Monday, October 27, 2008

Maliyam

മാലിന്യം പേറുന്ന ഗ്രാമവഴികള്‍

ഗ്രാമങ്ങള്‍ വൃത്തിയുള്ളതാണെന്ന്‌ വെയ്‌പ്‌. നഗരത്തിന്റെ മാലിന്യങ്ങളോ കോലാഹലങ്ങളോ ഏശാത്ത ശുദ്ധമായ മണ്ണ്‌. ഗ്രാമവഴികളുടെ ശാലീനതയില്‍ വികാരാധീനരാകാത്ത കവികളില്ല. എന്നാല്‍ ഇപ്പോള്‍ ചില സാമൂഹ്യ വിരുദ്ധരുടെ കര്‍മ്മ ഫലമായി ഗ്രാമീണ വഴികളില്‍ മാലിന്യ പിപ്ലവം നടക്കുന്നു. കോഴി കച്ചവടക്കാരാണ്‌ നാട്‌ മുഴുക്കെ മാലിന്യം വിതറുന്നത്‌. അര്‍ദ്ധ രാത്രി ആരുംകാണാതെ വഴികളില്‍ തള്ളുന്ന അവശിഷ്ടങ്ങള്‍ മഴകൊണ്ട്‌ ചീഞ്ഞ്‌ നാറുമ്പോള്‍ വഴിനടക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്‌.
ചാക്കുകളിലാക്കി റോഡരികില്‍ ഉപേക്ഷിക്കപ്പെടുന്ന വസ്‌തുക്കള്‍ ബോംബു ഭീഷണികളുടെ ഇക്കാലത്ത്‌ എത്തിനോക്കാന്‍ തന്നെ ആളുകള്‍ക്ക്‌ ഭയമാണ്‌. രണ്ട്‌ ദിവസം മഴ നനഞ്ഞ്‌ ദുര്‍ഗന്ധം വമിക്കുമ്പോഴാണ്‌ ചാക്കിനകത്തുള്ള വസ്‌തുവിന്റെ ഉള്ളുകള്ളികള്‍ വെളിച്ചത്താവുന്നത്‌. അന്യവസ്‌തുക്കള്‍ എടുത്ത്‌ മാറ്റാന്‍ ആരുംമിനക്കെടാത്ത കാരണത്താല്‍ ചീഞ്ഞ്‌ മണ്ണില്‍ ലയിക്കുന്നത്‌ വരെ നാറ്റം സഹിക്കുകയല്ലാതെ മറ്റുവഴിയില്ല. ഈ അവശിഷ്ടങ്ങള്‍ കാക്കപോലുള്ള ജീവികള്‍ അടുത്തുള്ള വീടുകളുടെ കിണറുകളിലും മറ്റും എത്തിക്കുന്നുണ്ട്‌. ഇത്തരം മാലിന്യങ്ങള്‍ പലപ്പോഴും രോഗങ്ങള്‍ ഉണ്ടാക്കാനുതകുന്നതാണ്‌. ഉപഭോഗ സംസ്‌കാരത്തിന്റെ മാലിന്യങ്ങള്‍ മുമ്പ്‌ നഗരങ്ങളാണ്‌ അനുഭവിച്ചിരുന്നതെങ്കില്‍ ഇന്ന്‌ ഗ്രാമങ്ങളാണ്‌ പേറാന്‍ വിധിക്കപ്പെടുന്നത്‌.
ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത്‌ ശിക്ഷാര്‍ഹമാണ്‌ എന്നെഴുതിയ ഗ്രാമപഞ്ചായത്തിന്റെ മുന്നറിയിപ്പ്‌ ബോര്‍ഡുകള്‍ക്ക്‌ താഴെ തന്നെ മാലിന്യം നിക്ഷേപിച്ച്‌ കഴിവുതെളിയിക്കുന്ന നിക്ഷേപകരും ഇക്കൂട്ടത്തിലുണ്ട്‌. അധികൃതരുടെ ഭാഗത്തുനിന്ന്‌ ശക്തമായ നടപടികളില്ലാത്തത്‌ ഇത്തരം സാമൂഹ്യവുരുദ്ധര്‍ക്ക്‌ അവസരമാവുന്നു.
ആരോഗ്യ ബോധവത്‌ക്കരണത്തിനും സംരക്ഷണത്തിനും മുന്‍ഗണന നല്‍കുന്ന സര്‍ക്കാര്‍ പൗരന്‍മാരുടെ ആരോഗ്യത്തിന്‌ ഭീഷണിയുയര്‍ത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം നാട്ടുകാര്‍ക്ക്‌്‌ നടപടി സ്വീകരിക്കേണ്ടതായിവരും. അറവുശാലകളുടെ മാലിന്യ സംസ്‌കരണം നിര്‍ദ്ദേശിക്കപ്പെട്ട രൂപത്തിലാണെന്ന്‌ അധികൃതര്‍ ഉറപ്പ്‌ വരുത്തുകയും അല്ലാത്തവര്‍ക്കെതിരെ അര്‍ഹമായ ശിക്ഷാനടപടികള്‍ സ്വീകരിക്കുകയും ചെയ്‌താലല്ലാതെ നമ്മുടെ നടവഴികളും റോഡിന്റെ ഓരങ്ങളും മാലിന്യമുക്തമാവില്ല.

Thursday, October 16, 2008

Nan Teevravadi Akano...?

എങ്ങിനെ തീവ്രവാദി ആകാതിരിക്കും..?

രാവിലെ കട്ടന്‍ ചായയോടൊപ്പം പത്രം വായിക്കാനിരുന്നപ്പോഴാണ്‌ ഞാന്‍ ആ വാര്‍ത്ത ശ്രദ്ധിച്ചത്‌.
എന്റെ സമുദായം വീണ്ടും അപമാനിക്കപ്പെട്ടിരിക്കുന്നു...
എന്റെ അഭിമാനം ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു...
സംഗതി ജോറാണ്‌... ഇന്ദ്രപ്രസ്ഥത്തിലെ പ്രതിപക്ഷത്തിന്റെ തേരാളി കേരളത്തിലെത്തിയപ്പോള്‍ സുരക്ഷാ ഡ്യൂട്ടിയില്‍ നിന്ന്‌ എന്റെ സമുദായക്കാരെ മുസ്‌ലിമായതിന്റെ പേരില്‍ ബ്രഷ്ട്‌ കല്‍പ്പിച്ചിരിക്കുന്നു. നേതാവിനെ പരിചരിച്ച്‌ പുണ്യം നേടാത്തതിന്റെ പേരിലല്ല.. എന്റെ ധര്‍മ്മ രോക്ഷം... എവിടെയും ഞാന്‍ അന്യായമായി നോവിക്കപ്പെടുന്നു... അപമാനിക്കപ്പെടുന്നു... അവഗണിക്കപ്പെടുന്നു...
കേരളത്തിലെ ഒരു ജില്ലാ കലക്ടര്‍ മുസ്‌ലിം സമുദായക്കാരനായതിന്റെ പേരില്‍ ഒട്ടേറെ പീഢനം അനുഭവിച്ചത്‌ തുറന്നടിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി.... ക്ഷേത്ര നഗരമായ കേരളത്തിന്റെ സാംസ്‌കാരിക നഗരി എന്നറിയപ്പെടുന്നിടത്ത്‌ ആ ഐ.എ.എസുകാരന്‌ സേവനം അനുഷ്ടിക്കാന്‍ അര്‍ഹതയില്ലത്രെ.. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌, നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌, സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ എന്റെ സമുദായത്തെ കുറിച്ച്‌ പഠിച്ച്‌ അധികാരികള്‍ക്ക്‌ കൊതി തീര്‍ന്നിട്ടില്ല. എന്റെ താടിയും തലപ്പാപ്പാവും അവജ്ഞക്കുള്ള പ്രതീകമായി പലരും കാണുന്നു... എന്റെ ജീവന്‌ വിലയില്ലാതായിരിക്കുന്നു... തീവ്രതയുടെ പേരില്‍, ഭീകരതയുടെ പേരില്‍ എവിടെ വച്ചും ഞാന്‍ വെടിയുണ്ടകള്‍ക്കിരയാവാമെന്ന അവസ്ഥ വന്നിരിക്കുന്നു..
എനിക്കുവേണ്ടി വാദിക്കാനാരുമില്ല.. എല്ലാ കക്ഷികളും എന്റെ രക്തം ഊറ്റിക്കുടിക്കുന്നു. എന്റെ സമുദായത്തിന്റെ വോട്ട്‌ ബാങ്കില്‍ മാത്രമാണ്‌ അവരുടെ കണ്ണ്‌....
ഞാന്‍ ന്യൂനപക്ഷമായത്‌ എന്റെ ജന്മ ശാപമാണെന്ന്‌ പലരും വിധി എഴുതിയിരിക്കുന്നു..
ഉന്നത തൊഴിലുകളിലും... രാജ്യത്തിന്റെ സുപ്രധാന മേഖലകളിലും ഞാന്‍ തഴയപ്പെട്ടിരിക്കുന്നു... പലരും കൊതിക്കുന്നു... ഞാന്‍ ചേരിയില്‍ ജനിച്ച്‌ ചേരിയില്‍ ഒടുങ്ങണം...
എന്റെ ദീനരോധനം പോലും അട്ടഹാസമായി അപഹസിക്കപ്പെടുന്നു..
പക്ഷെ...
എന്റെ അഭിമാനം അനുവദിക്കുന്നില്ല... ചരിത്രം എന്നെ ചിന്തിപ്പിക്കുന്നു.. എന്റെ മുന്‍ഗാമികള്‍ ഇവിടെ ചെങ്കോലേന്തിയിരുന്നു...
എന്റെ പ്രത്യശാസ്‌ത്രം അവമതിക്കപ്പെടുമ്പോള്‍... പറയുക ഞാന്‍ തീവ്രവാദിയാകണോ?