Friday, June 8, 2012

'യാത്രിയോംകി... ശുഭയാത്ര..!'
സുരക്ഷിതവും ദീര്‍ഘദൂരവുമായ യാത്രക്ക് അധികപേരും ട്രെയിന്‍ യാത്രയാണ് തിരഞ്ഞെടുക്കാറ്. കുറഞ്ഞ യാത്ര നിരക്കും എളുപ്പത്തില്‍ ലക്ഷ്യത്തിലെത്താമെന്നതും ട്രെയിന്‍ യാത്രയെ പ്രിയങ്കരമാക്കുന്നു. ഇതുകൊണ്ടുതന്നെ 'ദേശത്തിന്റെ ജീവനാഡി' എന്നാണ് പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വെഅറിയപ്പെടുന്നത്.
എന്നാല്‍ ചില റെയില്‍വെ ഉദ്യോഗസ്ഥരുടെ വേലത്തരങ്ങള്‍ ട്രെയിന്‍ യാത്രക്കാരെ വട്ടം കറക്കുകയാണ്. ജനറല്‍ കമ്പാര്‍ടുമെന്റുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ദുരിതം കൂടുതല്‍ അനുഭവിക്കേണ്ടി വരുന്നത്. മിക്ക സൂപ്പര്‍ഫാസ്റ്റ്, എക്‌സ്പ്രസ് ട്രെയ്‌നുകളിലും നാല് ജനറല്‍ കമ്പാര്‍ടുമെന്റുകളാണ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ ഒന്ന് ചില സമയങ്ങളില്‍ അപ്രത്യക്ഷമാവും. പിന്നെ ബാക്കിവരുന്ന ഒന്നില്‍ പൂരം തുടങ്ങും. കാലുറപ്പിക്കാന്‍ പോലും സ്ഥലമുണ്ടാകില്ല. മംഗലാപുരത്തുനിന്നും നിന്നും യശ്വന്തപൂര്‍, ചെന്നൈ എന്നിവിടങ്ങളിലേക്ക് പോകുന്ന ട്രെയ്‌നുകളില്‍ ഇത് പതിവാണ്. സംസ്ഥാനത്ത് ജോലി ചെയ്യുന്ന തമിഴ്‌നാട്ടിലെയും ബംഗാള്‍, ഒറീസ, ബീഹാര്‍, ആസ്സാം എന്നീ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെയും തൊഴിലാളികള്‍ ഈ ട്രെയിനുകളെ കൂടുതലായി ആശ്രയിക്കുന്നുണ്ട്.


തമിഴര്‍ ട്രെയിനില്‍ കയറുമ്പോള്‍ ചാക്ക്, ചക്ക, ചിരവ, കസേര, പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍ എന്നുവേണ്ട ഇവിടെ നിന്നും കിട്ടുന്ന മുഴുവന്‍ പദാര്‍ത്ഥങ്ങളും വാരിക്കെട്ടിയാണ് യാത്ര പതിവ്. ട്രെയിനില്‍ കയറിയാല്‍ മുന്‍പിന്‍ നോക്കാതെ കിട്ടിയിടത്ത് സാധനങ്ങള്‍ ഇറക്കി വെച്ച് അതില്‍ ഇരിക്കുകയോ കിടക്കുകയോ ചെയ്യും. പിന്നെ അടുത്തൊന്നും ആര്‍ക്കും നില്‍ക്കാനാവില്ലെന്ന് സാരം. ചിലവിരുതന്‍മാര്‍ ലഗേജ് ബെര്‍ത്തിലേക്ക് വലിഞ്ഞു കയറി കിടത്തം തുടങ്ങും. സഹകരണത്തിന്റെ കാര്യത്തില്‍ തങ്ങളുടെ സംസ്ഥാനത്ത് കാണുന്ന ഐക്യം ട്രെയ്‌നുകളില്‍ പ്രകടിപ്പിക്കാറില്ല. സീറ്റ് പിടിച്ചെടുക്കല്‍ യജ്ഞത്തിന്റെ ഭാഗമായുളള പോരാട്ടമാണ് അടുത്ത ഘട്ടം. ആണ്‍പെണ്‍ ഭേതമന്യേ ഇക്കാര്യത്തില്‍ തമിഴര്‍ പൊരുതി നില്‍ക്കും.  ശേഷിക്കുന്നവര്‍ നിലത്തും സീറ്റിനടിയിലുമൊക്കെ തലചായ്ക്കാന്‍ ഇടം കണ്ടെത്തും. മലയാളിയുടെ 'ഈഗോ'  ഇക്കാര്യത്തില്‍ ഇവര്‍ക്കില്ല. ടിക്കറ്റ് എക്‌സാമിനര്‍മാരെ ഭയമുള്ളവര്‍ ട്രെയ്‌നില്‍ കയറുന്നതേ കാണാനാവൂ. പിന്നീട് എവിടെപോയി എന്ന് മഷിയിട്ടുനോക്കണം.




ഇതൊക്കെ മുന്‍കൂട്ടികണ്ട് അതിബുദ്ധിമാന്‍മാരായ പല മാന്യന്‍മാരും ട്രെയിന്‍വന്ന് നില്‍ക്കുമ്പോള്‍ തന്നെ കര്‍ച്ചീഫ്, പുസ്തകം, കുട തുടങ്ങി വിലപിടിപ്പില്ലാത്ത വസ്തുക്കള്‍ സീറ്റുകളിലേക്കിട്ട് 'ടെംപററി റിസര്‍വേഷന്‍' നടത്തിക്കളയും. ട്രെയിനില്‍ കയറിപ്പറ്റിയാല്‍ ബര്‍ത്തുകളില്‍ കയറിക്കിടക്കുന്നവര്‍ ട്യൂബ് ലൈറ്റ് തിരിച്ച് ഓഫാക്കി തങ്ങള്‍ക്ക് സുഖ സുശുപ്തി ഉറപ്പുവരുത്തും. പാദരക്ഷകളുടെ സുരക്ഷക്കുവേണ്ടി ഫാനുകള്‍ക്ക് മുകളില്‍ തന്നെ സ്ഥലം കണ്ടെത്തും. പാവപ്പെട്ട തൊഴിലാളികള്‍ തങ്ങളുടെ ജീവിത സമ്പാദ്യവുമായി കലാസൃഷ്ടികള്‍ യഥേഷ്ടമുള്ള ടോയ്‌ലറ്റില്‍ വരെ നിറഞ്ഞിട്ടുണ്ടാകും. മുമ്പ് ആവശ്യങ്ങള്‍ നിര്‍വഹിച്ചവര്‍ ഉപേക്ഷിച്ചുപോയ ഗന്ധം അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്നുണ്ടാകും. ഇനിയാരും ഇത്തരം ആവശ്യങ്ങള്‍ക്ക് ഇവിടേക്ക് വരേണ്ടതുമില്ല. ട്രെയിന്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെ ആവശ്യക്കാര്‍ സഹിച്ചിരുന്നോളണം. ഇടക്കൊക്കെയൊന്ന് മിനുങ്ങാന്‍ ആഗ്രഹിക്കുന്ന സേവകരും അസ്വസ്ഥ ബാധിതരായ പുകയൂത്തുകാരും ഈ എരിയയില്‍ തക്കം പാര്‍ത്തിരിക്കുന്നത് കാണാം. പാന്‍മസാലയും മറ്റു താത്കാലിക ലഹരികളും യഥേഷ്ടം ആസ്വദിക്കുന്നവര്‍ ഡോറിനരികില്‍ ഇരിപ്പുറപ്പിക്കും. ട്രെയിന്‍ ഇളകുന്ന സമയത്ത് കയറാന്‍ ശ്രമിക്കുന്നവര്‍ക്കിവര്‍ വന്‍ഭീഷണിയാണ്.
ട്രയ്‌നിലെ സദ്യ ഒരു സംഭവമാണ്. വീടുകളില്‍ നിന്ന് കൊണ്ടുവന്നതോ റെയില്‍വെ സ്റ്റേഷനുകളില്‍ നിന്ന് വന്‍ വിലകൊടുത്തു വാങ്ങിയതോ ആകും ഭക്ഷണം. കഴിയുന്നപോലെ കഴിക്കാം.  ബര്‍ത്തിലിരുന്ന് കഴിക്കുന്നവര്‍ താഴെയിരിക്കുന്നവരുടെ തലയിലേക്ക് അവശിഷ്ടങ്ങള്‍ ഉപേക്ഷിക്കപ്പെടുന്നതിന്റെയും വിന്‍ഡോവിലൂടെ കൈകഴുമ്പോള്‍ അടുത്തിരിക്കുന്നവന്റെ മുഖത്തേക്ക് 'പുണ്യാഹം' തളിക്കപ്പെടുന്നതിന്റെയും ബാക്കി കലാപരിപാടികള്‍ അടുത്ത് തന്നെ കേള്‍ക്കാം. ഭാഗ്യമുണ്ടെങ്കില്‍ കൈകഴുകാന്‍ വെള്ളം ട്രെയ്‌നിലെ ടാപ്പിലുണ്ടാകും. ഇല്ലെങ്കില്‍ പൊന്നിന്‍ വിലകൊടുത്ത് വാങ്ങി ഉപയോഗപ്പെടുത്താം. ഒരു കമ്പാര്‍ടുമെന്റില്‍ നിന്നും മറ്റൊന്നിലേക്ക് പാസ്സിംഗ് സൗകര്യമുള്ള ഇന്റര്‍സിറ്റി എക്‌സ്പ്രസ് പോലുള്ള ട്രെയിനുകള്‍ക്കകത്തും ഭക്ഷണ വിതരണമുണ്ട്. നില്‍ക്കാന്‍പോലും ഇടമില്ലാത്തതിനിടയിലൂടെ അന്യഭാഷക്കാരായ ഇവരുടെ നുഴഞ്ഞുകയറ്റം നടക്കും. പാരമ്പര്യ ഗായകരെയും അവശ്യവസ്തു വില്‍പനക്കാരെയും ദീനതയനുഭവിക്കുന്ന യാചകരെയും ഇടക്കൊക്കെ കാണം. ഈ കലാപരിപാടികളെയും യാത്രികന്‍ ക്ഷമയോടെ തരണം ചെയ്യണം.
ചില സന്ദര്‍ഭങ്ങളില്‍ നിലവിലുള്ളതില്‍ ഒരു ജനറലിനെ മുമ്പിലേക്ക് കൊണ്ടുപോയി കൊളുത്താറുണ്ട്. റെയില്‍വെ സ്റ്റേഷനില്‍ നിന്നും 'കോച്ച് പൊസിഷന്‍' അനൗണ്‍സ് ചെയ്യാറുണ്ടെങ്കിലും അത് ഇംഗ്ലീഷിലായതുകൊണ്ടും മിക്കവരും മൈന്റ് ചെയ്യാറില്ല. പ്രത്യേകിച്ച് തമിഴ് തൊഴിലാളികള്‍ക്ക് ഇത് മനസിലാകുകയുമില്ല. മംഗലാപുരത്തുനിന്നും പുറപ്പെടുന്ന ട്രെയിനുകള്‍ കോഴിക്കോടുനിന്നും ട്രെയിന്‍ തിരൂര്‍ സ്റ്റേഷനില്‍ എത്തിയാല്‍ തള്ളിക്കയറ്റം രൂക്ഷമാവും. ആഴ്ചയില്‍ ഒരു ദിവസം മാത്രം ഓടുന്ന പോണ്ടിച്ചേരി എക്‌സ്പ്രസ് 'വാഗണ്‍ഗ്രാജഡി' അനുസ്മരണം പോലെയാണ് തിരൂരില്‍ നിന്നും പുറപ്പെടാറ്. തിങ്ങിനിറങ്ങ തൊഴിലാളികളും അവരുടെ സ്ഥാവര ജംഗമവസ്തുക്കളും കുത്തിനിറച്ചുള്ള 'ശുഭയാത്ര..'. റെയില്‍വെ സ്റ്റേഷനില്‍ നിന്നും സേവാകേന്ദ്രങ്ങളിലും നിന്നുമായി യഥേഷ്ടം ടിക്കറ്റ് അടിച്ചുവിടാറുണ്ട്. എന്നാല്‍ ഇവര്‍ക്കു വേണ്ട യാത്രാസൗകര്യങ്ങള്‍ 'ഇത്രയൊക്ക മതി' എന്ന നിലപാടാണ് റെയില്‍വെ കൈക്കൊള്ളുന്നത്.
രോഗികളും വൃദ്ധന്‍മാരും സ്ത്രീകളും കുട്ടികളും അടങ്ങുന്ന ബഹുജനം തിങ്ങിനിറഞ്ഞിരിക്കുന്നു... അന്തരീക്ഷത്തില്‍ മദ്യത്തിന്റെയും ബീഡിയുടെയും പാന്‍പരാഗിന്റെയും ഗന്ധം.. വിയര്‍പ്പിന്റെയും വിങ്ങലിന്റെയും അസ്വസ്ഥത.. അടുത്തിരിക്കുന്നവന്‍ സൗഹൃദം നടിച്ച് അടിച്ചെടുത്തു പോകുമോ എന്ന ഭയം തളം കെട്ടിയ മനസ്സ്.. ഇറങ്ങാനുള്ള സ്റ്റേഷനെത്തിയോ എന്നറിയാത്ത അവസ്ഥ.... ഇനി എത്തിയാല്‍ തന്നെ ബാഗും മറ്റു ലഗേജുകളും തലയിലേറ്റി കുട്ടികളും പ്രായമായവരും കൂടെയുണ്ടെങ്കില്‍ അവരുടെ ഭാരം കൂടെ ബാലന്‍സ് ചെയ്ത് നിലത്ത് കിടക്കുന്നവരെ ചാടിക്കടന്നും അടുത്ത് നില്‍ക്കുന്നവരെ തള്ളിമാറ്റിയും കയറാനുള്ളവരുടെ തള്ളിക്കയറ്റത്തെ അതിജീവിച്ചും ഇറങ്ങേണ്ട അവസ്ഥ... ഇതാണ് ഇന്ത്യന്‍ റെയില്‍വേ ഒരു സാധാരണ യാത്രക്കാരന് നല്‍കുന്ന 'ശുഭയാത്ര'.സുരക്ഷയും സൗകര്യവുമൊക്കെ ഫസ്റ്റ്ക്ലാസ്, എ.സി, സ്ലീപ്പര്‍ റിസര്‍വേഷന്‍ എന്നീ ദാരിദ്ര്യ രേഖകക്ക് മുകളിലുള്ളവര്‍ക്ക് മാത്രമാണോ?. ബാക്കി വരുന്ന 'പെയ്ഡ് യാത്രക്കാര്‍'ക്ക് നല്‍കുന്ന പണത്തിനുളള സൗകര്യമെങ്കിലും അനുവദിച്ചു കൂടെ. റെയില്‍വെ യാത്ര നിരക്കുകള്‍ കുറക്കുകയാണ് എന്ന് മേനി നടിക്കുന്നതിന് സൗജന്യമാക്കി എന്നര്‍ത്ഥമില്ലല്ലോ..!
ടിക്കറ്റ് കൗണ്ടറിലെ കഥകളികള്‍ ബഹുരസമാണ്. സൂപ്പര്‍ഫാസ്റ്റ് എന്ന ഓമന പേരില്‍ ഓടുന്ന വണ്ടികളില്‍ 'സപ്ലിമെന്ററി ടിക്കറ്റ്' എടുക്കാതെ യാത്ര ചെയ്യാനാവില്ല. സീസണ്‍ യാത്രക്കാര്‍ക്കും ഇത് ബാധകമാണ്. പലരും വൈകീട്ട് ജോലി കയിഞ്ഞ് ട്രാഫിക് ജാമുകളെ മറികടന്ന് ബസുകളിലും ഓട്ടോകളിലുമായി സ്റ്റേഷനിലെത്തുമ്പോള്‍ ക്യൂ പുറത്തേക്ക് നീണ്ടിരിക്കും. ഈ അടിയന്തിര സമയത്ത് കമ്പ്യൂട്ടര്‍ കീബോര്‍ഡില്‍ അക്ഷരങ്ങള്‍ പെറുക്കി പെറുക്കി മാത്രം അടിക്കുന്നവരാണ് പല ടിക്കറ്റ് കൗണ്ടറിലുമുള്ളത്. വണ്ടിട്രാക്കില്‍ കിടക്കുമ്പോഴാണ് ഈ ഒച്ചുവേല. (യാത്രക്കാരന്റെ നെഞ്ചിടിപ്പിന്റെ വേഗം ഇവര്‍ക്കുണ്ടായിരുന്നെങ്കില്‍..!)ചില്ലറയില്ലെങ്കില്‍ യജമാനന്‍മാരുടെ ചീത്ത വേറെ കേള്‍ക്കണം. ട്രെയിനുകളെ പറ്റിയോ സമയത്തെ പറ്റിയോ അന്വേഷിച്ചാല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുകളില്‍ നിന്നും ജനങ്ങള്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ മറുപടി കിട്ടാറില്ല. ആംഗ്യഭാഷയാണ് കൂടുതല്‍ ഉപയോഗിക്കാറ്. ഒരിക്കല്‍ ചോദിച്ചവന്‍ പിന്നീട് ചോദിക്കാനും പാടില്ല. ഇതൊക്കെ മറ്റാരുടെയോ പണിയാണ് എന്ന രീതിയിലാണ് കര്‍തവ്യ നിര്‍വഹണം. ഇവര്‍ക്കൊക്കെ പേഴ്‌സണാലിറ്റി ഡവലപ്‌മെന്റ്  ക്ലാസുകള്‍ നല്‍കിയില്ലെങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ തൊവില്‍ദാതാവായ ഇന്ത്യന്‍ റെയില്‍വെ താമസിയാതെ മ്യൂസിയത്തിലെത്തും. ഒരു സ്വകാര്യന്‍ മറുപുറത്തില്ലാത്ത തണ്ടാണ് റെയില്‍വെ കാണിക്കുന്നതെന്നു തോന്നിപോകും. (പാസഞ്ചര്‍ ട്രെയിനുകള്‍ കൂടുതല്‍ അനുവദിക്കാത്തതും ഉള്ളതില്‍ തന്നെ ബോഗി കൂട്ടാത്തതും സ്വകാര്യ സംരംഭകരുടെ നോട്ടിന്റെ കനം അനുഭവപ്പെടുന്നതിനാലാണ് എന്ന് നിരീക്ഷകര്‍ പറയുന്നു). പലപൊതുമേഖലാ സ്ഥാപനങ്ങളും പാപ്പരാക്കുന്ന പ്രക്രിയയില്‍ ആ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ നല്ല സേവനം ചെയ്തിട്ടുണ്ട് എന്നകാര്യം ചരിത്ര സത്യം.
മുന്‍കാലത്ത് ട്രെയിനുകളുടെ വൈകിയോട്ടം ഇന്ത്യന്‍ റെയില്‍വെയുടെ മുഖമുദ്രയായിരുന്നെങ്കില്‍ ഇപ്പോള്‍ അത് കുറെയൊക്കെ മാറിയിട്ടുണ്ട്. എന്നാലും ഓര്‍മ പുതുക്കുന്നതുപോലെ യാത്രക്കാര്‍ക്ക് നേരിട്ട അസൗകര്യത്തില്‍ അതിയായി ഖേദിക്കുന്നു... എന്ന് കേള്‍ക്കാം. ഇതു മൂലം ഇന്റര്‍വ്യൂകളും പി.എസ്.പി പരീക്ഷകളും മറ്റു പ്രധാന വിഷയങ്ങളും നഷ്ടപ്പെവര്‍ അനവധി.


ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യുന്നവര്‍ റെയില്‍വെയില്‍ ഇല്ലെന്നല്ല. റെയില്‍വെയുടെ സേവനങ്ങളെ നിസ്സാരമായി കാണുന്നുമില്ല. ചിലകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ റെയില്‍വേക്ക് 'ട്രാവലേഴ്‌സ് ഫ്രന്റ്‌ലി' ആകാമെന്ന് ഉണര്‍ത്തുകമാത്രം. റെയില്‍വെയുടെ തലപ്പത്തിരിക്കുന്ന ഉദ്യോഗസ്ഥര്‍ ഇടക്കൊക്കെ ജനറല്‍ കമ്പാര്‍ടുകളിലും യാത്ര ചെയ്ത് യാത്രികരുടെ സാഹസങ്ങള്‍ കണ്ടറിയണം. യാത്രക്കാരുമായി ചര്‍ച്ച ചെയ്ച് പ്രശ്‌നങ്ങള്‍ പഠിച്ച് യുക്തമായ പരിഹാരം കാണണം. റെയില്‍വെയുടെ ഇമേജിനല്ല യാത്രക്കാരുടെ സുരക്ഷക്കും സൗകര്യങ്ങള്‍ക്കുമാണ് ഈ പൊതുമേഖല സ്ഥാപനം മുന്‍കൈയെടുക്കേണ്ടത്. അങ്ങനെയാവട്ടെ.. യാത്രിയോംകി ശുഭയാത്ര..!!