Monday, October 27, 2008

Maliyam

മാലിന്യം പേറുന്ന ഗ്രാമവഴികള്‍

ഗ്രാമങ്ങള്‍ വൃത്തിയുള്ളതാണെന്ന്‌ വെയ്‌പ്‌. നഗരത്തിന്റെ മാലിന്യങ്ങളോ കോലാഹലങ്ങളോ ഏശാത്ത ശുദ്ധമായ മണ്ണ്‌. ഗ്രാമവഴികളുടെ ശാലീനതയില്‍ വികാരാധീനരാകാത്ത കവികളില്ല. എന്നാല്‍ ഇപ്പോള്‍ ചില സാമൂഹ്യ വിരുദ്ധരുടെ കര്‍മ്മ ഫലമായി ഗ്രാമീണ വഴികളില്‍ മാലിന്യ പിപ്ലവം നടക്കുന്നു. കോഴി കച്ചവടക്കാരാണ്‌ നാട്‌ മുഴുക്കെ മാലിന്യം വിതറുന്നത്‌. അര്‍ദ്ധ രാത്രി ആരുംകാണാതെ വഴികളില്‍ തള്ളുന്ന അവശിഷ്ടങ്ങള്‍ മഴകൊണ്ട്‌ ചീഞ്ഞ്‌ നാറുമ്പോള്‍ വഴിനടക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്‌.
ചാക്കുകളിലാക്കി റോഡരികില്‍ ഉപേക്ഷിക്കപ്പെടുന്ന വസ്‌തുക്കള്‍ ബോംബു ഭീഷണികളുടെ ഇക്കാലത്ത്‌ എത്തിനോക്കാന്‍ തന്നെ ആളുകള്‍ക്ക്‌ ഭയമാണ്‌. രണ്ട്‌ ദിവസം മഴ നനഞ്ഞ്‌ ദുര്‍ഗന്ധം വമിക്കുമ്പോഴാണ്‌ ചാക്കിനകത്തുള്ള വസ്‌തുവിന്റെ ഉള്ളുകള്ളികള്‍ വെളിച്ചത്താവുന്നത്‌. അന്യവസ്‌തുക്കള്‍ എടുത്ത്‌ മാറ്റാന്‍ ആരുംമിനക്കെടാത്ത കാരണത്താല്‍ ചീഞ്ഞ്‌ മണ്ണില്‍ ലയിക്കുന്നത്‌ വരെ നാറ്റം സഹിക്കുകയല്ലാതെ മറ്റുവഴിയില്ല. ഈ അവശിഷ്ടങ്ങള്‍ കാക്കപോലുള്ള ജീവികള്‍ അടുത്തുള്ള വീടുകളുടെ കിണറുകളിലും മറ്റും എത്തിക്കുന്നുണ്ട്‌. ഇത്തരം മാലിന്യങ്ങള്‍ പലപ്പോഴും രോഗങ്ങള്‍ ഉണ്ടാക്കാനുതകുന്നതാണ്‌. ഉപഭോഗ സംസ്‌കാരത്തിന്റെ മാലിന്യങ്ങള്‍ മുമ്പ്‌ നഗരങ്ങളാണ്‌ അനുഭവിച്ചിരുന്നതെങ്കില്‍ ഇന്ന്‌ ഗ്രാമങ്ങളാണ്‌ പേറാന്‍ വിധിക്കപ്പെടുന്നത്‌.
ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത്‌ ശിക്ഷാര്‍ഹമാണ്‌ എന്നെഴുതിയ ഗ്രാമപഞ്ചായത്തിന്റെ മുന്നറിയിപ്പ്‌ ബോര്‍ഡുകള്‍ക്ക്‌ താഴെ തന്നെ മാലിന്യം നിക്ഷേപിച്ച്‌ കഴിവുതെളിയിക്കുന്ന നിക്ഷേപകരും ഇക്കൂട്ടത്തിലുണ്ട്‌. അധികൃതരുടെ ഭാഗത്തുനിന്ന്‌ ശക്തമായ നടപടികളില്ലാത്തത്‌ ഇത്തരം സാമൂഹ്യവുരുദ്ധര്‍ക്ക്‌ അവസരമാവുന്നു.
ആരോഗ്യ ബോധവത്‌ക്കരണത്തിനും സംരക്ഷണത്തിനും മുന്‍ഗണന നല്‍കുന്ന സര്‍ക്കാര്‍ പൗരന്‍മാരുടെ ആരോഗ്യത്തിന്‌ ഭീഷണിയുയര്‍ത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം നാട്ടുകാര്‍ക്ക്‌്‌ നടപടി സ്വീകരിക്കേണ്ടതായിവരും. അറവുശാലകളുടെ മാലിന്യ സംസ്‌കരണം നിര്‍ദ്ദേശിക്കപ്പെട്ട രൂപത്തിലാണെന്ന്‌ അധികൃതര്‍ ഉറപ്പ്‌ വരുത്തുകയും അല്ലാത്തവര്‍ക്കെതിരെ അര്‍ഹമായ ശിക്ഷാനടപടികള്‍ സ്വീകരിക്കുകയും ചെയ്‌താലല്ലാതെ നമ്മുടെ നടവഴികളും റോഡിന്റെ ഓരങ്ങളും മാലിന്യമുക്തമാവില്ല.

No comments: