Thursday, November 15, 2012

Website counter


വിശപ്പിന്റെ താണ്ഡവം

















രാത്രി 8.30..
യശ്വന്ത്പൂര്‍ എക്‌സ്പ്രസിന് ഞാന്‍ തിരൂരില്‍ വന്നിറങ്ങി. റെയില്‍വേയില്‍ നിന്നും ബൈക്കില്‍ സുഹൃത്തിന്റെ കൂടെയാണ് വീട്ടിലേക്ക് പോകാറ്. അവന്‍ അടുത്ത ട്രെയിനിനേ എത്തുകയുള്ളൂ. ട്രെയിന്‍ വരാന്‍ അരമണിക്കൂര്‍ കഴിയും. മൂന്നാം ഫ്‌ളാറ്റ്‌ഫോമില്‍ ഒഴിഞ്ഞൊരിടത്ത് ഇരിപ്പിടം കണ്ടെത്തി.
'സമയം ഏറ്റവും വലിയ മൂലധനമാണ്' 'വെറുതെ സമയം കളയേണ്ട'.  ബാഗില്‍ നിന്ന് 'വിജയത്തിന്റെ രസതന്ത്രം'എടുത്തു.
ടെന്‍സിന്‍ നോര്‍ഗെ എവറസ്റ്റ് കീഴടക്കാനുള്ള ഒരുക്കത്തിലാണ്. ഹിമാലയ സാനുവില്‍ 8848 മീറ്റര്‍ തലയുയര്‍ത്തി നില്‍ക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കൊടിമുടിയായ സാഗര്‍മാത (എവറസ്റ്റ്) യുടെ മുന്നില്‍ നിന്ന് അദ്ധേഹം പറഞ്ഞു.''എവറസ്റ്റ് നിന്നെ ഞാന്‍ കീഴടക്കുക തന്നെ ചെയ്യും. കാരണം നിനക്കിനി വളരാനാകില്ല. ടെന്‍സിംഗ് വളര്‍ന്നുകൊണ്ടേയിരിക്കുന്നു.'' ആറ് തവണ പരാചയപ്പെട്ട് ഏഴാമതും അദ്ധേഹം ശ്രമം തുടരുകയാണ്.
വായന അതിന്റെ പരകോടിയിലെത്തിയിരിക്കുന്നു.
പെട്ടെന്ന് മുന്നിലേക്ക് ഒരു കൈ നീണ്ടു  വന്നു.
ഞാന്‍ മുഖമുയര്‍ത്തി നോക്കി.
ഒരു മനുഷ്യക്കോലം. മുപ്പതിനടുത്ത് പ്രായം തോന്നിക്കുന്ന ഒരു യുവാവ്. മെലിഞ്ഞൊട്ടി എല്ലും തോലുമായിരിക്കുന്നു. ശരീരത്തിലെ അസ്ഥികള്‍ ശരിക്കും കാണുന്നുണ്ട്. ഒരു കൈ ഒടിഞ്ഞു തൂങ്ങിയിട്ടുണ്ട്. കീറത്തുണികൊണ്ട് കൈ കെട്ടിയിരിക്കുന്നു. കീറിപ്പറിഞ്ഞ വസ്ത്രങ്ങള്‍ ദുര്‍ഗന്ധം പരത്തുന്നു. ആകെയൊരു ദയനീയ രൂപം. ഭക്ഷണ എന്തെങ്കിലും ഉള്ളിലെത്തിയിട്ട് ദിവസങ്ങളായിട്ടുണ്ടാകും.
അയാള്‍ എന്നെ ദയനീയമായി നോക്കുന്നു. എതോ ഭാഷയില്‍ ഒരു ശബ്ദം പുറത്തു വന്നു.
വായനയുടെ മൂര്‍ദ്ധന്യതയില്‍ എന്റെ തലച്ചോറിലേക്ക് അയാളുടെ ദൈന്യതയുടെ ആഴം കടന്നുവന്നില്ല. എങ്ങനെയെങ്കിലും ഒഴിവാകട്ടെ എന്ന് കരുതി ഞാന്‍ തലയാട്ടി.

തിരിച്ച് എവറസ്റ്റ് കൊടുമുടിയിലേക്ക്.. ടെന്‍സിംഗ് കയററം തുടരുകയാണ്. ഇപ്പോള്‍ ആറായിരം അടി മുകളിലെത്തിയിട്ടുണ്ട്. തണുത്ത കാറ്റടിക്കുന്നു. തൊണ്ട വരളുന്നു. ദാഹിച്ചു വലയുന്നു. രക്തം പോലും കട്ടപിടിക്കുന്ന തണുപ്പ്. പലരും തിരിച്ചിറങ്ങി.. കൂടെയുണ്ടായിരുന്ന അടുത്ത കൂട്ടുകാരന്‍ (ഷേര്‍പ്പ) മരണത്തിന് കീഴടങ്ങി. തനിക്ക് മുമ്പെ പലരും വീണതുപോലെ. ലോകത്തിന്റെ നെറുകയിലെത്തുമെന്ന് ശപഥം ചെയ്ത് ഇറങ്ങിപ്പുറപ്പെട്ടവര്‍ മരണത്തിന് മുമ്പില്‍ അടിയറവ് പറയുകയാണ്.
ഇനി ബാക്കിയുള്ളത് രണ്ടേ രണ്ട് പേര്‍മാത്രം. നേപ്പാളീ ഷേര്‍പ്പ ടെന്‍സിംഗ് നോര്‍ഗെ, കൂട്ടുകാരന്‍ ന്യൂസിലാന്റുകാരന്‍ എഡ്മണ്ട് ഹിലാരി. മരിച്ചു വീണ കൂട്ടുകാരനെ മഞ്ഞില്‍ കുഴിച്ചു മൂടി അവര്‍ കയറ്റം തുടരുകയാണ്. പ്രതികൂല കാലാവസ്ഥയെ മറികടന്ന്.. മജ്ജമരവിക്കുന്ന കൊടുശൈത്യത്തിലൂടെ.. തങ്ങള്‍ക്ക് സാധിക്കുമെന്ന് കാട്ടിക്കൊടുക്കാന്‍.. ലോകത്ത് ഇതുവരെ ഒരു മനുഷ്യനും സാധ്യമാകാത്ത ലോകത്തിന്റെ നെറുകയിലേക്ക്...

പെട്ടെന്ന്.. തൊട്ടടുത്തിരുന്ന സ്ത്രീയില്‍ നിന്ന് ഒരു ശബ്ദം..
''ആ....ഹ്''
ഞാന്‍ മുഖമുയര്‍ത്തി നോക്കി.

ആ മനുഷ്യക്കോലം ഫ്‌ളാറ്റ് ഫോമിലെ ടീസ്റ്റാളിനരികിലുള്ള  വേസ്റ്റ് ബോക്‌സിനടുത്തിരിക്കുന്നു. അയാള്‍ അതില്‍ കയ്യിട്ട് വാരുകയാണ്. ഒരു ഗ്ലാസ്സ് കയ്യില്‍ കിട്ടി. ആരോ കുടിച്ച ചായ ഗ്ലാസിനടിയില്‍ ബാക്കിയായ തുളളികള്‍ ആര്‍ത്തിയോടെ നുണയുന്നു. വീണ്ടും വീണ്ടും ചിക്കി ചികയുന്നു. കിട്ടിയ ഭക്ഷണത്തിന്റെ പൊട്ടും പൊടിയും വാരിത്തിന്നുന്നു... വിശപ്പിന്റെ താണ്ഡവം...

തൊട്ടടുത്ത് നിന്ന് ഒരാള്‍ ചായ കുടിക്കുന്നുണ്ട്. അയാള്‍ ഈ മനുഷ്യക്കോലത്തെ കണ്ടഭാവം പോലുമില്ല. അയാള്‍ പലര്‍ക്കു മുമ്പിലും കൈ നീട്ടിയിരുന്നു. ആരും കനിഞ്ഞില്ല....

ഒരു മനുഷ്യ ജീവിയുടെ ദൈന്യത. ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായി വളര്‍ന്നുവരുന്ന രാഷ്ട്രത്തിലെ പൗരന്‍. എഫ്.സി.ഐ ഗോഡൗണുകളില്‍ പുഴുവരിക്കുന്ന അരിച്ചാക്കുകളിവിടെ അട്ടിയട്ടിയായി കിടക്കുന്നുണ്ട്. നിയമങ്ങളുടെയും നയങ്ങളുടെ കുരുക്കില്‍പെട്ട് പുഴുക്കള്‍ക്ക് മൃഷ്ടാന്ന ഭോജനമായി.. കൃഷിയിലിവിടെ ആവശ്യത്തിലേറെ ഉദ്പാദനമുണ്ട്. (കര്‍ഷകന് തൂക്ക് കയര്‍ ബാക്കിയാണെങ്കിലും...!) കരയിലും കടലിലും ഭൂമിക്കടിയിലും മനുഷ്യവിഭവ ശേഷിയിലുമായി ഈ രാജ്യത്ത് അനേകം സമ്പത്ത് കുടികൊള്ളുന്നുണ്ട്. ലോക കോടീശ്വരന്‍മാരുണ്ടിവിടെ... സ്വിസ്സ് ബാങ്കുകളില്‍ കുടികൊള്ളുന്നു 'അഴിമതിയുടെ കോടികള്‍'.. അതിനൊക്കെ പുറമെ ലോകത്തിലേക്കേറ്റവും വലിയ ജനാധിപത്യ ഭരണവും..
എന്നിട്ടും ഒരു ദുര്‍ബലന് അഷ്ടികണ്ടെത്താന്‍....

ആ കാഴ്ച നോക്കി നില്‍ക്കാനായില്ല.
ഞാന്‍ ഉടനെ പോക്കറ്റില്‍ കൈതാഴ്ത്തി..
ഭാഗ്യം.. ആയിരത്തിന്റെ ഗാന്ധിത്തലയുണ്ട്.
എവറസ്‌ററിലെ കയറ്റം നിര്‍ത്തി ഞാനിറങ്ങി..
അയാള്‍ക്കെന്തെങ്കിലും വാങ്ങിക്കൊടുക്കാം..
ഞാന്‍ അതുമായി നടന്നു.
ആയിരത്തെ കാണുമ്പോള്‍ കടക്കാരുടെ നെറ്റി ചുളിയുന്നു..
നൂറിന് ചില്ലയില്ലാഞ്ഞിട്ട് പോലും ബസ് കണ്ടക്ടര്‍മാരുടെ ഭരണിപാട്ട് കേള്‍ക്കുന്നതാണ്.
പിന്നെയാണ് ആയിരം...

ഞാന്‍ പ്രതീക്ഷയോടെ നടന്നു.. ഉള്ളതുപറഞ്ഞു.
''എനിക്ക് ഭക്ഷണം വേണം. ആയിരത്തിന്റെ നോട്ടേ ഉള്ളൂ. മറ്റു ചില്ലറ ഒന്നിമില്ല.''

കടക്കാരന് ആയിരമെന്ന് കേള്‍ക്കുമ്പോള്‍ തന്നെ അലര്‍ജ്ജി.
ഫ്‌ളാറ്റ്‌ഫോമിന്റെ ഒരു തലമുതല്‍ മറുതലവരെ നടന്നു.
'നോ ചേഞ്ച്... ഒരു രക്ഷയുമില്ല.'
'ഏറ്റവും മൂല്യമുള്ള നോട്ട്.. പക്ഷെ, ആവശ്യത്തിന് ഉപകരിക്കുന്നില്ല'

കിട്ടിയതൊന്നും അയാളുടെ വിശപ്പ് ശമിപ്പിച്ചിട്ടില്ല. അയാള്‍ അടുത്ത വേസ്റ്റ് ബോക്‌സ് തിരഞ്ഞ് ഫ്‌ളാറ്റ് ഫോമിലൂടെ നടക്കുകയാണ്.

നഗരത്തില്‍ ധാരാളം ഫാസ്റ്റ് ഫുഡുകളുണ്ട്. അധികം അറേബ്യന്‍ വിഭവങ്ങള്‍ ലഭിക്കുന്നവ.. ഷവര്‍മ, ഷവായ , അല്‍ഫാം, ചിക്കന്‍.... മരുഭൂമിയിലെ വിയര്‍പ്പുതുള്ളികള്‍ ഇവിടെ ആവിയായി പറക്കുന്നു. പ്ലേറ്റിന് 260 ഉം 300 ഉം 500 ഉം വില വരുന്ന വിഭവങ്ങള്‍ കടിച്ചു പറിച്ച് ടേബിളുകളില്‍ ബാക്കിയിട്ടിരിക്കുന്നത് കാണാം...
വീടുകളില്‍ രാത്രി ഭക്ഷണം ഉണ്ടാകും. എന്നാലും ഫാസ്റ്റടിക്കാനിറങ്ങും.
'പെണ്ണ് കണ്ട ചെലവ്.. കെട്ടിയ ചെലവ്.. കുട്ടിയുണ്ടായ ചെലവ്....
ഓരോ കാരണത്തിനും ചെലവുണ്ടാക്കി ചിക്കന്‍ വേട്ടക്കിറങ്ങും...

15 മിനിറ്റ് കഴിഞ്ഞാല്‍ വരാവല്‍ എക്‌സ്പ്രസെത്തും.. കൂട്ടുകാരനെത്തിയാല്‍ അവന്റെ കയ്യില്‍ പണം കാണും
'ദൈവമേ.. അതുവരെ ഇനി അയാള്‍ക്കൊന്നും കിട്ടരുതേ..' ഞാന്‍ മനസ്സില്‍ കരുതി..

10 മിനിറ്റ് കഴിഞ്ഞപ്പോള്‍ ഒന്നാം ജനശദാബ്ദി എക്‌സ്പ്രസ് വന്ന് നിന്നു. എ.സി കമ്പാര്‍ടുമെന്റുകളില്‍ നിന്ന് കുബേരരുടെ അത്താഴത്തിന്റെ അവശിഷ്ടം വിന്‍ഡോകളിലൂടെ പുറത്തേക്ക് വന്ന് വീണു.. റെയില്‍ പാളത്തിലേക്കിറങ്ങിയ അയാള്‍ ഇരയെകണ്ട സര്‍പത്തെപോലെ അവക്കുമേല്‍ ചാടിവീണു. ഓരോന്നായി പെറുക്കിയെടുത്ത് ഒരു മൂലയില്‍ കൂട്ടിവെച്ചു. ഇലകള്‍ നക്കി തോര്‍ത്തി. ഒരു വറ്റും ശേഷിപ്പിക്കാതെ.
പോക്കറ്റില്‍ നിന്ന് ഒരു കീറ മുണ്ടെടുത്തു. ബാക്കിയുള്ളവ അതില്‍ കെട്ടിവെച്ചു.
നാളെയുടെ പ്രഭാതത്തില്‍ വിശക്കാതിരിക്കാന്‍...
'അതോ... ഇനി ആര്‍ക്ക് മുമ്പിലും കൈ നീട്ടാതിരിക്കാനോ?'
ഫ്‌ളാറ്റ് ഫോമിലുള്ള ടാപ്പില്‍ നിന്ന് വെള്ളം ആര്‍ത്തിയോടെ കുടിച്ചു.

ഫ്‌ളാറ്റ് ഫോമിന്റെ വിജനതയിലേക്ക് അയാള്‍ നടന്നു നീങ്ങി.
'വിശപ്പിനെ കീഴടക്കിക്കൊണ്ട്..'

അബ്ദുല്‍ ഹമീദ് കെ.പുരം


No comments: