുഭവിക്കുന്ന യാചകരെയും ഇടക്കൊക്കെ കാണം. ഈ കലാപരിപാടികളെയും യാത്രികന്‍ ക്ഷമയോടെ തരണം ചെയ്യണം.
ചില സന്ദര്‍ഭങ്ങളില്‍ നിലവിലുള്ളതില്‍ ഒരു ജനറലിനെ മുമ്പിലേക്ക് കൊണ്ടുപോയി കൊളുത്താറുണ്ട്. റെയില്‍വെ സ്റ്റേഷനില്‍ നിന്നും 'കോച്ച് പൊസിഷന്‍' അനൗണ്‍സ് ചെയ്യാറുണ്ടെങ്കിലും അത് ഇംഗ്ലീഷിലായതുകൊണ്ടും മിക്കവരും മൈന്റ് ചെയ്യാറില്ല. പ്രത്യേകിച്ച് തമിഴ് തൊഴിലാളികള്‍ക്ക് ഇത് മനസിലാകുകയുമില്ല. മംഗലാപുരത്തുനിന്നും പുറപ്പെടുന്ന ട്രെയിനുകള്‍ കോഴിക്കോടുനിന്നും ട്രെയിന്‍ തിരൂര്‍ സ്റ്റേഷനില്‍ എത്തിയാല്‍ തള്ളിക്കയറ്റം രൂക്ഷമാവും. ആഴ്ചയില്‍ ഒരു ദിവസം മാത്രം ഓടുന്ന പോണ്ടിച്ചേരി എക്‌സ്പ്രസ് 'വാഗണ്‍ഗ്രാജഡി' അനുസ്മരണം പോലെയാണ് തിരൂരില്‍ നിന്നും പുറപ്പെടാറ്. തിങ്ങിനിറങ്ങ തൊഴിലാളികളും അവരുടെ സ്ഥാവര ജംഗമവസ്തുക്കളും കുത്തിനിറച്ചുള്ള 'ശുഭയാത്ര..'. റെയില്‍വെ സ്റ്റേഷനില്‍ നിന്നും സേവാകേന്ദ്രങ്ങളിലും നിന്നുമായി യഥേഷ്ടം ടിക്കറ്റ് അടിച്ചുവിടാറുണ്ട്. എന്നാല്‍ ഇവര്‍ക്കു വേണ്ട യാത്രാസൗകര്യങ്ങള്‍ 'ഇത്രയൊക്ക മതി' എന്ന നിലപാടാണ് റെയില്‍വെ കൈക്കൊള്ളുന്നത്.
രോഗികളും വൃദ്ധന്‍മാരും സ്ത്രീകളും കുട്ടികളും അടങ്ങുന്ന ബഹുജനം തിങ്ങിനിറഞ്ഞിരിക്കുന്നു... അന്തരീക്ഷത്തില്‍ മദ്യത്തിന്റെയും ബീഡിയുടെയും പാന്‍പരാഗിന്റെയും ഗന്ധം.. വിയര്‍പ്പിന്റെയും വിങ്ങലിന്റെയും അസ്വസ്ഥത.. അടുത്തിരിക്കുന്നവന്‍ സൗഹൃദം നടിച്ച് അടിച്ചെടുത്തു പോകുമോ എന്ന ഭയം തളം കെട്ടിയ മനസ്സ്.. ഇറങ്ങാനുള്ള സ്റ്റേഷനെത്തിയോ എന്നറിയാത്ത അവസ്ഥ.... ഇനി എത്തിയാല്‍ തന്നെ ബാഗും മറ്റു ലഗേജുകളും തലയിലേറ്റി കുട്ടികളും പ്രായമായവരും കൂടെയുണ്ടെങ്കില്‍ അവരുടെ ഭാരം കൂടെ ബാലന്‍സ് ചെയ്ത് നിലത്ത് കിടക്കുന്നവരെ ചാടിക്കടന്നും അടുത്ത് നില്‍ക്കുന്നവരെ തള്ളിമാറ്റിയും കയറാനുള്ളവരുടെ തള്ളിക്കയറ്റത്തെ അതിജീവിച്ചും ഇറങ്ങേണ്ട അവസ്ഥ... ഇതാണ് ഇന്ത്യന്‍ റെയില്‍വേ ഒരു സാധാരണ യാത്രക്കാരന് നല്‍കുന്ന 'ശുഭയാത്ര'.സുരക്ഷയും സൗകര്യവുമൊക്കെ ഫസ്റ്റ്ക്ലാസ്, എ.സി, സ്ലീപ്പര്‍ റിസര്‍വേഷന്‍ എന്നീ ദാരിദ്ര്യ രേഖകക്ക് മുകളിലുള്ളവര്‍ക്ക് മാത്രമാണോ?. ബാക്കി വരുന്ന 'പെയ്ഡ് യാത്രക്കാര്‍'ക്ക് നല്‍കുന്ന പണത്തിനുളള സൗകര്യമെങ്കിലും അനുവദിച്ചു കൂടെ. റെയില്‍വെ യാത്ര നിരക്കുകള്‍ കുറക്കുകയാണ് എന്ന് മേനി നടിക്കുന്നതിന് സൗജന്യമാക്കി എന്നര്‍ത്ഥമില്ലല്ലോ..!
ടിക്കറ്റ് കൗണ്ടറിലെ കഥകളികള്‍ ബഹുരസമാണ്. സൂപ്പര്‍ഫാസ്റ്റ് എന്ന ഓമന പേരില്‍ ഓടുന്ന വണ്ടികളില്‍ 'സപ്ലിമെന്ററി ടിക്കറ്റ്' എടുക്കാതെ യാത്ര ചെയ്യാനാവില്ല. സീസണ്‍ യാത്രക്കാര്‍ക്കും ഇത് ബാധകമാണ്. പലരും വൈകീട്ട് ജോലി കയിഞ്ഞ് ട്രാഫിക് ജാമുകളെ മറികടന്ന് ബസുകളിലും ഓട്ടോകളിലുമായി സ്റ്റേഷനിലെത്തുമ്പോള്‍ ക്യൂ പുറത്തേക്ക് നീണ്ടിരിക്കും. ഈ അടിയന്തിര സമയത്ത് കമ്പ്യൂട്ടര്‍ കീബോര്‍ഡില്‍ അക്ഷരങ്ങള്‍ പെറുക്കി പെറുക്കി മാത്രം അടിക്കുന്നവരാണ് പല ടിക്കറ്റ് കൗണ്ടറിലുമുള്ളത്. വണ്ടിട്രാക്കില്‍ കിടക്കുമ്പോഴാണ് ഈ ഒച്ചുവേല. (യാത്രക്കാരന്റെ നെഞ്ചിടിപ്പിന്റെ വേഗം ഇവര്‍ക്കുണ്ടായിരുന്നെങ്കില്‍..!)ചില്ലറയില്ലെങ്കില്‍ യജമാനന്‍മാരുടെ ചീത്ത വേറെ കേള്‍ക്കണം. ട്രെയിനുകളെ പറ്റിയോ സമയത്തെ പറ്റിയോ അന്വേഷിച്ചാല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുകളില്‍ നിന്നും ജനങ്ങള്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ മറുപടി കിട്ടാറില്ല. ആംഗ്യഭാഷയാണ് കൂടുതല്‍ ഉപയോഗിക്കാറ്. ഒരിക്കല്‍ ചോദിച്ചവന്‍ പിന്നീട് ചോദിക്കാനും പാടില്ല. ഇതൊക്കെ മറ്റാരുടെയോ പണിയാണ് എന്ന രീതിയിലാണ് കര്‍തവ്യ നിര്‍വഹണം. ഇവര്‍ക്കൊക്കെ പേഴ്‌സണാലിറ്റി ഡവലപ്‌മെന്റ്  ക്ലാസുകള്‍ നല്‍കിയില്ലെങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ തൊവില്‍ദാതാവായ ഇന്ത്യന്‍ റെയില്‍വെ താമസിയാതെ മ്യൂസിയത്തിലെത്തും. ഒരു സ്വകാര്യന്‍ മറുപുറത്തില്ലാത്ത തണ്ടാണ് റെയില്‍വെ കാണിക്കുന്നതെന്നു തോന്നിപോകും. (പാസഞ്ചര്‍ ട്രെയിനുകള്‍ കൂടുതല്‍ അനുവദിക്കാത്തതും ഉള്ളതില്‍ തന്നെ ബോഗി കൂട്ടാത്തതും സ്വകാര്യ സംരംഭകരുടെ നോട്ടിന്റെ കനം അനുഭവപ്പെടുന്നതിനാലാണ് എന്ന് നിരീക്ഷകര്‍ പറയുന്നു). പലപൊതുമേഖലാ സ്ഥാപനങ്ങളും പാപ്പരാക്കുന്ന പ്രക്രിയയില്‍ ആ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ നല്ല സേവനം ചെയ്തിട്ടുണ്ട് എന്നകാര്യം ചരിത്ര സത്യം.
മുന്‍കാലത്ത് ട്രെയിനുകളുടെ വൈകിയോട്ടം ഇന്ത്യന്‍ റെയില്‍വെയുടെ മുഖമുദ്രയായിരുന്നെങ്കില്‍ ഇപ്പോള്‍ അത് കുറെയൊക്കെ മാറിയിട്ടുണ്ട്. എന്നാലും ഓര്‍മ പുതുക്കുന്നതുപോലെ യാത്രക്കാര്‍ക്ക് നേരിട്ട അസൗകര്യത്തില്‍ അതിയായി ഖേദിക്കുന്നു... എന്ന് കേള്‍ക്കാം. ഇതു മൂലം ഇന്റര്‍വ്യൂകളും പി.എസ്.പി പരീക്ഷകളും മറ്റു പ്രധാന വിഷയങ്ങളും നഷ്ടപ്പെവര്‍ അനവധി.


ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യുന്നവര്‍ റെയില്‍വെയില്‍ ഇല്ലെന്നല്ല. റെയില്‍വെയുടെ സേവനങ്ങളെ നിസ്സാരമായി കാണുന്നുമില്ല. ചിലകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ റെയില്‍വേക്ക് 'ട്രാവലേഴ്‌സ് ഫ്രന്റ്‌ലി' ആകാമെന്ന് ഉണര്‍ത്തുകമാത്രം. റെയില്‍വെയുടെ തലപ്പത്തിരിക്കുന്ന ഉദ്യോഗസ്ഥര്‍ ഇടക്കൊക്കെ ജനറല്‍ കമ്പാര്‍ടുകളിലും യാത്ര ചെയ്ത് യാത്രികരുടെ സാഹസങ്ങള്‍ കണ്ടറിയണം. യാത്രക്കാരുമായി ചര്‍ച്ച ചെയ്ച് പ്രശ്‌നങ്ങള്‍ പഠിച്ച് യുക്തമായ പരിഹാരം കാണണം. റെയില്‍വെയുടെ ഇമേജിനല്ല യാത്രക്കാരുടെ സുരക്ഷക്കും സൗകര്യങ്ങള്‍ക്കുമാണ് ഈ പൊതുമേഖല സ്ഥാപനം മുന്‍കൈയെടുക്കേണ്ടത്. അങ്ങനെയാവട്ടെ.. യാത്രിയോംകി ശുഭയാത്ര..!!

Wednesday, March 14, 2012