Thursday, February 17, 2011



ഭീകരത: 
പാറ്റന്റ് നഷ്ടപ്പെടുന്നോ..!?



മുസ്‌ലിംകളെല്ലാം ഭീകരരല്ല; എന്നാല്‍ എല്ലാ ഭീകരരും മുസ്‌ലിംകളാണ് എന്നാതായിരുന്നു ഇതുവരെയുള്ള കണ്ടുപിടുത്തം. എന്നാല്‍ കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്ജി അതിനൊരു തിരിത്തുകൊടുത്തിരിക്കുന്നു. എല്ലാ ഹിന്ദുക്കളും ഭീകരരല്ല, എന്നാല്‍ ഹിന്ദുക്കളിലും ഭീകരരുണ്ട് എന്നാണ് അദ്ധേഹത്തിന്റെ ഗവേഷണഫലം.  ആഗോളം മുതല്‍ കൊച്ചുകേരളം വരെ നീണ്ടുകിടന്നിരുന്ന ഭീകര സൃംഖലയിലേക്ക് ആരെയും പ്രവേശിപ്പിക്കാന്‍ നമ്മുടെ മാധ്യമ സാമ്രാട്ടുകള്‍ ഇതുവരെ അനുവദിച്ചിരുന്നില്ല. തലയെടുപ്പുള്ള ഭീകരരുടെ കൂട്ടത്തില്‍ എണ്ണപ്പെട്ടിരുന്നത് ഉസാമ ബിന്‍ലാദന്‍, മുല്ല ഉമര്‍, അസര്‍ മസൂദ്, അര്‍ലി അര്‍ത്താവ, സൈദ് അര്‍ദല്‍, അബൂതുലാ അഹ്മദ്, ലിദാന്‍ ഇസാമുദ്ദീന്‍ എന്നീ മുസ്‌ലിം അമ്പാസിഡര്‍മാരായിരുന്നു. ഇവര്‍ ഭീകരരംഗത്ത് കഴിവുതെളിയിച്ചവരായി വാഴ്ത്തപ്പെട്ടു. അഫ്ഘാനിസ്ഥാന്‍, സുഡാന്‍, ഇറാഖ്, ലബനാന്‍, ഫലസ്തീന്‍, ഈജിപ്റ്റ്, യമന്‍, സിറിയ, പാക്കിസ്ഥാന്‍, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ് തുടങ്ങിയ രാഷ്ട്രങ്ങളില്‍ ഭീകര വിതരണ ഹോള്‍സെയില്‍ ഔട്ട്‌ലെറ്റുകളുമായി ഇവര്‍ വിലസി നടന്നു. അല്‍ ക്വയ്ദ, ലഷ്‌കറെ ത്വയ്ബ, തഹ്‌രീഖെ താലിബാന്‍, ഹിസ്ബുല്‍ മുജാഹിദീന്‍, ഹര്‍ഖത്തുല്‍ ജിഹാദി, ജമാഇസ്‌ലാമിയ്യ:, ജയ്‌ഷെ മുഹമ്മദ്, അബൂസയ്യാഫ് എന്നീ സുന്ദര ബ്രാന്‍ഡുകളിലാണ് അവര്‍ ആഗോള തലത്തില്‍ ഭീകരത വിതരണം നടത്തിയത്.
ഇന്ത്യയിലെത്തുമ്പോള്‍ നേതൃത്വം നല്‍കാന്‍ ഒരു നേതാവിനെ കിട്ടാത്തതുകൊണ്ട് ഇന്ത്യന്‍ മുജാഹിദീന്‍, സിമി എന്നീ കമ്പനികളുടെ പേരുകളിലായിരുന്നു വിപണനം നടന്നിരുന്നത്. നമ്മുടെ കേരളത്തിലും തടിയന്റവിടെ നസീറും സര്‍ഫ്രാസ് അഹ്മദും മുസ്‌ലിം പക്ഷത്തിന് ഭീകരപട്ടം നഷ്ടപ്പെടാതെ കാത്തു. (എല്‍.ടി.ടിയും മവോയിസ്റ്റുകളും പീപ്പിള്‍സ് വാര്‍ഗ്രൂപ്പും നാഗാ തീവ്രവാദികളും ഖാലിസ്ഥാന്‍ വാദികളുമൊന്നും ഒരു മതത്തെയും പ്രതിനിധീകരിക്കാത്ത, തികച്ചും നിരീശ്വരവാദികളാണെന്നാണ് നിഗമനം). 
ആഗോള മാന്ദ്യത്തെ ഭയപ്പെടാതെ, നല്ലവിലക്കു കാശാക്കാമെന്ന്  മാധ്യമങ്ങള്‍ തെളിയിച്ചു കഴിഞ്ഞ ഭീകര വിപണിയിലേക്ക്് ഇപ്പോള്‍ ചിലര്‍കൂടി കണ്ണിചേര്‍ന്നുകൊണ്ടിരിക്കുകയാണ്. കര്‍ട്ടനുപിന്നില്‍ ഒളിച്ചു നടത്തിയിരുന്ന ഊ കച്ചവടം കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനത്തിലൂടെയാണ് ഔദ്യോഗികമായി അനാവൃതമായത്. ഒറ്റക്കും തെറ്റക്കും നടന്നുവന്നിരുന്ന ചില്ലറ സ്‌ഫോടനങ്ങളുടെ അടിവേര് തേടിചെന്നപ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മുസ്‌ലിം നാമധേയത്തില്‍ ഏറ്റെടുക്കപ്പെട്ട സ്‌ഫോടനങ്ങളുടെയെല്ലാം അവകാശം അവസാനം എത്തിച്ചേരുന്നത് ഒരേ ബിന്ദുവിലാണ്. 
കാവി ഭീകരര്‍.. കലാപവും അക്രമവും നരഹത്യകളും വളമാക്കി ഭാരതത്തിന്റെ മണ്ണില്‍ ത്രിശൂലമുറപ്പിച്ച സംഘം. നിരപരാധികളുടെ രക്തകൊണ്ട് പങ്കിലമാവാത്ത ഒരു ഏടും ഇതിന്റെ ചരിത്രത്തില്‍ ലഭ്യമല്ല. മുംബൈ, പൂനെ, ഭീവണ്ടി, ബഗല്‍പൂര്‍, ജഗല്‍പൂര്‍, മീററ്റ്, തലശ്ശേരി, കോയമ്പത്തൂര്‍, ഗുജറാത്ത് എന്നിവിടങ്ങളിലെ നിഷ്‌ക്കളങ്കരായ അനേകായിരങ്ങളുടെ കബന്ധങ്ങളുടെ മുകളില്‍ വളര്‍ന്നതാണ് ഈ പ്രസ്ഥാനം. ഭീതി വിതച്ച് ഭരണം കൊയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ട ഇവരുടെ തേരോട്ടത്തില്‍ ചവിട്ടി അരക്കപ്പെട്ടത് ഇന്ത്യന്‍ മുസ്‌ലിമിന്റെ ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ്. ഇന്ത്യയുടെ രാഷ്ട്ര പിതാവ് മഹാത്മജിയെ തോക്കിനിരയാക്കുകയും നൂറ്റാണ്ടുകളോളം മുസ്‌ലിം സുജൂദ് ചെയ്ത ബാബരി മസ്ദിന്റെ തഴികക്കുടങ്ങള്‍ തട്ടിനിരത്തിയതും ഇവര്‍ വിപ്ലവമായി കാണുന്നു. തങ്ങള്‍ വിഭാവനം ചെയ്യുന്ന ഹിന്ദുരാഷ്ട്രത്തിന്റെ സൃഷ്ടിക്കുവേണ്ടി എന്ത് നീചമാര്‍ഗ്ഗം സ്വീകരിക്കാനും മടിയില്ല. മഹാത്മജിയുടെ വധത്തെ തുടര്‍ന്നും ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തിരാവസ്ഥകാലത്തും നിരോധിക്കപ്പെട്ടെങ്കിലും പരിക്കുകളേല്‍ക്കാതെ ഇപ്പോഴും ഇവര്‍ ഭാരത മതേതരത്വത്തിനു നേരെ കാവാത്ത് നടത്തിക്കൊണ്ടിരിക്കുന്നു. 
ഇന്ത്യമഹാരാജ്യത്തിന്റെ ഏറ്റവും വലിയ ഭീഷണി ഉയര്‍ത്തുന്നത് ഈ ഭീകരരില്‍ നിന്നാണെന്ന് പറയുന്നുത് ചില്ലറക്കാരൊന്നുമല്ല, ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയായി കോണ്‍ഗ്രസ് കാണുന്ന സാക്ഷാല്‍ രാഹുല്‍ ഗാന്ധി, രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാവ് ദിഗ്‌വിജയ് സിംഗ്, പ്രണബ് മുഖര്‍ജി, പളനിയപ്പന്‍ ചിദംബരം ചെട്ട്യാര്‍ എന്നിങ്ങനെ നിലയും വിലയും ഉള്ള, അനേക കാലമായി ഭാരത്തിന്റെ സ്പന്ദനങ്ങള്‍ അനുഭവിച്ചറിയുന്നവര്‍. ഭീകര പ്രവര്‍ത്തനത്തില്‍ ആര്‍.എസ്.എസിന്റെ പങ്കും അന്വേഷിക്കണമെന്നാണ് ന്യൂഡല്‍ഹിയില്‍ സമാപിച്ച കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പ്രമേയം പാസാക്കിയത്. 
സയണിഷത്തിന്റെ വിഷപ്പുല്ലുകള്‍ വിളയുന്ന ഇസ്രയേലുമായാണ് കാവി നേതാക്കള്‍ കൂടുതല്‍ ബന്ധമുള്ളത്. ഇടക്കിടെ ഇവര്‍ ഇസ്രായേലിലേക്ക് യാത്ര നടത്തുന്നത് കാണാതിരുന്നുകൂടാ. വംശ ശുദ്ധീകരണത്തിന്റെ വിപല്‍ക്കരമായ പ്രത്യശാസ്ത്രം പേറുന്നവര്‍, ആഗോള തലത്തില്‍ മുസ്‌ലിംകളെ പ്രതിരോധിക്കാന്‍ ക്വട്ടേഷന്‍ ഏല്‍പ്പിക്കപ്പെട്ടേക്കാം. തത്ഫലമായി ദുരന്തപര്യയമായ ഒരു അവസ്ഥാവിശേഷത്തിലേക്കായിരിക്കും നമ്മുടെ രാജ്യം എടുത്തെറിയപ്പെടുക. വളര്‍ന്നു വരുന്ന വന്‍ ശക്തിയായ ഇന്ത്യാമഹാരാജ്യത്തിന് തീരാശാപമായി മാറും ഈ ദ്രുവീകരണം. മതേതരത്വത്തെ അകാല ചരമത്തിന് കാരണമാകുകയും ചെയ്യും. രാഷ്ട്രത്തിന്റെ അഖണ്ഡതക്കു നേരെ കലാപം കൂട്ടുന്നവര്‍ ആരായാലും അടിച്ചമര്‍ത്തിയേ മതിയാവൂ. 
റമളാന്‍ മാസത്തില്‍ നോമ്പുതുറ സമയത്താണ് അജ്മീര്‍ ദര്‍ഗ ശരീഫിനടുത്ത് ബോംബുപൊട്ടുന്നത്. മൂന്ന് പേര്‍ മരിക്കുകയും പതിനഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ ഒരാള്‍ ആര്‍.എസ്.എസ് ക്യാമ്പില്‍ നിന്ന് സംഭാവന ചെയ്ത കോഴിക്കോട് ബാലുശ്ശേരി സ്വദേശി സുരേഷ് നായരാണ്. സ്‌ഫോടനങ്ങളുടെ അടിവേരുകള്‍ അന്വേഷിച്ചിറങ്ങിയാല്‍ സനാതന സംരക്ഷകരുടെ അടുക്കളകളില്‍ വരെ എത്തിച്ചേരുമെന്നാണ് ഈ മലയാളി സാന്നിധ്യം സൂചിപ്പിക്കുന്നത്. മുസ്‌ലിം ഭീകരതക്കെതിരെ അങ്കവാളെടുത്തവരാണ് ഇവരില്‍ പലരും. കേരളത്തിലെ മാധ്യമങ്ങളില്‍ വിഷം വമിപ്പിച്ച് ന്യൂനപക്ഷത്തിന്റെ ഉറക്കം കെടുത്തിയവരാണിവര്‍. 
അജ്മീര്‍ ദര്‍ഗ, മക്ക മസ്ജിദ്, മലേഗാവ്, സംഝോത എക്‌സ്പ്രസ്, താനെ, ഗോവ, കാണ്‍പൂര്‍, നന്ദേഡ്, ദല്‍ഹി മെഹ്‌റോളി ഇവിടുങ്ങളിലൊക്കെ നൂറുകണക്കിന് നിരപരാധികളായ മനുഷ്യര്‍ ചിന്നിച്ഛിതറിയിരിക്കുന്നു. ഈ സ്‌ഫോടനമൊക്കെ സംഭാവന ചെയ്തിരുന്ന ദുഷ്ട ശക്തികള്‍ ആരായിരുന്നെന്ന് തെളിവു സഹിതം പുറത്തുവന്നിരിക്കുകയാണ്. മുംബൈ ആക്രമണത്തിനിടയില്‍ ജീവന്‍വെടിയേണ്ടി വന്ന എ.ടി.എസ് തലവന്‍ കര്‍ക്കരെയുടെ ആകസ്മിക മരണം വരെ വിരല്‍ ചൂണ്ടുന്നത് കാവി ഭീകരരിലേക്കാണ്. ഇനിയും ഭീകരത അന്വേഷിച്ച്  പെടാപ്പാട് വേണമെന്നില്ല. 
പ്രമേയങ്ങളില്‍ക്കുപരിയായി നാടിന്റെ സാസ്ഥ്യം കെടുത്തുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള ആര്‍ജ്ജവം ഭരണ വര്‍ഗ്ഗത്തിനുണ്ടാകണം. ഭീകരതക്കെതിരെ ഉന്നമില്ലാതെ പ്രതികരിക്കുന്നതിന് പകരം ഭീകരതയുടെ ഉറവിടങ്ങള്‍ വളരാതിരിക്കാനുള്ള നടപടിയുണ്ടാവണം. ചെയ്യാത്ത ഭീകരതയുടെ പേരില്‍ വ്യാജ ഏറ്റമുട്ടലുകളിലൂടെ മരണമടയേണ്ടി വന്നവര്‍, ജയിലുകളില്‍ കൊടിയ പീഢനമേല്‍ക്കേണ്ടി വന്നവര്‍, സംശയത്തിന്റെ പേരില്‍ മാനഹാനി ഏല്‍ക്കേണ്ടിവന്നവര്‍ ഇവര്‍ക്കൊക്ക നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാകണം.
അതൊടൊപ്പം, ഭീകരതയോടെ സന്ധിയില്ലാ സമരം പ്രഖ്യാപിക്കുന്ന മുസ്‌ലിംകളുടെ സമീപനം മാതൃകയാക്കാന്‍ മുഖ്യധാരാ പാര്‍ട്ടികള്‍ മുന്നോട്ടുവരണം. പാര്‍ട്ടിക്കുള്ളില്‍ ഭീകരതയും തീവ്രവാദവും സംശയിക്കപ്പെടുന്ന സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരെ അംഗമാക്കാന്‍ പാടില്ല. അന്തിമയങ്ങിയാല്‍ കവാത്ത് നടത്തുന്നവര്‍ പകലില്‍ വിശ്രമ സ്ഥാനം കണ്ടെത്തുന്നത് മതേതര പാര്‍ട്ടികളിലാണ്. ഇത്തിക്കണ്ണി കണക്കെ അവര്‍ ആ പാര്‍ട്ടികളെ തങ്ങളുടെ അജണ്ടകള്‍ക്കുവേണ്ടി ഉപയോഗപ്പെടുത്തുന്നു. കൂടെ കിട്ടിയവരെ സംഘടനകളിലേക്ക് മാര്‍ഗം കൂട്ടുന്നു. നിശബ്ദ കൊലയാളികളായ നീരാളികളെ പിടിച്ചു പുറത്തെറിയാന്‍ മതേതര പാര്‍ട്ടികള്‍ സംന്നദ്ധമായാല്‍ മാത്രമേ മതേതരത്വം നിലനില്‍ക്കൂ. 

No comments: