Tuesday, August 3, 2010









മതേതരത്വത്തിന് ലാല്‍സലാം..! പറയരുത്...!!
കേരളത്തിന്റെ പുകള്‍പ്പെറ്റ മതേതരത്വത്തിന്റെ കടക്കല്‍ കത്തിവെയ്ക്കുന്ന നടപടികളാണ് ഇന്ന് രാഷ്ട്രീയ നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. നമ്മുടെ ബഹുമാന്യനായ മുഖ്യനിതാ ഒരു ബഡാ വെടിപൊട്ടിച്ചിരിക്കുന്നു. വരുന്നൂ.. മുസ്‌ലിം ഭൂരിപക്ഷ കേരളം..! അതും വെറും ഇരുപത് വര്‍ഷം കൊണ്ട്...!!


എട്ട് നൂറ്റാണ്ടോളം കാലം ഡല്‍ഹി ഭരിച്ച സുല്‍ത്താന്‍മാരും മുഗളന്‍മാരും കേരളക്കരയില്‍ തേരോട്ടം നടത്തിയ ടിപ്പുസുല്‍ത്താനും തുനിയാതിരുന്ന പ്രവര്‍ത്തിയാണ് ഇരുപത് കൊല്ലംകൊണ്ട് ഒരു പറ്റം വികാര ജീവികള്‍ നടത്താന്‍ പോകുന്നുവെന്ന് നമ്മുടെ മുഖ്യന്‍ പ്രവചിച്ചിരിക്കുന്നത്. അദ്ദേഹത്തിന് ഗണിച്ചു കിട്ടിയ ഈ വൃത്താന്തം പറയപ്പെട്ട സംഘം നടത്താന്‍ പോകുന്നത് രസകരമായ മാര്‍ഗ്ഗത്തിലൂടെയാണ്. കശെറിഞ്ഞും പെണ്ണുകെട്ടിയും.... മാണത്രെ ഭൂരിപക്ഷമാകാന്‍ പോകുന്നത്. കാശ് കണ്ടാല്‍ സ്വന്തം മതവിശ്വാസം വലിച്ചെറിയാന്‍ മാത്രം ദുര്‍ബലരാണോ കേരളത്തിലെ മതവിശ്വാസികള്‍.. 


കിട്ടിയ അവസരം ശരിക്കും ഉപയോഗപ്പെടുത്താന്‍ ഭരണത്തലവന്‍ ശ്രദ്ധിച്ചിട്ടുണ്ട്. തങ്ങളില്‍ ഊട്ടിയുറക്കപ്പെട്ട വൈരുദ്ധ്യാതിഷ്ഠിത ഭൗതികവാദം കല്‍പ്പിച്ചുവെച്ച മതാന്ധത അവസരത്തിനൊത്ത് പുറത്തുവരുന്നതായേ ഇത്തരം പ്രവര്‍ത്തികളില്‍ നിന്ന് നിരീക്ഷിക്കാനാവൂ. അല്ലാതെ എണ്‍പതിന്റെ പക്വതയില്‍ സംഭവിക്കേണ്ട ഒരു ചെയ്തിയല്ല ഇത്. സംഘപരാവാരത്തിന്റെ ചെയ്തികള്‍ മുന്‍നിര്‍ത്തി ഹിന്ദുരാഷ്ട്രമുണ്ടാകുമെന്നോ പെന്തക്കോസറ്റുകളെ വിലയിരുത്തി ക്രൈസ്തവ രാഷ്ട്രമുണ്ടാകുമെന്നോ കാലക്രമം ഗണിച്ചുപറയാന്‍ അദ്ദേഹം തയ്യാറാകുമോ..!? മതേതരത്വത്തിന്റെ സംരക്ഷണം ഏറ്റെടുത്തവര്‍കൂടി സമുദായത്തെ കല്ലെറിയാന്‍ കൂടിയിരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. വിചാരധാരക്ക് സമാന്തരമായി കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ചിന്തിക്കുമ്പോള്‍ ഇരകളുടെ മാനിഫെസ്റ്റോ അപ്രത്യക്ഷമാവുകയാണ്. 


കൈവെട്ടിയും കോളര്‍ പിടിച്ചും കാശെറിഞ്ഞും മതത്തിലേക്ക് ആളെകൂട്ടുന്നതുകൊണ്ട് മുസ്‌ലിം സമുദായത്തിന് കിട്ടുന്ന നേട്ടം കൂടി ആരോപകര്‍ വെളിപ്പെടുത്തുന്നത് നന്ന്. കണ്ണൂരിലുള്‍പ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്ന് നില്‍ക്കുന്ന രക്തസാക്ഷി മണ്ഡപങ്ങള്‍ വിളിച്ചുപറയുന്നത് രാഷ്ട്രീയ വര്‍ഗ്ഗീയതയുടെ ആര്‍ത്തനാദമാണ്. ഭീകരതക്ക് മതം നോക്കി ഡിഗ്രി കണക്കാക്കുന്നവര്‍ മനുഷ്യരക്തത്തിന്റെ വില ശരിക്ക് മനസ്സിലാക്കുന്നവരല്ല. പരസ്പര വിദ്വേഷവും വൈകാരികതയും അഴിച്ചു വിട്ട് അണികളെ പിടിച്ചുനിര്‍ത്തേണ്ട ഗതികേടുള്ളവര്‍ ഒഴുക്കിയ രക്തത്തിന്റെ കണക്കുകള്‍ കേരള മനസ്സാക്ഷിക്ക് അറിയാവുന്നതാണ്. അദ്ധ്യാപകനെ വിദ്യാര്‍ത്ഥികളുടെ മുമ്പിലിട്ട് അറുകൊല ചെയ്യുന്നതിന് എന്ത് ന്യായീകരണമാണുള്ളത്..?


കഴിഞ്ഞ ലോക്‌സഭ ഇലക്ഷനില്‍ തങ്ങള്‍ക്ക് സംഭവിച്ചു എന്ന് കരുതപ്പെടുന്ന തെറ്റിന് ഭൂരിപക്ഷത്തോടുള്ള പ്രായശ്ചിത്തമായാണ് പാര്‍ട്ടിയും ഈ വെടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. സാമ്രാജ്യത്വത്തിന്റെ ആചാര്യനും യുദ്ധക്കൊതിയനുമായ അമേരിക്കന്‍ പ്രസിഡണ്ട് ബുഷിന്റെ താലിബാനിസം കടമെടുത്ത് മാര്‍കിസ്റ്റ് പടനായകന്‍ (പാര്‍ട്ടി സെക്രട്ടറി) വീശുമ്പോള്‍ ഭീകരതക്കെതിരാണെന്നുള്ള അകമ്പടിയുണ്ടെങ്കിലും മുറിവേല്‍ക്കുന്നത് യഥാര്‍ത്ഥത്തില്‍ മുസ്‌ലിം സമുദായത്തിനാണ്. സാമ്രാജ്യത്വത്തോടും വര്‍ഗ്ഗീയതയോടും ഫാസിസത്തോടും ചെറുത്തുനിന്ന പാരമ്പര്യമുള്ള പാര്‍ട്ടിയില്‍ നിന്നുതന്നെ ഇത്തരം അപക്വമായ നടപടികളുണ്ടാകുന്നത് പ്രതിഷേധാര്‍ഹമാണ്. മതനേതൃത്വം മുഴുവന്‍ തള്ളിപ്പറഞ്ഞ ഒരു പറ്റം വികാര ജീവികളെ മുന്‍ നിര്‍ത്തി മതേതര പാര്‍ട്ടികള്‍ വര്‍ഗ്ഗീയതയുടെ കുഴലൂത്തുകാരാവുന്നത് അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ സമാധാനാന്തരീക്ഷത്തെ കൂടുതല്‍ വഷളാക്കാനേ ഉപകരിക്കൂ. കൂടാതെ ഫാസിഷം ആനേക കാലമായി ആഗ്രഹിക്കുന്ന വര്‍ഗ്ഗീയ ദ്രുവീകരണം വളരെ വേഗത്തില്‍ സാധ്യമാകുകയും ചെയ്യും. 


അപ്പവും പുതപ്പും വീഞ്ഞും നല്‍കി അംഗസംഖ്യ വര്‍ദ്ധിപ്പിക്കാമെന്ന് തെളിയിച്ചവര്‍ ആദര്‍ശങ്ങളെ സംവാദാത്മമായി നേരിടുന്നതിന് ഭയക്കുകയാണ്. താടി പിടിച്ചും മഫ്ത വലിച്ചും ചോദ്യം തിരികിക്കയറ്റിയും ഇസ്‌ലാമിനെ അവഹേളിക്കാന്‍ ചിന്‍വാദ് പാലമിടുന്നവര്‍ അവിവേകികള്‍ക്ക് വെട്ടാന്‍ പാകത്തിന് കൈ വെച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. അന്യമതത്തെ ക്രൂശിക്കുന്നതുകൊണ്ട് സ്വന്തം മതത്തിന് അഭിവൃദ്ധിയുണ്ടാവുമെന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. ഇത്തരം ചെയ്തികളുടെ മറവില്‍ മുസ്‌ലിം സമുദായത്തെ ഒന്നടങ്കം പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമം തകൃതിയായി അണിയറയില്‍ നടക്കുന്നു. 


ഇത്തരം പേക്കൂത്തുകള്‍ക്ക് പകരം മതങ്ങള്‍ തമ്മില്‍ ആരോഗ്യകരമായ ചര്‍ച്ചകളും സംവാദങ്ങളും ഉയര്‍ന്നുവരണം. രാഷ്ട്രീയത്തിന്റെ അണിയറ ലാഭങ്ങള്‍ക്കുവേണ്ടി കരുവാക്കപ്പെടുന്ന കെണിവലകള്‍ മനസ്സിലാക്കാന്‍ എല്ലാ മതനേതൃത്വങ്ങളും ജാഗരൂകരാവണം. മതവിശ്വാസികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അവസരവാദ രാഷ്ട്രീയക്കാരെ മുതലെടുക്കാന്‍ അനുവദിക്കാതെ മതനേതൃത്വങ്ങളുടെ പക്വമായ തീരുമാനങ്ങള്‍ക്ക് വിടണം. 

സമുദായത്തിലെ ചില അല്‍പബുദ്ധികളുടെ ചെയ്തികളെ വിലയിരുത്തി സമുദായത്തെ തല്ലുന്നതിനുമുമ്പ് മുസ്‌ലിംസമുദായത്തിനോടുള്ള തങ്ങളുടെ കടപ്പാട് നിര്‍വ്വഹിച്ചോ എന്നൊരു മനോവിചാരം നടത്താന്‍ ഭരണക്കാര്‍ തയ്യാറാവണം. കാലങ്ങളായി അവകാശ നിഷേധത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും ഇരകളാണ് മുസ്‌ലിം സമുദായം. ഏത് ഗവണ്‍മെന്റുകള്‍ അധികാരത്തിലെത്തിയാലും കഞ്ഞി കുമ്പിളില്‍ തന്നെയാണ്. ബ്യൂറോക്രസിയില്‍ നിന്നും ഉദ്യോഗതലങ്ങളില്‍ നിന്നും സൈന്യത്തില്‍ നിന്നും ആസൂത്രിതയായി ആട്ടിയിറക്കപ്പെടുന്ന പ്രവണതയാണുള്ളത്. ഇത്തരം സത്യങ്ങള്‍ തുറന്നു പറയുന്നത് വര്‍ഗ്ഗീയതയും തീവ്രവാദവുമായി കാണാനുള്ള ത്വര സൃഷ്ടിക്കുന്നത് സംഘപരാവാരത്തിന്റെ അജണ്ടയാണ്. മണ്ഡലായാലും നരേന്ദ്രനായാലും സച്ചാറായാലും കണ്ടെത്തിയ സത്യങ്ങള്‍ ഫയലുകളിള്‍ മയങ്ങാന്‍ അനുവദിക്കാതെ നടപ്പിലാക്കാനുള്ള നട്ടെല്ല് രാഷ്ട്രീയ നേതൃത്വത്തിനുണ്ടാവണം. എങ്കിലേ സമുദായത്തെ ഉപദേശിക്കുന്നതില്‍ അര്‍ത്ഥമുള്ളൂ. 


സംഘപരിവാരത്തിന്റെ മുരള്‍ച്ചക്ക് പ്രത്യുത്തരമായി മുസ്‌ലിം സമുദായത്തിന്റെ പാനപത്രം കമയ്ത്തിവെക്കാന്‍ തുനിയുന്നവര്‍ സവര്‍ണ്ണ മനസ്സിന്റെ കുടിലതകള്‍ പേറുന്നവരാണ്. നശീകരണാത്മക പ്രത്യശാസ്ത്രത്തിന്റെ വാക്താക്കള്‍ ഇടുങ്ങിയ ചിന്താഗതിക്കാരുമാണ്. കാലങ്ങളാണ് തങ്ങള്‍ അനുഭവിച്ചുവരുന്ന സൗകര്യങ്ങള്‍ പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ തട്ടിയെടുത്തുകൊണ്ടാണെന്ന് ഇവര്‍ക്കറിയാം. പിന്നാക്ക സമുദായങ്ങള്‍ ഉണര്‍ന്ന് ചിന്തിക്കാന്‍ തയ്യാറാകുമ്പോള്‍ തങ്ങളുടെ കോട്ടകള്‍ തകര്‍ന്നുവീഴുമോ എന്ന ഭീതി സവര്‍ണ്ണ തമ്പുരാക്കന്‍മാര്‍ക്കുണ്ട്. സമുദായത്തിനു നേരെ അമ്പുകുലക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നതിലെ ഒരു ഘടകവും ഇതാണ്. ഒരു വേള അവകാശങ്ങള്‍ ഹനിക്കപ്പെടുകയും പൊതുസമൂഹത്തില്‍ അവഹേളിക്കപ്പെടകയും ചെയ്യുമ്പോള്‍ ക്ഷുഭിത യൗവ്വനങ്ങള്‍ അരുതായ്മകളിലെത്തിപ്പെട്ടേക്കാം. തീവ്രവാദത്തെ നേരിടാനുള്ള പടപ്പുറപ്പാടിനുമുമ്പ് തീവ്രവാദം മുളപ്പൊട്ടുന്ന സാഹര്യങ്ങളെ കുറിച്ചുപഠിക്കാനുള്ള ശ്രമം വേണ്ടപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടാവേണ്ടതുണ്ട്. നിരന്തരമായി അവകാശങ്ങള്‍ നിഷേധിക്കുപ്പെടുകയും പൊതുധാരയില്‍ അവഹേളിക്കപ്പെടുകയും ചെയ്യുന്ന തുടിക്കുന്ന യൗവ്വന മനസ്സാണ് നശീകരണത്തിന്റെ പ്രത്യശാസ്ത്രങ്ങള്‍ ഏറ്റെടുക്കാന്‍ മുന്നോട്ടുവരുന്നത്. 


ഇത്തരം സാമൂഹ്യ പ്രതിസന്ധികള്‍ ഉയര്‍ത്തിക്കൊണ്ടവരുന്നതിലും പൊതുധാരയില്‍ അവതരിപ്പിക്കപ്പെടുന്നതിലും ചില സമയത്ത് വിജയിക്കുന്നത് സംശയ ദൃഷ്ടിയിലുള്ളവരാണ്. ഒരു വേള അവകാശ സമരങ്ങള്‍ക്ക് വര്‍ഗ്ഗീയ മുദ്ര ചാര്‍ത്താന്‍ ഇതുമൊരുകാരണമാകുന്നുണ്ട്. സമുദായ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള അജണ്ടകളില്‍ വേഗത്തിലിടപെടാന്‍ സമുദായ നേതൃത്വം ശ്രമിക്കേണ്ടതുണ്ട്. അജണ്ടകള്‍ ഹൈജാക്ക് ചെയ്യപ്പെടുമ്പോള്‍ ലക്ഷ്യത്തിലെത്താതെ പോകുന്നതിനു അമാന്തം കാരണമാകും. മതകാര്യങ്ങളുടെ അവസാന വാക്കിന് മതനേതൃതത്വങ്ങളെ ആശ്രയിക്കാന്‍ മീഡിയകള്‍ തയ്യാറാവണം. 


നൂറ്റാണ്ടുകള്‍ക്ക് പിന്നിലേക്ക് സമയസൂചി ചലിക്കുമ്പോള്‍ ഭരണ സാരഥ്യം നടത്തുകയും ശാസ്ത്രത്തിനും സാഹിത്യത്തിനും മുന്നേ നടക്കുകയും ചെയ്ത ഒരു സമുദായം ചേരികള്‍ക്ക് പിന്നിലെ മ്ലേഛമായ അന്തരീക്ഷത്തിലും ക്ഷുത്തടക്കാന്‍ ഗതിയില്ലാതെ ഭിക്ഷാടനത്തിലുമായി അഭയം പ്രാപിക്കുമ്പോള്‍ പൗരന്‍മാരുടെ അവശതകള്‍ക്ക് പരഹാരം കാണേണ്ട ഗവണ്‍മെന്റുകള്‍ വേട്ടക്കാരുടെ പക്ഷം ചേരുന്നത് സങ്കടകരമാണ്. ഇരയെ കിട്ടിയ ലാഘവത്തോടെ സമുദാത്തെ കടന്നാക്രമിക്കാന്‍ തുനിയുന്നവര്‍ വെറും വോട്ടുബാങ്കുകള്‍ മാത്രമാണ് മുസ്‌ലിംസമുദായം എന്ന് തെറ്റിദ്ധരിക്കുകയുമരുത്. 


നൂറ്റാണ്ടുകളായി മതേതര സമൂഹം സംരക്ഷിച്ചുപോരുന്ന സഹിഷ്ണുതയുടെ മൂല്യങ്ങളെ തകര്‍ക്കുന്നതില്‍ ഇന്ന് പ്രധാന പങ്ക് വഹിക്കുന്നത് മാധ്യമങ്ങളാണ്. പേപ്പര്‍ കാശിനുവേണ്ടി അനാവശ്യ വാര്‍ത്തകള്‍ നല്‍കി സാമുദായിക മണ്ഡലങ്ങളില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കുന്നവര്‍ നൂറ്റാണ്ടുകളുടെ അദ്ധ്വാനത്തെയാണ് പാഴാക്കി കളയുന്നത്. മലിനമാക്കപ്പെട്ട മനസ്സുകളെ ശുദ്ധീകരിക്കാന്‍ ഒരിക്കലും തങ്ങള്‍ക്കാകില്ലെന്ന ഉറപ്പുണ്ടായിരിക്കെ ഇത്തരം ചെന്നായയുടെ കൗശലം മാധ്യമങ്ങള്‍ നിറുത്തണം. ഇത്തരം കപട വാര്‍ത്തകളിലൂടെ അവഹേളിക്കപ്പെടുന്ന സമുദായത്തിന്റെ മനോവികാരങ്ങളുടെ നൊമ്പരം മനസ്സിലാക്കണം.


മുസ്‌ലിം സമുദായത്തെ മുഖ്യധാരയില്‍ നിന്ന് അടര്‍ത്തിമാറ്റാന്‍ കൊണ്ടുപിടിച്ച ശ്രമം നടത്തുമ്പോള്‍, സനാതനമായൊരു പ്രത്യശാസ്ത്രത്തിന്റെ വാക്താക്കള്‍ കാലാനുഗതത്തില്‍ സംഭവിച്ച പിന്നോക്കാവസ്ഥയില്‍ നിന്ന് മുക്തരാവാന്‍ ശ്രമിക്കുമ്പോള്‍, നിരപരാധിത്വത്തിലും ഭീകരതയുടെയും തീവ്രവാദത്തിന്റെ മേലങ്കി ചാര്‍ത്തപ്പെടുമ്പോള്‍ അറിഞ്ഞുണരേണ്ട ബാധ്യത സമുദായത്തിനുണ്ട്. ആരുടെ മുന്നിലും ഓച്ഛാനിച്ച് നിന്ന് നേടിയെടുക്കേണ്ടതല്ല അവകാശങ്ങള്‍. സ്വന്തം അവകാശങ്ങള്‍ മറ്റുള്ളവന് ഹാനികരമാകാത്ത സമരമാര്‍ഗ്ഗങ്ങളിലൂടെ നേടിയെടുക്കാന്‍ സമുദായം മുന്നോട്ടുവരണം. നാടിന്റെ മതേതര പാരമ്പര്യവും സഹിഷ്ണുതയും സംരക്ഷക്കപ്പെടുകയും വേണം.