Wednesday, April 22, 2009

മഷിയടയാളം

ഇലക്ഷന്‍വിജയത്തിന്റെ ആരവം കവലയില്‍ നിന്നും കേട്ടമാത്രയില്‍ ഞാന്‍ കാലുകള്‍ നീട്ടി വലിച്ചുനടന്നു. ഞാന്‍ സ്‌നേഹിക്കുന്ന പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി വിജയിച്ചതിലുള്ള ആഹ്ലാദം എന്റെ ഹൃദയത്തില്‍ തുടിക്കുന്നുണ്ട്‌. വോട്ടഭ്യര്‍ത്ഥിച്ച്‌ സ്ഥാനാര്‍ത്ഥി വീട്ടിലെത്തിയതും എന്റെ കൈപിടിച്ച്‌ നെഞ്ചോട്‌ ചേര്‍ത്ത്‌ എല്ലാം ശരിയാക്കിത്തരാം എന്ന്‌ പറഞ്ഞതും മനസ്സിലൂടെ കടന്നുപോയി. ഇദ്ധേഹം തന്നെ ജയിച്ചത്‌ എന്റെ സുകൃതം.. എന്റെ പ്രശ്‌നങ്ങള്‍ക്ക്‌ പരാഹാരമാകാന്‍ പോകുന്നു.
ഞാന്‍ വേഗം സ്ഥാനാര്‍ത്ഥിയുടെ സ്വീകരണ സ്ഥലത്തെത്തി. പൂമാല കഴുത്തിലിട്ട്‌ സ്റ്റേജിലിരിക്കുന്ന അദ്ധേഹത്തിന്‌ ഹൃദ്യമായ പുഞ്ചിരി സമ്മാനിച്ചു.
എന്തേ.. അദ്ദേഹം കണ്ടില്ലേ.. ഞാന്‍ കൂടുതല്‍ വ്യക്തതയോടെ ചിരിയുണ്ടാക്കി പ്രതീക്ഷയോടെ നിന്നു. പ്രതിഫലനമില്ല.. കണ്ടില്ലായിരിക്കാം..
ഏതായാലും ഞാന്‍ കാത്തുനിന്നു. അദ്ദേഹം സ്വീകരണം കഴിഞ്ഞ്‌ മടങ്ങിപ്പോകുമ്പോള്‍ എന്റെ കാര്യം ഒന്നുകൂടി ഓര്‍മ്മപ്പെടുത്താമല്ലോ.. സംഘാടകരുടെ പുകഴ്‌ത്തലും സ്ഥാനാര്‍ത്ഥിയുടെ നന്ദി പ്രസംഗവും കഴിഞ്ഞപ്പോഴേക്ക്‌ രണ്ടര മണിക്കൂര്‍ കടന്നുപോയിരുന്നു.
ഇതാ..
അദ്ദേഹം പരിപാടി അവസാനിപ്പിച്ച്‌ വേദിയില്‍ നിന്നിറങ്ങുന്നു.
ഞാന്‍ വഴിയരികില്‍ അക്ഷമയോടെ കാത്തു നിന്നു.
ഇപ്പോള്‍ അദ്ദേഹം എന്റെ അടുത്തെത്തും.
എന്റെ മനസ്സ്‌ പിടച്ചു. എം.പി ഇതാ എന്റെ തൊട്ടടുത്ത്‌..
ഞാന്‍ ചിരിച്ചു.
അദ്ദേഹം കണ്ടഭാവമില്ല.
ഞാന്‍ വിളിച്ചു.. സാര്‍..
പക്ഷെ സംഘാടകര്‍ എന്നെ തള്ളിമാറ്റി എം.പിയെ കാറില്‍ കയറാന്‍ സഹായിച്ചു.
ഞാന്‍ നിശ്ചലനായി നിന്നു. തേങ്ങുന്ന മനസ്സോടെ ഞാന്‍ എന്റെ ഇടതുകയ്യിലെ ഇനിയും മായാത്ത മഷിയടയാളത്തെ നോക്കി.
എന്റെ മനസ്സില്‍ വീണ്ടും മുഴങ്ങി..
എല്ലാം ശരിയാവും...

1 comment:

റോഷ്|RosH said...

tollyമാഷേ, ജയിക്കും മുമ്പ് അദ്ദേഹം വെറുമൊരു സ്ഥാനാര്‍ത്തി മാത്രമായിരുന്നു.
ജയിച്ചു കഴിഞ്ഞാല്‍ എം പി ആണ് ... എം പി മാര്‍ക്ക് എന്തൊക്കെ തിരക്കുകലുണ്ടാവും, ഉത്തരവാദിത്തങ്ങലുണ്ടാവും... അതിനിടക്ക് വോട്ടു ചെയ്തവരുടെ കാര്യങ്ങളൊക്കെ അന്വേഷിക്കാന്‍ എവിടെ സമയം?