Friday, March 5, 2010



മൊസാദ്‌ വിളിച്ചുപറയുന്നത്‌
04.03.2010

ലക്ഷ്യപൂര്‍ത്തീകരണത്തിനു വേണ്ടി ഏത്‌ നെറികെട്ട മാര്‍ഗ്ഗവും സ്വീകരിക്കുക എന്നത്‌ ഫാസിസ്റ്റ്‌ തന്ത്രമാണ്‌. അതിനവര്‍ക്ക്‌ പ്രത്യശാസ്‌ത്രങ്ങളോ രാഷ്‌ട്രങ്ങളുടെ മതില്‍ കെട്ടുകളോ പ്രതിബന്ധമാകാറില്ല. അതിന്‌ ഏറ്റവും പുതിയ ഉദാഹരണമാണ്‌ ഹമാസ്‌ നേതാവ്‌ മഹ്‌മൂദ്‌ അല്‍ മബ്‌ഹൂഹിന്റെ കൊലപാതകത്തിലൂടെ ഇസ്രായേലി ചാരസംഘമായ മൊസാദ്‌ നിര്‍വ്വഹിച്ചിരിക്കുന്നത്‌. കൃത്യനിര്‍വ്വഹണംകൊണ്ടും ക്രൂരതകള്‍കൊണ്ടും പേരുനേടിയവരാണ്‌ മൊസാദികള്‍. ലോകത്ത്‌ എല്ലാ രാഷ്‌ട്രങ്ങളിലും മൊസാദിന്റെ ചാരന്‍മാര്‍ സൈ്വര്യവിഹാരം നടത്തുന്നുണ്ട്‌. പല രാജ്യങ്ങളുടെ ഉന്നത സ്ഥാനങ്ങളിലുള്ളവരെ പോലും വലയെറിഞ്ഞ്‌ പിടിക്കാന്‍ മൊസാദിന്‌ കഴിഞ്ഞിട്ടുണ്ട്‌. അനേകം നിരപരാധികളുടെ രക്തംകൊണ്ട്‌ പങ്കിലമാണ്‌ മൊസാദിന്റെ കരങ്ങള്‍.
ജൂതരെ കൂട്ടക്കൊല ചെയ്‌ത കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ക്ക്‌ നേതൃത്വം നല്‍കിയ ഹിറ്റലറുടെ സഹായിയായ അഡോള്‍ഫ്‌ ഐമാനെ വര്‍ഷങ്ങള്‍ക്ക്‌ ശേഷം തട്ടിക്കൊണ്ട്‌ വന്ന്‌ കൊലപ്പെടുത്തിയത്‌ മൊസാദിന്റെ ഓപ്പറേഷനുകളില്‍ എടുത്ത്‌ പറയുന്നതാണ്‌. പതിനഞ്ച്‌ വര്‍ഷത്തോളം ഒളിവില്‍ താമസിച്ച്‌ വിവിധ രാജ്യങ്ങളില്‍ വ്യത്യസ്ഥ വേഷങ്ങളില്‍ ജോലി ചെയ്‌ത്‌ ജീവിക്കുന്നതിനിടെയാണ്‌ അര്‍ജന്റീനയില്‍ നിന്ന്‌ മൊസാദ്‌ ഐമാനെ കണ്ടെത്തി ആരോരുമറിയാതെ വിമാനമാര്‍ഗ്ഗം ഇസ്രയേലില്‍ കൊണ്ടുവന്ന്‌ തൂക്കിലേറ്റുന്നത്‌.
രക്തം കണ്ട്‌ കൊതിയടങ്ങാത്തവരാണ്‌ മൊസാദിന്റെ അംഗങ്ങള്‍. തങ്ങള്‍ കശാപ്പ്‌ ചെയ്യാനുദ്ദേശിക്കുന്ന ഇരയെ നിഴല്‍പോലെ പിന്തുടരുകയും അവസരംകിട്ടുമ്പോള്‍ കടന്നാക്രമിക്കുകയും ചെയ്യുക എന്നതാണ്‌ മൊസാദിന്റെ ശൈലി. ശത്രുവിന്റെ ദൗര്‍ബല്യങ്ങള്‍ ഗൃഹപാഠം ചെയ്‌താണ്‌ മൊസാദ്‌ ആക്ഷനുകള്‍ പ്ലാന്‍ ചെയ്യുന്നത്‌. തങ്ങള്‍ക്ക്‌ അനുചിതരായ ചില രാഷ്‌ട്രങ്ങളുടെ നേതാക്കളെ മൊസാദ്‌ വകവരുത്തിയത്‌ സ്‌ത്രീകളെ ഉപയോഗിച്ചായിരുന്നു. മൊസാദിന്റെ ആക്ഷനുകള്‍ പാളുന്നത്‌ അപൂര്‍വ്വമായാണ്‌. മ്യൂണിക്‌ ഒളിമ്പിക്‌സില്‍ ഇസ്രായേലി അത്‌ലറ്റുകളെ വെടിവെച്ചുകൊന്ന പ്രതികളെ മൊസാദിന്റെ സഹായത്തോടെ ഇസ്രയേല്‍ കൈകാര്യം ചെയ്‌തത്‌ ഉദാഹരണമാണ്‌.
കഠിനമായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി എന്ത്‌ ത്യാഗവും സഹിക്കാന്‍ സന്നദ്ധതയുള്ളവര്‍ക്ക്‌ മാത്രമേ മൊസാദില്‍ അംഗത്വം ലഭിക്കൂ. തങ്ങളുടെ കൂറ്‌ തെളിയിക്കാന്‍ കഠിനമായ ഓപ്പറേഷനുകള്‍ നടത്താന്‍ മൊസാദിന്റെ അധികൃതര്‍ അംഗങ്ങളെ പ്രേരിപ്പിക്കാറുണ്ട്‌. സാങ്കേതികത കൊണ്ടും സമ്പന്നതകൊണ്ടും ലോകത്ത്‌ ഒന്നാം കിടയാണ്‌ മൊസാദ്‌. നശീകരണ ആയുധങ്ങള്‍ നിര്‍മ്മിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന ഇസ്രായേല്‍ എന്ന ഭീകര രാഷ്‌ട്രത്തിന്റെ പരിപൂര്‍ണ്ണ പിന്തുണയും അമേരിക്കയുടെ ആശീര്‍വാദവുമാണ്‌ മൊസാദിന്റെ പിന്‍ബലം. ലോകത്തെ മറ്റു രാഷ്‌ട്രങ്ങളുടെ ചാരസംഘടനകളില്‍ നുഴഞ്ഞുകയറി തങ്ങളുടെ അംഗങ്ങളെ വിന്യസിക്കാന്‍ വരെ മൊസാദിന്‌ കഴിഞ്ഞിട്ടുണ്ട്‌. കൃത്യമായ ലക്ഷ്യവും മികവുറ്റ പ്ലാനിംഗും അതീവ രഹസ്യമുള്ള ആക്ഷനുകളുമാണ്‌ മൊസാദ്‌ ലക്ഷ്യപ്രാപ്‌തിക്കുവേണ്ടി തിരഞ്ഞെടുക്കുന്നത്‌.
എന്നാല്‍ ഇത്രയും സാങ്കേതികത്വമുള്ള മൊസാദിന്റെ കൊടുംചെയ്‌തികള്‍ ലോകത്തിന്റെ മുന്നില്‍ അനാവൃതമാവുന്ന കാഴ്‌ചയാണ്‌ മബ്‌ഹൂഹിന്റെ കൊലയിലൂടെ ലോകം കണ്ടത്‌. തങ്ങള്‍ക്കിഷ്‌ടമില്ലാത്തവരെ കൊന്നു തള്ളുകയും കുറ്റം കൊല്ലപ്പെട്ടവന്റെ ശത്രുവിന്റെ തലയിലിട്ട്‌ കടന്നു കളയുകയും ചെയ്യുകയെന്ന തന്ത്രം പയറ്റുന്ന മൊസാദിന്‌ ദുബൈയില്‍ പൊല്ലാപ്പായത്‌ രഹസ്യക്യാമറക്കണ്ണുകളാണ്‌. ഈ സത്യം വെളിച്ചത്തുവന്നില്ലായിരുന്നുവെങ്കില്‍ ഹമാസിന്റെ എതിരാളികളായ ഫത്‌ഹിന്റെ ചുമലിന്റെ ഈ പാപത്തിന്റെ ഭാണ്‌ഡം ഇറക്കിവെക്കാന്‍ ഇസ്രയേല്‍ തുനിയുമായിരുന്നു. അതോടൊപ്പം ഗള്‍ഫ്‌ രാഷ്‌ട്രങ്ങള്‍ സുരക്ഷിതമല്ല എന്ന ധ്വനി സൃഷ്‌ടിച്ച്‌ നൂറിലേറെ രാഷ്‌ട്രങ്ങളിലെ ജനങ്ങള്‍ അധിജീവനം നടത്തുന്ന ദുബൈ നഗരത്തിനുമേല്‍ കരിനിയല്‍ വീഴ്‌ത്താനും ഈ കുബുദ്ധികള്‍ക്ക്‌ സാധിക്കുമായിരുന്നു. ദുബൈ പോലീസ്‌ അധികരികളുടെ സന്ദര്‍ഭോചിതമായ ഇടപെടലാണ്‌ ഇത്തരമൊരു സാധ്യത ഇല്ലാതാക്കിയത്‌.
ഫലസ്‌തീനികളുടെ നെടുവീര്‍പ്പുകളെ ബുള്ളറ്റുകള്‍കൊണ്ട്‌ അമര്‍ച്ച ചെയ്യുന്ന ഇസ്രയേല്‍ എന്ന ഭീകര രാഷ്‌ട്രം തങ്ങള്‍ക്ക്‌ നിലനില്‍ക്കാനുള്ള ധനം കണ്ടെത്തുന്നത്‌ ആയുധ വ്യാപാരത്തിലൂടെയാണ്‌. ഇന്ത്യയടക്കമുള്ള രാജ്യങ്ങളാണ്‌ ഇവരുടെ ഉപഭോക്തൃലിസിറ്റിലുള്ളത്‌. വളരെ തന്ത്രപരമായി തങ്ങളുടെ ആയുധം വിറ്റയിക്കാന്‍ ഇസ്രായേലിനറിയാം. അതിനുവേണ്ടി രാഷ്‌ട്രങ്ങള്‍ക്കിടയില്‍ അസ്വാരശ്യങ്ങളുണ്ടാക്കാന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇത്തരം കെണിയില്‍ അപപ്പെടാതിരിക്കാന്‍ ഇന്ത്യയുടെ ഭരണനേതൃത്വം ഉണ്ണര്‍ന്നിരിക്കണം. മനുഷ്യ രക്തംകൊണ്ട്‌ ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുന്ന ഇസ്രായേലുമായുള്ള ചങ്ങാത്തം അവസാനിപ്പിക്കുകയും വേണം.

No comments: