
ഒരു ഹര്‍ത്താല്‍ ദിനത്തിന്റെ സുപ്രഭാതം..
പെട്ടെന്ന് പ്രഖ്യാപിച്ചതുകൊണ്ട് പതിവു പരിപാടികള്‍ക്ക് ഭംഗംവന്നു.
സമയം 9.40
തിരൂരില്‍ നിന്ന് ഇന്റര്‍സിറ്റി എക്‌സ്പ്രസിന് കോഴിക്കോട്ടേക്ക് പോകണം
തിരൂര്‍ റയില്‍വെ സ്റ്റേഷനിലേക്ക് 6 കിലോമീറ്റര്‍.
ട്രൈന്‍ 9.55 ന് പുറപ്പെടും.
ആകെയുള്ളത് 15 മിനിറ്റുമാത്രം...
എന്റെ ഹൃദയമിടിപ്പ് കൂടി.. വണ്ടി കിട്ടുമോ..!?
ഇരുകാല്‍ വാഹനങ്ങള്‍ക്ക് ഹര്‍ത്താല്‍ ദിനത്തിലും സഞ്ചാര സ്വാതന്ത്ര്യമുള്ളതറിഞ്ഞ്
പ്രതീക്ഷയോടെ ഞാന്‍ പുറത്തിറങ്ങി.
ശാന്തമായ റോഡിലൂടെ ഇരുചക്രങ്ങളും ഇടക്കൊക്കെ മുച്ചക്രങ്ങളും പാഞ്ഞുപോകുന്നു.
പ്രതീക്ഷയോടെ കാണുന്ന വണ്ടികള്‍ക്കൊക്കെ കൈ നീട്ടി യെറിഞ്ഞെു.
സമരക്കാരെ ഭയന്ന് വണ്ടിക്ക് ബ്രേക്കുള്ള കാര്യം പോലും പലരും മറന്നു..
എന്റെ ഹൃദയമിടിപ്പ് കൂടി കൂടി വരുന്നു.. ഇനിയും വൈകിയാല്‍..!
ഒരു ബൈക്ക് നിര്‍ത്തി. എന്റെ കയ്യേറ്റം ഏറ്റു.
മനസ്സില്‍ ആശ്വാസത്തിരികത്തി.
ആ പരോപകാരിയുടെ ബൈക്കിനു പിന്നില്‍ ചാടിക്കയറി.
150 സിസിയില്‍ പറക്കുന്ന പള്‍സറിന് പിറകില്‍ ഉള്‍ക്കിടിലത്തോടെ അമര്‍ന്നിരുന്നു.
''എങ്ങോട്ടാ..?''
''തിരൂര്‍..''
''നിങ്ങളോ?''
''റെയില്‍വെ..''
ഹാവൂ..!
''എണ്ണയുടെ (പെട്രോള്‍) കാര്യം സംശയമാണ്.. ഇടക്കെങ്ങാനും നിന്നാല്‍ നമുക്ക് ഒന്നിച്ച് തള്ളേണ്ടിവരും...''
..!...ദൈവമേ..!!
''എന്റെ വണ്ടി 9.55 നാണ്..''
''ഞാനും ആ വണ്ടിക്ക് തന്നെയാണ്...!''
ഇനി 12 മിനിറ്റ് മാത്രം..
വേഗത 80 ന് മുകളില്‍
ഹാവൂ... ആശ്വാസമായി..
വേഗത ചിലപ്പോള്‍ അനുഗ്രഹമാണ്.
ഇവനെന്നെ എത്തിക്കേണ്ടിടത്ത് എത്തിക്കും
ഞാന്‍ ആശ്വാസത്തോടെ മുറുക്കിപ്പിടിച്ചിരുന്നു.
2 കിലോമീറ്റര്‍ പിന്നിട്ടു..
ഇടക്ക് റോഡിലൊരാള്‍ക്കൂട്ടം..!!
പെട്രോള്‍ വില വര്‍ദ്ധനക്കെതിരെ ഹര്‍ത്താലുകാരുടെ ചെക്ക് പോസ്റ്റ്..!
കരിങ്കല്ലുകളും ഇലക്ട്രിക് പോസ്റ്റുകളും പഴകിയ ടയറും മരത്തടിയുമൊക്കെ
ഉപയോഗിച്ച് റോഡില്‍ ഭംഗിയായി 'തടയണ' നിര്‍മ്മിച്ചിരിക്കുന്നു.
ദൈവമേ, ചതിച്ചോ?
ഇനി 9 മിനിറ്റ് മാത്രം
ഒരുത്തന്‍ വണ്ടിക്ക് മുന്നിലേക്ക് ചാടിവീണു... കൗമാരനാണ്.
ഡ്രൈവറുടെ കാലുകള്‍ ശക്തമായി ബ്രേക്കിലമര്‍ന്നു.
അവന്‍ ആദ്യം ഞങ്ങളെ അടിമുടിയൊന്ന് നോക്കി..
ഒരു മിനിറ്റ് പോയിക്കിട്ടി..
പിന്നീട് വാതുറന്ന് മൊഴിഞ്ഞു..
''ഹും.. എങ്ങോട്ടാ..''
...........
''ഇന്ന് ഹര്‍ത്താലാണെന്നറിഞ്ഞൂടെ..!? നിങ്ങള്‍ക്കൊക്കെ വേണ്ടീട്ടാണിത്..''
............
(പാല്‍, പത്രം, വിവാഹം, എയര്‍പോര്‍ട്ട്, ഇരുചക്രവാഹനം..
ഇവയൊക്കെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാണെന്ന് നേതാക്കളുടെ
പ്രസ്താവന ഉണ്ടായിരുന്നല്ലോ എന്ന് ചോദിക്കാന്‍ തോന്നി..
ചോദിച്ചില്ല, ഒരു പക്ഷെ ഇവന്‍ രാവിലെ പത്രം വായിച്ചുകാണില്ല;
അല്ലെങ്കില്‍ പാര്‍ട്ടി പത്രത്തില്‍ പ്രസ്താവന വന്നിട്ടില്ലെങ്കിലോ..!?)
ഡ്രൈവറും ഒന്നും മിണ്ടാതിരുന്നാല്‍ മതിയായിരുന്നു.
സമരനായകര്‍ കൗമാരന്‍മാരാണ്..
ബോധമണ്ഡലത്തിലെ രാവിലെ സേവിച്ച മധുപാനീയത്തിന്റെ
സ്വാധീനം ഗന്ധത്തിലറിയുന്നുണ്ട്.
പെട്രോളിന്റെ വിലകുറക്കാന്‍ സ്വയം എനര്‍ജി കയറ്റിയതാണ്..!
ഹര്‍ത്താല് വിജയിക്കേണ്ടേ..!!
എന്തെങ്കിലും പറഞ്ഞാല്‍ അതുവച്ച് കൊളുത്തും
പിന്നെ.. ടയറില്‍ കാറ്റുകാണില്ല..!
ഭാഗ്യത്തിന് പരിചയമുള്ള ഒരു മുഖം ആള്‍ക്കൂട്ടത്തിനിടയില്‍.
ഞാന്‍ പേര് നീട്ടി വിളിച്ചു.. ആള് ഗമയില്‍ മുന്നിലെത്തി.
സമരക്കാരുടെ മുമ്പില്‍ പരിചയക്കാരനെ ഒന്ന് പൊക്കിവെച്ചു.
സംഗതി ഏറ്റു..! പരിചയക്കാരന്‍ ട്രാഫിക് നിയന്ത്രണം ഏറ്റെടുത്തു..
''ഒന്ന് മാറിക്കേ.. നമ്മളെ സ്വന്തം ആളാണ്..''
ഉടന്‍ വണ്ടി വിട്ടുകൊണ്ട് ഉത്തരവ് വന്നു..!
പരിചയക്കാരന് സല്യൂട്ട് ചെയ്ത് ബൈക്ക് മുന്നോട്ട്...
രണ്ട് മിനിറ്റ് ചിലവായി..
ബാക്കി അഞ്ച് മിനിറ്റ് മാത്രം..!
4 കിലോമീറ്റര്‍
റയില്‍വെ സ്റ്റേഷന് ഒരു കിലോമീറ്റര്‍ അകലം പാലിച്ച് ബൈക്ക് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു..!!!
ഇനി ഒരു കിലോമീറ്റര്‍
സമയം 1 മിനിറ്റ് മാത്രം..
ബൈക്ക് തള്ളി നടക്കണം....
മനസ്സില്‍ പ്രാര്‍ത്ഥന തുടങ്ങി..
ഇന്ത്യന്‍ റെയില്‍വെയാണ്.. സമയം ക്രമം പാലിക്കില്ല....
പരോപകാരിയെ ഒറ്റക്ക് വിട്ട്‌പോകുന്നതും ശരിയല്ല..
ബൈക്ക് തള്ളാന്‍ ഒപ്പം കൂടി..
''നമുക്ക് ബൈക്ക് റെയില്‍വെയില്‍ വച്ചിട്ട് പോകാം.. വണ്ടി ചിലപ്പോള്‍ ലേറ്റാകും..''
പരോപകാരി മൊഴിഞ്ഞു.
''ഹും.. അതെ.. അതെ..''
സയമം കൃത്യം 10.15
ഞങ്ങള്‍ റെയില്‍വെയിലെത്തി
പ്ലാറ്റ്‌ഫോം വിജനം.. ഇരിപ്പിടങ്ങളെല്ലാം കാലി..
ഇന്ത്യന്‍ റെയില്‍വെ ചതിച്ചു..
ഇന്റര്‍സിറ്റി എക്പ്രസ്സ് ഹര്‍ത്താല്‍ ദിനത്തില്‍ കൃത്യസമയത്തിന് പോയി..!
ഐ.ടി മേഖലയെ ഹര്‍ത്താല്‍ ബാധിക്കില്ലെന്ന തോന്നലില്‍ സാഹസത്തിന് പുറപ്പെട്ടതാണ്..
അവസാന ശ്രമവും പാളി..
ഞാന്‍ ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച്..
ഞാനങ്ങ് പണി മുടക്കി..!
''ഇന്ന് പോയിട്ട് ഒരു പാട് ഇംപോര്‍ട്ടന്റ് മാറ്റേര്‍സുണ്ടായിരുന്നു..
എല്ലാം വെള്ളത്തിലായി.. നാശം പിടിച്ച് ഹര്‍ത്താല്‍.. നാട് മുടിക്കാന്‍..
തൊട്ടതിനും പിടിച്ചതിനും ഒക്കെ ഹര്‍ത്താലാണ്.. ഇതൊന്ന് നിരോധിച്ചു കൂടെ..?
അണികളെ പിടിച്ചു നിര്‍ത്താനുള്ള കണ്‍കെട്ടാണ്.. ഇവര്‍ക്കൊരു നഷ്ടമില്ലല്ലോ..
ഇവന്‍മാര്‍ക്കൊക്കെ മുടക്കാന്‍ ഒരു പണിയുമുണ്ടാകില്ല...
നഷ്ടം എല്ലാം സാധാരണക്കാരായ പൊതുജനങ്ങള്‍ക്കാണ്...''
പരോപകാരിയുടെ ഹര്‍ത്താലികളോടുള്ള അരിശം കുത്തിയൊഴുകി..
മടക്കയാത്ര തുടങ്ങി..
ബൈക്ക് 6 കിലോമീറ്റര്‍ റിവേഴ്‌സില്‍ തള്ളണം..
ഞങ്ങള്‍ തിരികെ ഹര്‍ത്താല്‍ ജംഗ്ഷനിലെത്തി..
ഡ്രൈവര്‍ ഹര്‍ത്താല്‍ സന്ദേശം തുടങ്ങി..
മൂപ്പര്‍ക്ക് ഭാഷക്ക് പഞ്ഞമൊന്നുമില്ല..
പദങ്ങള്‍ നിഖണ്ഡുവിനെ മറികടന്നു... ഞാന്‍ ചെവിപൊത്തി..
ഹര്‍ത്താലികള്‍ ആദ്യം കണ്ടില്ലെന്ന് നടിച്ചു...
പാവം.. പോട്ടെ.. അവരുടെ ഓപറേഷന്‍ വിജയിച്ചിട്ടുണ്ട്..
അങ്ങനെയങ്ങ് ഹര്‍ത്താലില്‍ പണിയെടുത്താലോ..!
ഡ്രൈവര്‍..
ഓട്ടന്‍ തുള്ളല്‍ നിര്‍ത്തുന്ന ലക്ഷണമില്ല..
വാക്കുകള്‍ പാര്‍ട്ടിക്കിട്ട് പിടിതുടങ്ങി..
ഹര്‍ത്താലികള്‍ക്ക് വികാരം കയറിത്തുടങ്ങി..
''ഹും... ഇവനേതാ പാര്‍ട്ടി...!! ആ.. അങ്ങനെ വരട്ടെ..!!''
ഡ്രൈവറെ ഹര്‍ത്താലികള്‍ വളഞ്ഞു..
ഞാന്‍ മുമ്പിലേക്ക് കയറി നിന്നു.. പരോപകാരം ചെയ്തു..
ഇതുകണ്ട് പരിചക്കാരന്‍ ഓടിയെത്തി...
സംഗതി സോള്‍വ്ഡ്..!
അപ്പോഴേക്കും വണ്ടിയുടെ രണ്ട് ടയറിലെയും വാതകം ചോര്‍ന്നു..
പിന്നീട് വാതകമില്ലാത്ത ടയറുമായി
2 കിലോമീറ്റര്‍ തള്ളി..
വിട്ടുകൊടുക്കാത്ത മുഖഭാവത്തോടെ ഹാന്‍ഡിലില്‍ പിടിച്ച് ഡ്രൈവറും..
പിന്‍ ചക്രങ്ങള്‍ ബാലന്‍സ് ചെയ്ത് മാനം നോക്കി ഞാനും..
എന്നാലും എന്റെ പെട്രോളെ
ഞങ്ങളോടീ 'ഡബിള്‍ ചതി' വേണായിരുന്നോ..!!
അബ്ദുല്‍ ഹമീദ് കെ.പുരം
No comments:
Post a Comment