Tuesday, October 9, 2012


കുടിമനസ്സ്











പ്രഭാതം പൊട്ടിവിടര്‍ന്നു..
മടിപിടിച്ച മലയാളി ഉണര്‍ന്നു..
ഹൊ, കഷ്ടം..
ഇനി വൈകുന്നേരമാകണം..!
'വൈകീട്ടത്തെ പരിപാടി'യുടെ
സ്വപ്നത്തിലേറി അയാള്‍
ജോലി സ്ഥലത്തേക്ക് നടന്നു.
വഴിയിലൊരു ബഹളം..!
'നീര' കര്‍ഷകരെ രക്ഷിക്കുക..
രാഷ്ട്രീയ സംഘടനകളുടെ പിന്തുണയോടെ
കര്‍ഷകര്‍ റോഡ് ഉപരോധിക്കുന്നു..
തലച്ചോറില്‍ ചെകുത്താന്‍ പ്രവര്‍ത്തിച്ചു.
നീരയുടെ അമൃതേത്തു നിഷേധിക്കാന്‍
ആര്‍ക്കാണവകാശം..

അയാളുടെ സംഘബോധം ഉണര്‍ന്നു..
എതിര്‍ പാര്‍ട്ടിക്കാരനായിട്ടും
സമരക്കാരോട് സഹകരിക്കാന്‍ മടിച്ചില്ല..
പ്രസംഗകന്റെ വാക്കുകള്‍ തുളുമ്പി..
സര്‍ക്കാറിന് നികുതി വരുമാനം നല്‍കുന്നതില്‍
മദ്യവ്യവസായത്തിന്റെ റോള്‍ ഊന്നിപ്പറഞ്ഞു..
ആരോഗ്യ വകുപ്പിന്റെ നിലനില്‍പ്പുവരെ..!
അയാള്‍ക്ക് ആത്മഹര്‍ഷം തോന്നി..
ഹൊ.., ഈ നാട്ടിലെ സര്‍ക്കാറിനെ പട്ടിണിയില്‍ നിന്ന്
രക്ഷിക്കുന്നത് നമ്മളാണല്ലോ..!
മുദ്രാവാക്യവും പ്രസംഗവും ജോറായി നടന്നു..
വികസനത്തിന്റെ അടിസ്ഥാന ഘടകമായ മദ്യം
റേഷന്‍ കടകളിലും വിതരണം ചെയ്യണമെന്ന
നിര്‍ദ്ദേശത്തെ വമ്പിച്ച കരഘോഷത്തോടെ എതിരേറ്റു.

ഉച്ചയായി..
വയറ്റില്‍ അടുത്ത 'ലോഡ്' എത്താനുള്ള ഉത്തരവെത്തി..
നേതാക്കള്‍ പ്രസംഗം നിര്‍ത്തി 'സ്റ്റാര്‍' ഹോട്ടലുകളിലേക്ക് നീങ്ങി..
നീരയുടെ നിലനില്‍പ്പിനല്ലെ..,
താനിക്ക് ഇന്നുച്ചക്ക് പട്ടിണികിടന്നാലെന്ത്..
അപ്പോഴും ചിന്തകളില്‍ സ്വകുടുംബം കടന്നുവന്നില്ല..

കാത്തിരുന്നു..
ഉച്ചക്ക് ശേഷവും സമരം തുടര്‍ന്നു..
പ്രസംഗിച്ചവര്‍ പോയി.. പുതിയ നേതാക്കള്‍ വന്നു..
മദ്യചരിതവും ലക്ഷ്യവും നന്നായി ബോധ്യപ്പെട്ടു..
ഭൂമി മുതല്‍ സ്‌പേസ് വരെ നിലനില്‍ക്കുന്നത്
മദ്യവ്യവസായത്തിന്റെ പിന്‍ബലംകൊണ്ടാണ്...

അയാളോര്‍ത്തു..
മുമ്പൊക്കെ ഈ നേതാക്കളില്‍ ചിലര്‍
മദ്യവിരുദ്ധ പക്ഷത്തായിരുന്നല്ലോ..!
താനപ്പയേ പറഞ്ഞതാണ്..!
ഉപയോഗിച്ചു നോക്കാത്തവരാണ്
ഈ ഔഷധത്തെ പകലില്‍ കുറ്റപ്പെടുത്തുന്നത്.
സന്ധ്യക്കെല്ലാവരും 'നീരാധകരാണ്'.

സൂര്യന്‍ അസ്തമയത്തിനൊരുങ്ങി..
തലച്ചോറില്‍ അത്യാവശ്യത്തിനുള്ള മുന്നറിയിപ്പ് തുടങ്ങി..
പോക്കറ്റ് തപ്പി.. കാലി.. ഇന്ന് സമരമായിരുന്നല്ലോ..!
കൈകാലുകള്‍ വിറ തുടങ്ങി.. ചങ്ക് വരളുന്നു..
സമരക്കാര്‍ കൊടിതാഴ്ത്തി സ്ഥലം വിട്ടു..
നികുതി ദാതാവ് തനിച്ചായി..
ഇപ്പോള്‍ മുമ്പ് കേട്ടതൊന്നും ഓര്‍മയില്‍ വരുന്നില്ല..

പ്രതീക്ഷയോടെ മുന്നോട്ടു നടന്നു..
ബീവറേജ് ഔട്ട് ലെറ്റില്‍ പൂരത്തിന്റെ തിരക്ക്..
ഇവിടെ അത്യാസന്നനിലയിലുള്ളവനും ക്യൂ നില്‍ക്കണമല്ലോ..
ഹെല്‍മറ്റുകള്‍.. യൂനിഫോമിലുള്ളവര്‍.. പ്രായഭേതമില്ല..

പരിചയക്കാര്‍ ആരെങ്കിലും ഉണ്ടാവണേ..
ആരുമില്ല.. ദൈവമേ.. ഇനി ചെയ്യും..?
അയാള്‍ അടുത്ത് നില്‍ക്കുന്ന തെങ്ങിലേക്ക് നോക്കി..
മുകളിലൊരു കുടം...  നീരയുടെ ഉത്ഭവം..
അതയാളുടെ തലച്ചോറില്‍ ഇടിമിന്നല്‍ തീര്‍ത്തു..

No comments: