Wednesday, February 23, 2011


മദ്യം: 
സാംസ്‌കാരികതക്കൊരു ചരമഗീതം

ആല്‍ക്കഹോള്‍ ചേര്‍ന്ന വസ്തുക്കളെയാണ് പൊതുവെ മദ്യം എന്ന് പറയുന്നത്. മദ്യത്തിലെ ചേരുവകളല്ല മത്തുപിടിപ്പിക്കുന്ന അതിന്റെ സ്വഭാവമാണ് ഈ പേരിന്നാധാരം. മനസിന്റെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുന്ന സൈക്കോ ആക്ടീവ് പദാര്‍ത്ഥമാണ് ആല്‍ക്കഹോള്‍. 9000 വര്‍ഷം മുമ്പ് ചൈനക്കാര്‍ നെല്ലും തേനും പഴങ്ങളുമൊക്കെ പുളിപ്പിച്ച് മദ്യമുണ്ടാക്കിയിരുന്നതായി ചരിത്രം പറയുന്നു. ലഹരി പൂക്കുന്ന തടവറയില്‍ തളച്ചിട്ട ആധുനിക മസ്തിഷ്‌കങ്ങള്‍ ചിന്തിക്കാന്‍ പോലും അനുവദിക്കാത്തവിധം തടവറയിലാക്കപ്പെട്ടിരിക്കുന്നു.  തലചായ്ക്കാന്‍ ഇടമില്ലാത്തവനും കുടിയനായി മാറുന്നു. തത്ഫലമായി ഒരു കുടുംബത്തിന്റെ ദുരന്തപര്യവസാനമാണ് സംഭവിക്കുന്നത്. 
മദ്യം സ്റ്റാറ്റസിന്റെ സിംബലായി മാറി. മദ്യരാജാക്കന്‍മാര്‍ വിലസുന്ന നാടായി കേരളം മാറിയിരിക്കുന്നു. മദ്യമാഫിയകളും രാഷ്ട്രീയക്കാരുമായുള്ള ബന്ധം ഇഴപിരിയാത്തതാണ്. രാഷ്ട്രീയക്കാരുടെ തണലില്ലാതെ മദ്യപ്രഭുക്കന്‍മാര്‍ക്ക് തടിച്ചുകൊഴുക്കാനാകില്ല. കേരള സര്‍ക്കാറിന്റെ കണക്കു പ്രകാരം മദ്യത്തിന്റെ ഉപയോഗം ഓരോ വര്‍ഷവും 18% വര്‍ധിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ വളര്‍ച്ച കൈവരിക്കുന്ന ഒരു വ്യവശായ മേഖല കൂടിയാണത്ര ഇത്. നികുതി നൂറും ഇരുനൂറും ശതമാനത്തിന് മുകളിലാകുന്നതൊന്നും പ്രശ്‌നമല്ല. മുന്‍ കാലങ്ങളില്‍ മലയാളിയുടെ പുലരി പിറന്നിരുന്നത് പൂക്കളുടെ സുഗന്ധവും കിളികളുടെ കൂജനവും കൊണ്ടായിരുന്നെങ്കില്‍,  ഇന്ന് പുലര്‍ക്കാല പുലരിയുടെ ഗന്ധം റമ്മിനും വോഡ്ക്കക്കും വഴിമാറിയിരിക്കുന്നു. സയാഹ്ന സേവയുടെ വിമ്മിട്ടം മാറാതെ മന്ദതയോടെ പ്രഭാതം പുല്‍കിയവര്‍ സൂര്യന്റെ കിരണമേല്‍ക്കുന്നത് വിറക്കുന്ന കരങ്ങളോടെയും ഉറക്കാത്ത പാദങ്ങളോടെയുമാണ്. ഇന്നലെ മറഞ്ഞ രാത്രിയിലെ ജീവിതം സ്‌നേഹവും ആര്‍ദ്രദയുമില്ലാതെ മറഞ്ഞുപോയിരിക്കുന്നു. ആലസ്യത്തിന്റെ കരുത്തില്‍ ഒരു പുതു തലമുറക്കുപോലും അറിയാതെ ഹേതുകമായിരിക്കുന്നു. വരാനിരിക്കുന്ന ജന്മങ്ങള്‍ മദ്യലരിയുടെ നിര്‍വികാരതയില്‍ ജന്മമെടുക്കുന്നു. പുഷ്‌കലമായിരുന്ന സാംസ്‌കാരികതയുടെ ഇന്നലെകള്‍ക്ക് കണ്ണീര്‍ തുള്ളികള്‍. 
സമൂഹവും രാഷ്ട്രവും പിറക്കേണ്ട വിദ്യാലയങ്ങള്‍ മദ്യാലയങ്ങളായി മാറുന്നു. സ്വപ്നം മുളക്കേണ്ട പ്രായം മസ്തിഷ്‌ക്കത്തിന്റെ ആധിക്ക് പൂരണം തേടി അലയുന്നു. ക്ലാസില്‍ നിന്ന് കേട്ടു പഠിക്കുന്ന വിപ്ലവത്തിന്റെ ചരിത്ര പാഠങ്ങള്‍ അന്തരീക്ഷത്തില്‍ തട്ടി ഉടഞ്ഞുപോകുന്നു. പിടിച്ചെടുക്കേണ്ട കര്‍ണ്ണങ്ങളും തലച്ചോറുകളും മയക്കത്തിലാണ്. വിപ്ലവം ആര്‍ജ്ജിച്ചെടുക്കാന്‍ ഉരുവിട്ടു പഠിക്കുന്നതിനു പകരം നമ്മുടെ ഭാവി പ്രതീക്ഷകള്‍ അരണ്ട വെളിച്ചത്തില്‍ അകത്താക്കുന്ന തിരക്കിലാണ്. അടിച്ചുപൊളിയുടെ പ്രത്യശാസ്ത്രത്തില്‍ നാളെകള്‍ക്ക് സ്ഥാനമില്ല. അല്‍പം അകത്താക്കാന്‍ വഴി തെളിഞ്ഞില്ലെങ്കില്‍ കഠാര എടുക്കാന്‍ മടിയില്ല. മദ്യവും മയക്കുമരുന്നും ലൈംഗികതയും ഫാഷനായപ്പോള്‍ ഇന്ന് നമ്മുടെ കാമ്പസുകള്‍ ബാക്കിയാക്കുന്നത് പിണ്ഡങ്ങളാണ്. ബിയര്‍ മദ്യമല്ലെന്ന ഒരു തെറ്റിദ്ധാരണ കൂടി പലര്‍ക്കിടയിലും നിലനില്‍ക്കുന്നുയ യഥാര്‍ത്ഥത്തില്‍ മൂന്ന് മുതല്‍ മുപ്പത് ശതമാനം വരെ ആല്‍ക്കഹോള്‍ ബിയറില്‍ അടങ്ങിയിരിക്കുന്നു. കുടിപഠിക്കുന്നവര്‍ കൂടുതലും ഹരിശ്രീ കുറിക്കുന്നത് ബിയറിലൂടെയാണ്. ചില രോഗത്തിന് മരുന്നാണെന്ന് പോലും ഈ വിഷത്തെ കുറിച്ച് തെറ്റിദ്ധരിച്ചവരുണ്ട്. 
രാഷ്ട്രീയം, മതം എന്ന് വേണ്ട ഏത് വിഷയത്തിനും ചൂടേറിയ ചര്‍ച്ചകളിലൂടെ നിലപാടുകള്‍ ഉരുത്തിരിഞ്ഞിരുന്ന അങ്ങാടികള്‍ ശുഷ്‌കമായ സയനത്തിലാണ്. നാടറിഞ്ഞ നായകര്‍ വളര്‍ന്നു വന്ന നാട്ടിന്‍ പുറ കസേരകളും ആളൊഴിഞ്ഞിരിക്കുന്നു. അന്യമായ ഉന്മത്ത കേന്ദ്രങ്ങളിലൊഴികെ ആള്‍ക്കൂട്ടമില്ല. എല്ലാവരും നാളെ വാങ്ങാനിരിക്കുന്ന വിഭവങ്ങളുടെ പരസ്യം കാണാന്‍ ചാനലിനു മുമ്പില്‍ വായ്തുറന്നിരിപ്പാണ്. സാമ്രാജ്യത്വം വെച്ചുവിളമ്പുന്ന വിഭവങ്ങള്‍ തിന്നുമുടിച്ച് ഏമ്പക്കമിടുന്നു. അയല്‍പക്കത്തെ മണ്ണില്‍ പിറന്ന വിളകള്‍ക്ക് തൊട്ടുകൂടയ്ക. കാരണം സ്റ്റാന്‍ഡേര്‍ഡ് കുറവ്. കിടപ്പാടം വിറ്റിട്ടും ബാങ്ക് ലോണ്‍ അടച്ചുതീര്‍ക്കാനാകാതെ പരലോകം പുല്‍കിയ കര്‍ഷക ശ്രേഷ്ടരെ സമൂഹിക ഘടനയില്‍ ഉള്‍പ്പെടുത്തപ്പെട്ടിട്ടില്ല..! ആഗോള വത്ക്കരണത്തിന്റെ അപകടങ്ങള്‍ക്കപ്പുറം മദ്യശാലകളുടെ കവാടങ്ങളാണ് ഈ അശ്പൃശ്യത സൃഷ്ടിച്ചത്. ഉപേക്ഷിക്കപ്പെട്ട ചവറുകൂനകളില്‍ കടിപിടികൂടുന്ന ശുനക സമ്ര്യാജ്യവും സായൂജ്യത്തിന്റെ സമര്‍പ്പണത്തില്‍ കാലിയായ കുപ്പികളും അങ്ങാടിയില്‍ ബാക്കിയായിരിക്കുന്നു. നാടേ കേഴുക.. ഇത് ദൈവത്തിന്റെ സ്വന്തം നാട്..! 
ലോക ജനസംഖ്യയില്‍ ആറിലൊന്നുള്ള, നൂറ്റിപ്പതിനഞ്ചുകോടി മനുഷ്യര്‍ വസിക്കുന്ന ഇന്ത്യയില്‍ ആളോഹരി മദ്യഉപഭോഗം 2 ലിറ്ററാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. പഞ്ചാബ്, ഗോവ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലാണ് മദ്യപാനികള്‍ ഏറ്റവും കൂടുതലുള്ളത്. ആസാം, അരുണാചല്‍ പ്രദേശ്, സിക്കിം, ഒറീസ എന്നീ സംസ്ഥാനങ്ങളിലെ സ്ത്രീകള്‍ക്കിടയിലും മദ്യത്തിന്റെ ഉപയോഗം വര്‍ദ്ധിച്ച തോതില്‍ കാണപ്പെടുന്നു. ഇന്ത്യയിലെ മദ്യഉത്പാദനത്തിന്റെ തോത് കാണുക. 1992-93 കാലഘട്ടത്തില്‍ 887.2 ദശലക്ഷം ലിറ്റര്‍ മദ്യമാണ് ഉദ്പാദിപ്പിക്കപ്പെട്ടത്. എന്നാല്‍ 1999-2000 വര്‍ഷത്തിലിത് 1654 ദശലക്ഷം ലിറ്ററും 2007-2008 വര്‍ഷത്തില്‍ 2300 ദശലക്ഷം ലിറ്ററും ആയിരിക്കുന്നു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ ആകെ മദ്യഉദ്പാദനത്തിന്റെ 65% സംഭാവന ചെയ്യുന്നത് ഇന്ത്യയാണത്രെ.
കേരളത്തിലേക്ക് വരുമ്പോള്‍ മദ്യപാന റെക്കോഡുകള്‍ക്ക് കൂടുതല്‍ തിളക്കമാണ്. 2001-2002 വര്‍ഷത്തില്‍ 2.04 ലിറ്ററായിരുന്നു മലയാളിയുടെ ആളോഹരി മദ്യോപഭോഗം. എന്നാല്‍ ഇപ്പോഴത് 11 ലിറ്ററായി വര്‍ദ്ധിച്ചിരിക്കുന്നു. ഈ കഴിഞ്ഞ നാലര വര്‍ഷംകൊണ്ട് ബീവറേജസ് കോര്‍പറേഷന്‍ ഇരുപതിനായിരം കോടിരൂപയുടെ മദ്യമാണ് വിറ്റയിച്ചിരിക്കുന്നത്. 2006 മുതല്‍ 2010 ജൂലൈ വരെയുള്ള കാലയളവില്‍ 19,07,501 കോടി രൂപയുടെ മദ്യം മലയാളികള്‍ അകത്താക്കി. അരിക്കു വേണ്ടി ഉപയോഗിച്ചതിലും കൂടുതലാണ് ഈ സംഖ്യ. മദ്യ വ്യവസായത്തിലൂടെ കഴിഞ്ഞ സര്‍ക്കാറിനേക്കാള്‍ 6500 കോടി രൂപ അധിക വരുമാനം നേടാന്‍ ഈ സര്‍ക്കാറിനായിട്ടുണ്ടത്രെ.. ഗംഭീര വികസനം.. വിദേശമദ്യമെന്നറിയപ്പെടുന്ന ഇന്ത്യന്‍ മദ്യം വിറ്റയിക്കാനുള്ള കുത്തക കേരള സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ബീവറേജസ് കോര്‍പറേഷനാണ്. 1984 മുതല്‍ 2006 വരെ 13,722 കോടിയുടെ മദ്യവില്‍പ്പന നടത്തിയ കോര്‍പറേഷന്, 2006 മുതല്‍ 2010 വരെ 14,992 കോടിയുടെ മദ്യം വില്‍ക്കാനായി. ഉത്സവ കാലത്താണ് മദ്യവില്‍പ്പന കുത്തനെ ഉയരുന്നത്. 2009  ലെ ഓണക്കാലത്ത് വിറ്റത് 132.3 കോടി രൂപയുടെ മദ്യമാണെങ്കില്‍ 2010 ലേത് 155.16 കോടി രൂപയുടേതാണ്. ഇതൊക്കെ ഔദ്യോഗിക കണക്കുകളാണ്. ആളറിയാതെ വ്യാജനും നാടനുമായി മോന്തുന്നതൊന്നും ഈ കണക്കിന്റെ പരിതിയില്‍ വരുന്നില്ല. 

പിടിവിട്ടുപോകുന്ന മലയാളിയുടെ ഈ മദ്യസംസ്‌കാരം നാടിന്റെ സ്വാസ്ഥ്യം കെടുത്തിക്കൊണ്ടിരിക്കുകയാണ്. ആര്‍ക്കും എപ്പോഴാണ് അക്രമിക്കപ്പെടുക എന്നറിയില്ല. മദ്യരാക്ഷസന്റെ കടാക്ഷ മേറ്റവര്‍ നാട്ടിലിറങ്ങി നടപ്പാണ്. എല്ലാ അക്രമങ്ങളിലും കലാപങ്ങളിലും നശീകരണാത്മക പ്രവര്‍ത്തനങ്ങളിലും ലഹരി സേവകര്‍ക്ക് അര്‍ഹിച്ച പ്രാതിനിധ്യമുണ്ട്. അതിലുപരി ഇവര്‍ സംഭാവന ചെയ്യുന്ന റോഡപകടങ്ങളും മറ്റു വ്യാജമദ്യ ദുരന്തങ്ങളും.. പൗരന്റെ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ ചെലുത്തുന്ന ഒരു സര്‍ക്കാറിന് മദ്യം നിരോധിക്കാതിരിക്കാനാകില്ല. മദ്യം നിരോധിക്കാനുള്ള സമരത്തില്‍ നിരവധി മത, സാംസ്‌കാരിക, രാഷ്ട്രീയ സംഘടനകള്‍ മുന്നോട്ടു വന്നിട്ടുണ്ട്. ഇവരുടെ നിരന്തരമായ ബോധവത്കരണത്തിലൂടെ പുതിയ കുടിയന്‍മാരുടെ രംഗപ്രവേശം കുറയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. നിലിവിലുള്ള കുടിയന്‍മാര്‍ സേവ പരിമിതപ്പെടുത്തി വരണം. ഇങ്ങനെ ഒരു പതിറ്റാണ്ടുകൊണ്ടെങ്കിലും സര്‍വ്വ പൈശാചികതയുടെ താല്ലോല്‍ നമ്മുടെ നാട്ടില്‍ നിന്നും അപ്രത്യക്ഷമായെങ്കില്‍.. എല്ലാം കാണുന്ന സര്‍ക്കാര്‍ ഇനിയും വൈകാതെ കണ്ണ് തുറക്കുമെന്ന് പ്രതീക്ഷിക്കാം.. ഇല്ലെങ്കില്‍..!!!

No comments: