Saturday, March 13, 2010

മദ്യകോള അനുവദിക്കരുത്‌..!!

കൊട്ടിഘോഷിക്കപ്പെടുന്ന സാംസ്‌കാരിക രംഗം ചീഞ്ഞുനാറുന്ന നാളുകളാണ്‌ കടന്നുപോകുന്നത്‌. സിനിമയും സാഹിത്യവും തമ്മിലാണ്‌ വടം വലി.. ഒരു വശത്ത്‌ പിന്തുണയുമായി ഫാന്‍സ്‌ അസോസിയേഷന്‍.. കോലമുണ്ടാക്കല്‍.. കത്തിക്കല്‍.. വഴിതടയല്‍.. ഭീഷണിപ്പെടുത്തല്‍.. കളി പരിതിക്കുപുറത്താണ്‌ നടക്കുന്നത്‌.. സിനിമ, സാംസ്‌കാരികം.. രണ്ടും അമ്മയും..!! കുഞ്ഞും പോലെ ഇഴപിരിക്കാനാകാത്തത്‌ എന്നതാണ്‌ മറ്റൊരു വൈവിദ്യം.. കുറച്ചുകാലം മാധ്യമങ്ങള്‍ക്ക്‌ ചാകര.. ആരുടെ വായില്‍ നിന്നാണ്‌ വേദവാക്യം വീഴുന്നതെന്ന്‌ ഇമവെട്ടാതെ നിരീക്ഷിച്ച്‌ മാധ്യമങ്ങളും... വിലക്കയറ്റത്തിന്റെ ആധി നെടുവീര്‍പ്പിലൊതുക്കി ജനങ്ങളും.. സ്വസ്ഥം..
ഇതിനിടക്ക്‌ ഇതാ.. ഗവണ്‍മെന്റ്‌ കേരളത്തെ കുപ്പിയിലാക്കാന്‍ പോകുന്നു.. സാംസ്‌കാരിക രംഗം കണ്ണിലെ കൃഷ്‌ണ മണിപോലെ കാക്കുന്ന സാംസ്‌കാരിക കമാണ്ടോകളേ.. കണ്ണുതുറക്കൂ.. നിങ്ങളിത്‌ കാണുന്നില്ലേ..?
സംഗതി മദ്യകോള.. വീര്യം കുറവാണ്‌.. ക്യൂ നില്‍ക്കേണ്ടതില്ല.. പെട്ടികടകളില്‍ വരെ കിട്ടും.. കേരളമെന്ന്‌ കേട്ടാല്‍ തിളക്കണം ചോര ഞരമ്പുകളില്‍ എന്നത്‌ കവി വാക്യം. ആ കാലം മാറി.. ഇനി കേരളീയന്റെ ഞരമ്പുകളില്‍ മദ്യകോള തിളക്കും.. സ്‌ത്രീ ജനങ്ങളും കുട്ടികളുമടങ്ങിയ സമൂഹത്തിന്‌ ഇനി മദ്യകോള വീശി ഉന്മാദത്തോടെ ആടി നടക്കാം.. ഗവണ്‍മെന്റിന്റെ ആശീര്‍വാദത്തോടെയാണ്‌ ചരക്കിറങ്ങുന്നത്‌.. സംഗതി വ്യാജനല്ല.. ഒറിജിനല്‍..
ജനങ്ങളുടെ ആരോഗ്യത്തില്‍ സര്‍വ്വത്ര ശ്രദ്ധയുള്ള ഭരണവര്‍ഗ്ഗം ആരോഗ്യ കേരളത്തിനായുള്ള ഗവേഷണത്തില്‍ കണ്ടെത്തിയതാണ്‌ പുതിയ സാധനം. മുമ്പ്‌ പരീക്ഷിക്കപ്പെട്ട സംസ്ഥാനങ്ങളിലെ പെട്ടിക്കടകളില്‍ സാധനത്തിന്‌ ആളൊഴിഞ്ഞ നേരമില്ലത്ര..! അവിടെ ആദ്യം മദ്യശാലകളില്‍ മാത്രം ലഭിച്ചിരുന്ന അമൃത്‌ പിന്നീട്‌ ആവശ്യക്കാരേറിയപ്പോള്‍ പെട്ടിക്കടകളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. ആ നാടുകളൊകക്കെ വന്‍ വികസന കുതിപ്പിലാണ്‌. അതുപോലെ നമുക്കും ഇനി വികസിക്കണം.. വികസനത്തെ എതിര്‍ക്കുന്നവര്‍ സാമൂഹ്യ വിരുദ്ധര്‍. അവരുടെ സ്ഥാനം പടിക്കുപുറത്ത്‌. പിന്നെ കുടുംബ കലഹങ്ങള്‍... അതു തീര്‍ക്കാന്‍ നമുക്ക്‌ പുതിയൊരു വകുപ്പു കൂടി തുടങ്ങാം. ഒരു കുപ്പിക്കു ചുറ്റുമിരുന്നാല്‍ തീരാത്ത പ്രശ്‌നങ്ങളില്ല എന്നതാണ്‌ അനുഭവ സാക്ഷ്യം.. പരീക്ഷിച്ചുനോക്കാത്തവര്‍ക്ക്‌ പാരാതി ഉണ്ടാകേണ്ടതില്ല.
ചരിതം..
ലണ്ടന്‍ ആസ്ഥാനമായ ബക്കാര്‍ഡി മാര്‍ട്ടിനി എന്ന ആഗോള മദ്യ കമ്പനിയുടെ ഇന്ത്യന്‍ ഘടകമാണ്‌ മദ്യകോള വിപണിയിലിറക്കാനുള്ള ശ്രമവുമായി 2007-ല്‍ സര്‍ക്കാറിനെ സമീപിച്ചത്‌. 5 മുതല്‍ 10 ശനമാനം വരെ ആല്‍ക്കഹോള്‍ അടങ്ങിയ ബിയറിന്‌ തുല്യമായതാണ്‌ തങ്ങള്‍ വിപണിയില്‍ ഇറക്കാന്‍ ഉദ്ദേശിക്കുന്ന റെഡി ടു ഡ്രിങ്ക്‌ എന്ന ഉല്‍പ്പന്നമെന്ന്‌ അവര്‍ സര്‍ക്കാറിനെ അറിയിച്ചിരുന്നു. ജ്യൂസ്‌ രൂപത്തിലുള്ള ഉത്‌പന്നം പലനിറത്തിലും രുചിയിലും വിപണിയില്‍ ഇറക്കാനായിരുന്നു ശ്രമം. മറ്റുചില സംസ്ഥാനങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിപണിയിലിറക്കിയ തങ്ങളുടെ ഉത്‌പ്പന്നങ്ങള്‍ വന്‍വിജയമാണെന്നും അതുപോലെ കേരളത്തിലും ഇത്തരം ഉത്‌പ്പന്നങ്ങള്‍ വിറ്റയിക്കാന്‍ അവസരം നല്‍കണമെന്നു മായിരുന്നു കമ്പനിയുടെ ആവശ്യം. ജനരോക്ഷം ഭയന്ന്‌ നിരാകരിക്കപ്പെട്ട ആവശ്യം അബ്‌കാരി നിയമം ഭേതഗതി ചെയ്‌ത്‌ ഇപ്പോള്‍ വിപണിയിലിറക്കാനുള്ള ശ്രമമാണ്‌ നടന്നുകൊണ്ടിരിക്കുന്നത്‌.
ഓരോ ആഘോഷങ്ങള്‍ കഴിയും തോറും വില്‍പ്പന റെക്കോര്‍ഡ്‌ കുതിച്ചുയരുന്ന ഓരേ ഒരു വ്യവസായം സര്‍വ്വത്ര പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ഗവണ്‍മെന്റ്‌ ഇത്തരമൊരു ത്യാഗത്തിന്‌ മുതിരുന്നത്‌. അനേക കാലത്തെ ഗവേഷണത്തിന്റെ ഫലമാണ്‌ പുതിയ തരോദയം.. നികുതിയിനത്തില്‍ വന്‍തുക പെട്ടിയിലാകുന്നത്‌ കൊണ്ട്‌ യജമാനന്‍മാര്‍ക്ക്‌ പരാതിയുണ്ടാകില്ല. കുടിക്കുന്നവര്‍ കുടിച്ചോട്ടെ.. മദ്യക്കുപ്പിയില്‍ മലയാളത്തില്‍ മദ്യപാനം ആരോഗ്യത്തിന്‌ ഹാനികരം എന്ന്‌ എഴുതിയിട്ടുണ്ടല്ലോ..!!. 100 ശതമാനം സാക്ഷരതയുള്ള കേരളക്കരയില്‍ ഈ മുന്നറിയിപ്പ്‌ വായിക്കാനറിയാത്തവരായി ആരെങ്കിലുമുണ്ടാകുമോ..!? അല്ല പിന്നെ..! ഇതിനപ്പുറം ഗവണ്‍മെന്റിന്‌ എന്ത്‌ ചെയ്യാനൊക്കും..! ഐ.എസ്‌.ഐ മാര്‍ക്ക്‌ ഉള്ള സാധനം ആവശ്യക്കാര്‍ക്ക്‌ നല്‍കിയില്ലെങ്കില്‍ ജനത്തെ വ്യാജന്‍ കടന്ന്‌ പിടിക്കും..! അത്‌ പിന്നീട്‌ വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക്‌ ഇടവരുത്തും..!
ആര്‍ക്കാണ്‌ ഇവിടെ നഷ്‌ടം. സാമ്ര്യാജ്യത്വ വൈറസ്‌ പരത്തിവിടുന്ന മ്ലേഛതകള്‍ ഏറ്റുവാങ്ങി പുതുതലമുറയെ അരാഷ്‌ട്രീയ വത്‌ക്കരിക്കുകയാണ്‌ ഇതിന്റെ പിന്നിലുള്ള ഗൂഢലക്ഷ്യം. ഭരണകൂടത്തിന്റെ നെറികേടുകള്‍ക്കെതിരെ നിറം നോക്കാതെ പ്രതികരിക്കുന്ന പാരമ്പര്യമുണ്ടായിരുന്ന ക്യാമ്പസുകളും ഇന്ന്‌ നിസ്സംഗതയില്‍ മയങ്ങുകയാണ്‌. മരവിച്ച മസ്‌തിഷ്‌കവും ചവിട്ടുറക്കാത്ത കുഴഞ്ഞകാലുകളുമായി ഇനി വിപ്ലവം വഴിയില്‍ മയങ്ങി കിടക്കും.. മുതലാളിത്ത തൊഴിലാളി വര്‍ഗ്ഗ പ്രത്യശാസ്‌ത്രങ്ങള്‍ക്കതീധമായി മന്ത്രിപുത്രന്‍മാരും പാര്‍ട്ടി പ്രമുഖരുടെ മക്കളും വിദേശ യൂണിവേഴ്‌സിറ്റികളില്‍ സസുഖം വാഴുമ്പോള്‍ മക്കളെയോര്‍ത്ത്‌ ആകുലപ്പെടുന്ന ദരിദ്രനാരായണമാരുടെ വ്യഥകള്‍ ശ്രദ്ധിക്കപ്പെടാന്‍ ഇവിടെ ആളുണ്ടാകാറില്ല. ഇത്‌ നാടിന്റെ ശാപം..
ആരാണ്‌ ഈ നെറികേടിനെതിരെ പ്രതികരിക്കാനുള്ളത്‌. കലാ സൃഷ്‌ടിയുടെ കനത്തിനുവേണ്ടി കുറച്ചൊക്കെ അകത്താക്കുന്ന സാംസ്‌കാരിക നായകരെ വെറുതെ വിടാം. പരിഷത്തിന്റെ കുടത്തിലുള്ള ബുദ്ദിജീവികള്‍ ഇതിനെതിരെ രംഗത്തുവരില്ല. കാരണം അന്നം മുട്ടുമെന്ന ഭയം. എന്നാല്‍ ഭരണ വര്‍ഗ്ഗത്തിന്റെ ഏത്‌ ചെയ്‌തികളെയും പ്രതിരോധിക്കാന്‍ ദൗത്യമേറ്റടുത്ത പ്രതിപക്ഷ പുംഗവന്‍മാരും ഈ അധര്‍മത്തിനെതിരെ മൗനവ്രതത്തിലാണ്‌ എന്നതാണ്‌ ഖേദകരം. തങ്ങളുടെ നിര മുമ്പ്‌ ഭരണത്തിലിരുന്നപ്പോള്‍ ചാരായ ഭൂതത്തെ കുടത്തിലാക്കിയ മഹാന്‍ കേന്ദ്രത്തില്‍ പ്രതിരോധ ദൗത്യത്തിലായതുകൊണ്ടാണോ എന്നറിയില്ല...!
ഇത്‌ കൊടും ചതിയാണ്‌.. ആത്മ വഞ്ചനയാണ്‌.. തലമുറകളോട്‌ ചെയ്യുന്ന മഹാപാതകമാണ്‌.. നാളെ ഭരണമേറ്റെടുക്കേണ്ട പുതുതലമുറ വഴിവിട്ടു സഞ്ചരിക്കുകയും നാശത്തിലേക്ക്‌ കൂപ്പുകുത്തുകയും ചെയ്യുമ്പോള്‍ തിരുത്തുകുറിക്കാതെ നിശബ്‌ധത പാലിക്കുന്നത്‌ അപകടമാണ്‌. കുളത്തില്‍ തള്ളിയിട്ടതിനു ശേഷം നീന്തലറിയില്ലെ..! നീന്തി കരപറ്റിക്കൂടെ..? എന്ന്‌ ചോദിക്കുന്നത്‌ അനീതിയാണ്‌.. കാപട്യമാണ്‌..! സാമൂഹ്യ ജീവിതത്തിന്റെ കടക്കല്‍ കത്തിവെയ്‌ക്കുന്നവര്‍ ആരായാലും അവര്‍ ഇനിയും ജനങ്ങളുടെ മുന്നില്‍ വരും.. അവരെ ജനം തിരിച്ചറിയും.. വേണ്ടതുപോലെ കൈകാര്യം ചെയ്യും..
വരാനിരിക്കുന്ന സമൂഹമേ.. മാപ്പ്‌.. ദൈവത്തിന്റെ സ്വന്തനാട്‌ എന്നായിരുന്നു ഈ നാടിനെ വിദേശികള്‍ പരിചയപ്പെടുത്തിയത്‌.. ഇവിടുത്തെ പ്രകൃതി മനോഹരമായിരുന്നു.. ഇവിടെ വനങ്ങളും ശുദ്ധ ജലവും സുലഭമായിരുന്നു.. സംസ്‌കാരവും സഹിഷ്‌ണുതയും ഈ നാടിന്റെ മുഖമുദ്രയായിരുന്നു. സ്‌നേഹവും സൗഹാര്‍ദ്ദവും കളിയാടിയിരുന്നു. നമുക്ക്‌ വരദാനമായി ലഭിച്ച ഈ സൗഭാഗ്യം ഞങ്ങളുടെ മുന്‍തലമുറ ഞങ്ങള്‍ക്കുവേണ്ടി കരുതിവെച്ച്‌ കൈമാറിതന്നു.. ഇതെല്ലാം ഇന്ന്‌ കേട്ട്‌ കേള്‍വി മാത്രം.. നിങ്ങള്‍ക്കായി ബാക്കി വെയ്‌ക്കാന്‍ ഇനി............ മാപ്പ്‌..! മാപ്പ്‌..!!

1 comment:

ali said...

ധര്‍മ്മി,,,നിങ്ങളുടെ പോസ്‌റ്റ്‌ കാണാന്‍ വൈകിപ്പോയി. ധാര്‍മ്മിക മുന്നേറ്റത്തിന്റെ പടവാളാകാന്‍ താങ്കളുടെ രചനകള്‍ക്ക്‌ കഴിയട്ടെ എന്നാശംസിക്കുന്നു

അക്‌ബറലി ചാരങ്കാവ്‌
വണ്ടൂര്‍
sirajnewswdr@gmail.com
charankav.blogspot.com