Monday, July 23, 2012

പ്രഥമ പൗരന് അഭിവാദനം



നൂറ്റി ഇരുപത്തിയഞ്ച് കോടിയില്‍ ഒന്നാമനാകുക വലിയ കാര്യമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ സമൂഹത്തിന്റെ പ്രഥമ പൗരനായി തെരെഞ്ഞെടുക്കപ്പെട്ട പ്രണബ് കുമാര്‍ മുഖര്‍ജിക്ക് അഭിവാദനങ്ങള്‍.
രാഷ്ട്രപതി സ്ഥാനം അലങ്കാരമാണെന്ന് പൊതുവെ വിലയിരുത്തലുണ്ട്. അതിന് ഉത്തമോദാഹരണമായാണ് കഴിഞ്ഞ 'പ്രഥമപൗര' പടിയിറങ്ങിയത്. ലോകത്തില്‍ എത്ര സുഖവാസ കേന്ദ്രമുണ്ടെന്നും രാഷ്ട്രപതി ഭവന് എത്രമാത്രം വിസ്തൃതിയുണ്ടെന്നും അവര്‍ക്ക് കാര്യമായി മനസ്സിലായിട്ടുണ്ടാകും...! എന്നാല്‍ ഇതിനപവാദമായൊരു 'പീപ്പിള്‍സ് പ്രസിഡണ്ട്' കഴിഞ്ഞുപോയിട്ടുണ്ട്. ജനങ്ങളിലേക്കിറങ്ങി, യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ആവേശമായി, എല്ലാ ഇന്ത്യക്കാര്‍ക്കും സ്വപ്നങ്ങള്‍ നല്‍കി കര്‍മത്തിലൂടെ വാക്കുകളോട് നീതിപുലര്‍ത്തിയവന്‍. 'വിഷന്‍ 2020' ലൂടെ വികസിത ഇന്ത്യക്ക് ശിലപാകി അദ്ദേഹം തന്റെ ദൗത്യത്തോട് കൂറുപുലര്‍ത്തി. നിയുക്തപ്രസിഡണ്ടിനും അദ്ദേഹത്തെ റോള്‍മോഡലാക്കാം.
ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വന്‍ശക്തി ഇപ്പോഴും ബലാരിഷ്ടതകളില്‍ നിന്ന് മുക്തമായിട്ടില്ല. രാഷ്ട്രപിതാവ് രാഷ്ട്രത്തിന്റെ ആത്മാവ് കുടികൊള്ളുന്നുവെന്ന് പറഞ്ഞ ഗ്രാമങ്ങളിലേക്ക് ഈ വികസനത്തിന്റെ പങ്ക് ഇപ്പോഴും എത്തിപ്പെട്ടിട്ടില്ല. സ്വാതന്ത്യപ്പുലരി കഴിഞ്ഞ് ആറര ദശകം പിന്നിട്ടെങ്കിലും അടിസ്ഥാന വര്‍ഗ്ഗത്തിന്റെ സ്വപ്നങ്ങള്‍ ചേരികളില്‍ വിശ്രമിക്കുകയാണ്. രാഷ്ട്ര തലസ്ഥാനമായ പുതിയ ഡല്‍ഹിയെയും ചരിത്രമുറങ്ങുന്ന പുരാതന ഡല്‍ഹിയെയും വിലയിരുത്തിയാല്‍ ഇക്കാര്യം ബോധ്യമാകും. ലോകത്തിലെ ഏറ്റവും വലിയ ചേരിസമൂഹം ജീവിക്കുന്ന മുംബൈ നഗരപ്രാന്തത്തിലെ 'ധാരാവി' മറ്റൊരുദാഹരണം.
ബാല്യത്തിന്റെ ചുവപ്പ് മാറുംമുമ്പ് കലപ്പയേന്താന്‍ വിധിക്കപ്പെടുന്ന ഉത്തരേന്ത്യന്‍ ബാല്യങ്ങളെ വിദ്യാലയങ്ങളിലെത്തിക്കണം. പ്രഥമികാവശ്യങ്ങള്‍ക്കുപോലും പാതയോരങ്ങളിലും സമുദ്ര തീരങ്ങളിലും ഇടം കണ്ടെത്തേണ്ടി വരുന്നവര്‍ക്ക് പരിഹാരമുണ്ടാകണം. സ്വാതന്ത്ര്യം ഹനിക്കപ്പെട്ട് അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്ക് നീതി ലഭിക്കണം. ന്യൂനപക്ഷങ്ങള്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കും അര്‍ഹമായ രൂപത്തില്‍ രാഷ്ട്ര വിഭവത്തിന്റെ പങ്ക് ലഭിക്കണം. വേദന തിന്നുന്ന നിത്യരോഗികള്‍ക്ക് സാന്ത്വനം ഉണ്ടാകണം. ആരോഗ്യം നഷ്ടപ്പെട്ട വൃദ്ധര്‍ക്കും അബലര്‍ക്കും പ്രതീക്ഷ ലഭിക്കണം. കലാപങ്ങളില്‍ ഞെരിഞ്ഞമരപ്പെട്ട പൗരന്‍മാരെ നിര്‍ഭയ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരണം. തൊഴിലില്ലാത്ത യുവജനത്തിന് തൊഴിലവസരങ്ങളുണ്ടാകണം. ആതുരാരോഗ്യ രംഗം സാധാരണക്കാരന് പ്രാപ്യമാവണം. ആധുനിക ശാസ്ത്രവിധ്യ രാഷ്ട്രത്തിന് കരുത്ത് പകരണം. ഉന്നത വിദ്യാഭ്യാസം മൂല്യാധിഷ്ടിതവും സൗജന്യവുമാവണം. വിദേശനയം ധാര്‍മികതയിലും രാഷ്ട്ര താത്പര്യത്തിലും അധിഷ്ടിതമാവണം. ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ അന്തസ്സുള്ള നിലപാടുകളുണ്ടാകണം.
ഏതൊരു രാഷ്ട്രത്തിന്റെ വികസനത്തിന്റെ അടിസ്ഥാന ശിലകളായി ഇത്തരം അടിസ്ഥാന ഘടകങ്ങളില്‍  ശ്രദ്ധപതിപ്പിച്ച് 'മാറ്റത്തിന് തയ്യാറായാല്‍' പൗരന്‍മാര്‍ക്ക് രാഷ്ട്രപതിയില്‍ പ്രതീക്ഷയുണ്ട്. രാഷ്ട്രപതി ഭവന് നല്‍കുന്ന നികുതികൊണ്ട് ഉപകാരമുണ്ട്. വികസിത ഇന്ത്യക്കായുള്ള ശ്രമത്തിന് പിന്തുണ അര്‍പ്പിക്കുന്നു

No comments: